തിരുവനന്തപുരം: സോഷ്യൽ മീഡിയക്ക് ആവോളം പരിഹസിക്കാനുള്ള വക ഇട്ടു കൊടുത്താണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. രണ്ടുമാസത്തിനകം തെരഞ്ഞെടുപ്പു വരുമെന്നിരിക്കെ ഒന്നും ചെയ്യാനാകില്ലെന്ന് അറിയാമെങ്കിലും സ്വപ്‌നം കാണാൻ മാത്രം കഴിയുന്ന ഒരു ബജറ്റ് അവതരിപ്പിച്ചതിനെ കണക്കിനു കളിയാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ.

''കേരള സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി തേനും പാലും ചൊരിയുകയാണ് സുഹൃത്തുക്കളേ ചൊരിയുകയാണ് ...ഈ 'വൻ ചെയ്ത്തിന്' വരാൻ പോകുന്ന ഇലക്ഷനുമായി യാതൊരു ബന്ധവുമില്ല സുഹൃത്തുക്കളേ യാതൊരു ബന്ധവുമില്ല...'' എന്നു സൈബർ ലോകം ഓർമിപ്പിക്കുന്നുണ്ട്.

മരിക്കാൻ പോകും മുമ്പ് വിൽപ്പത്രമെഴുതിയ വല്യപ്പനോടും ഉമ്മൻ ചാണ്ടിയുടെ ബജറ്റിനെ സോഷ്യൽ മീഡിയ ഉപമിക്കുന്നു. മൂന്നു മക്കൾക്കായി സ്വത്തുക്കൾ പങ്കുവച്ച വല്യപ്പൻ ചിന്താനിമഗ്നനായി ഇരിക്കുന്നതു കണ്ടു ചോദിച്ച വക്കീലിനോടുള്ള മറുപടി ഇങ്ങനെ: ''ഈ പറഞ്ഞ സ്വത്തും മൊതലുമൊക്കെ ഞാനീപ്രായത്തിൽ എവിടുന്നുണ്ടാക്കും എന്നാലോചിക്കുവാരുന്നു.''

'ഈ കാലവധി തീരായ സമയത്ത് ഇനി എന്തൊക്കെ ചെയ്താലും ഈ കാട്ടികൂട്ടിയ തെമ്മാടിത്തരമൊക്കെ മറന്നിട്ട് വോട്ടു തരാൻ പറ്റില്ലാന്നു പറയാൻ പറഞ്ഞു'വെന്നും സൈബർ ലോകം വ്യക്തമാക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടി സരിതക്ക് കൊടുത്ത അതേ വാഗ്ദാനങ്ങൾ ബജറ്റ് പ്രഖ്യാപനങളായി നിയമസഭയിലുമെന്നാണു മറ്റൊരു കമന്റ്. ''ഒന്നും നടക്കില്ല... ഇതൊക്കെ വെറും പ്രഖ്യാപനമായി തുടരും....ഇത് ഉമ്മൻ ചാണ്ടിയുടെ വെറും തരികിട ബജറ്റ്.....ഒരിക്കലും സത്യം പറയാത്ത മുഖ്യമന്ത്രി തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ വീമ്പ് പറച്ചിൽ മാത്രമായി ബജറ്റ് പ്രഖ്യാപനം അധ:പതിച്ചു...ഇക്കാലമെത്രയും ഒന്നും ചെയ്യാത്ത സർക്കാർ ജനങളെ പറ്റിക്കാനുള്ള പ്രകടനപത്രിയായി ബജറ്റി പ്രഖ്യാപനത്തെ തരം താഴ്‌ത്തി....കേരളത്തെ അതിവേഗം ബഹുദൂരം പിന്നോട്ടടിപ്പിച്ച സർക്കാറിന്റെ വീമ്പുപറച്ചിൽ ജനങൾ പുച്ഛത്തോടെ തള്ളിക്കളയും......'' -സോഷ്യൽ മീഡിയ മുന്നറിയിപ്പ് നൽകുന്നു.