തിരുവനന്തപുരം: ചാനൽ അവതാരകനും ചലച്ചിത്ര താരവുമായ സാബുവിന്റെ പരാമർശത്തെ തുടർന്ന് വീട്ടമ്മ നിയമനടപടിയുമായി മുന്നോട്ട്. അതിനിടെ, സാബുവിന്റെ നിലപാടിനെ വിമർശിച്ച മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെയും സാബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

കലാഭവൻ മണിയുടെ മരണത്തിന്റെ പേരിലാണു തരികിട എന്ന ചാനൽ ഷോയുടെ അവതാരകനായിരുന്ന സാബു വിവാദത്തിലായത്. പാടിയിൽ മണിക്കൊപ്പമുണ്ടായിരുന്നവരിൽ സാബുവും ഉൾപ്പെട്ടിരുന്നു. സാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.

ഇതിനു പിന്നാലെ കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പാടിയിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി രാമകൃഷ്ണനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചാനൽ ചർച്ചകളിൽ ഇക്കാര്യം ആഘോഷമാക്കുകയും ചെയ്തു.

രാമകൃഷ്ണനെ തന്തക്കു വിളിച്ചപ്പോഴും നിമ്മിയെ മോശമായി പറഞ്ഞപ്പോഴും ഞാൻ ആ ദേഷ്യത്തിൽ ആണ് ഇവൻ ആരാണ് ഇങ്ങനെയൊക്കെ പറയാൻ എന്നു പോസ്റ്റിട്ടത് എന്നു സാബുവിന്റെ അധിക്ഷേപത്തിന് ഇരയായ വീട്ടമ്മ പറയുന്നു. 'കേസ് സിബിഐ അന്വേഷിക്കണം എന്ന് മണിയുടെആരാധിക എന്ന നിലയിൽ അതിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ സാബുമോൻ പോസ്റ്റിൽ വന്ന് അവിടെ കമന്റ് ഇട്ട സ്ത്രീകളെ എല്ലാവരെയും അപമാനിച്ചു. എന്നിട്ട് സ്‌ക്രീൻ ഷോട്ട് ഒക്കെയിട്ടു മിക്കവാറും അവിടെ ഞങ്ങളെ തെറി പറയാറുണ്ടായിരുന്നു. എങ്കിലും അതൊക്കെ വിട്ടതാണ്. പക്ഷെ എന്റെ ഫോട്ടോ ഇട്ടു വേശ്യ എന്നൊക്കെ വിളിച്ചതാണ് വിഷമം ആയത്. ഇന്നേവരെ ഡൽഹിയിൽ പോയിട്ടില്ലാത്ത എന്നെ ഡൽഹിയിൽ അത്തരത്തിലുള്ള ഒരു സ്ത്രീയെന്ന നിലയിൽ അധിക്ഷേപിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്നതിനാലാണു തെറി വിളിക്കുന്നതെന്നു വ്യക്തമായി കമന്റിൽ ഉണ്ടായിരുന്നു'- വീട്ടമ്മ പറയുന്നു.

സംഭവം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു മറുനാടൻ എഡിറ്റർക്കെതിരെയും അധിക്ഷേപവുമായി സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.


തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെയൊക്കെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അധിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകയാണ് സാബു. അടുത്തിടെ തന്നെ വിമർശിക്കുന്നവരെയൊക്കെ തെറിപറഞ്ഞ് ഓടിക്കുന്നതാണ് സാബുവിന്റെ ശൈലിയെന്ന വിമർശനത്തെ സാധൂകരിക്കുന്നതാണു പുതിയ പോസ്റ്റ്. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയ സാബു അതിനുശേഷമാണ് ഒരു വീട്ടമ്മയെ അധിക്ഷേപിച്ചു രംഗത്തെത്തിയത്.

'ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു (തുടർന്ന് ഒരു അസഭ്യവാക്ക്) ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തിൽ എനിക്ക് പങ്കുണ്ട് എന്ന് പറഞ്ഞ ഒരു സങ്കി (സംഘപരിവാർ പ്രവർത്തകരെ സൈബർ ലോകത്ത് ചിലർ അഭിസംബോധന ചെയ്യുന്ന വാക്ക്), അവളൊക്കെ ചത്തോ എന്തോ' എന്നാണ് സാബുവിന്റെ പോസ്റ്റ്. മണിയുടെ മരണത്തിൽ സാബുവിന് പങ്കുള്ളതായി ഈ സ്ത്രീ ആരോപിച്ചതായാണ് സാബു പറയുന്നത്. പോസ്റ്റിനൊപ്പം കമന്റായി അധിക്ഷേപിക്കുന്ന സ്ത്രീയുടെ ചിത്രവും സാബു നൽകിയിരുന്നു. കലിയടങ്ങാത്ത വിധത്തിൽ സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടാണ് സാബുവിന്റെ തുടർ കമന്റുകളും. ഹൈദരാബാദിൽ വീട്ടമ്മയായ യുവതിയെ അധിക്ഷേപിച്ചാണ് തരികിട സാബു രംഗത്തെത്തിയത്. കമന്റായി തന്നെ യുവതിയുടെ ചിത്രമിട്ട് അശ്ലീല കമന്റുകളും ഇയാൾ ഇട്ടു. സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ അതിശക്താമായ പ്രതിഷേധമാണ് ഉയർന്നത്.

ഇതെത്തുടർന്നാണു വീട്ടമ്മയും കുടുംബവും നിയമനടപടിക്ക് ഒരുങ്ങാൻ തീരുമാനിച്ചത്. വനിതകളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നത് കുറ്റകരമാണെന്നിരിക്കേയാണ് സാബുവിന്റെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായത്. എന്നാൽ, അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. അധിക്ഷേപം അസഹനീയമായതോടെ സാബുവിനെതിരെ തിരിഞ്ഞിരിക്കുകയാണു സോഷ്യൽ മീഡിയ.