തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കിൽ സി.പി.എം-ബിജെപി അണികൾ തമ്മിൽ യുദ്ധം. രാജേഷിനെ കൊന്നത് സി.പി.എം പ്രവർത്തകരാണെന്ന് സ്ഥാപിക്കാൻ ആർഎസ്എസ് അണികളും അല്ലെന്നും ബിജെപിയുടെ കോഴ മറയ്ക്കാൻ വേണ്ടിയും ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്നുള്ള കൊലപാതകമാണെന്ന് സി.പി.എം അണികളും പ്രചരണം ശക്തമാക്കിയിരിക്കയാണ്. ഇത് കൂടെ പരസ്പ്പരം വൈരം വിതറുന്ന കമന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയിയൽ അതിവേഗമാണ് പറപറക്കുന്നത്.

കൊലപാതകികളുടെ രാഷ്ട്രീയ ബന്ധം സ്ഥാപിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാ പാർട്ടിക്കാരും. സ്ഥിരമായി പരസ്പ്പരം സോഷ്യൽ മീഡിയയിൽ പോരടിക്കുന്നവുരെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റുകൾ സൃഷ്ടിച്ചുകൊണ്ടും മറ്റും പകവീട്ടിൽ കൊഴുക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാക്കളുടെ തോഴനാണ് കൊലപാതകികൾ എന്ന് തെളിക്കുന്ന വിധത്തിൽ ഫോട്ടോകളും പ്രചരിക്കുന്നു. എന്നാൽ, ഇതിന്റെ പിന്നിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന കാര്യം പോലും അറിവില്ല.

നിയസഭയിൽ കയറി സിപിഐ.എം നേതാക്കളെ വക വരുത്തണമെന്നും ചാവേറായി പൊട്ടിത്തെറിക്കുമെന്നുമാണ് പ്രശാന്ത് കുമാർ എന്നയാൾ പറഞ്ഞു എന്ന വിധത്തിലും പ്രചരണം നടക്കുന്നുണ്ട്. പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിക്കുമ്പോഴും അദ്ദേഹത്തിന്റെ പേജിൽ ഇതില്ല താനും.. ഇത്തരത്തൽ വസ്തുത എന്തെന്ന് അറിയാത്ത വിധത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

''ഇങ്ങിനെയാണെങ്കിൽ നിയമസഭയിൽ കയറി സിപിഐ.എം നേതാക്കളെ ശരിയാക്കുക. ഒന്നിനേയും വെറുതെ വിടരുത്. വേണ്ട ഇങ്ങനെ ഒരു ഭരണം. കമ്മ്യൂണിസം ഇവിടെ തന്നെ മരിക്കട്ട''- എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. 'പിണറായി പരനാറി ഒരു ജീവനും കൂടി എടുത്തു' എന്ന് പറഞ്ഞുകൊണ്ടുള്ള ലസിത പാലക്കലിന്റെ പോസ്റ്റിലാണ് സംഘപരിവാറുകാരന്റെ ഈ ചാവേറാക്രമണ ഭീഷണി. ഞാൻ വരാം ചാവേറായിട്ട് ഏത് സിപിഐ.എം പ്രവർത്തകന്റെ അടുത്ത് വന്നും പൊട്ടിത്തെറിക്കാമെന്ന് സനൽ എന്നയാളും പ്രതികരിച്ചിട്ടുണ്ട.

ഒന്നു വെട്ടിയാൽ പത്ത് തിരിച്ചുവെട്ടുന്ന ആ പഴയകാലത്തേക്ക് സംഘം മാറണമെന്നാണ് ശ്യാം കണ്ണാട്ടുമോദി എന്നയാൾ പ്രതികരിക്കുന്നത്. രാഷ്ട്രപതി ഭരണമേ ഇനി ശരിയാകുമെന്നും ആരും വെറുതെ കമന്റ് ഇട്ടിട്ടൊന്നും കാര്യമില്ലെന്നും പ്രതികരിക്കുന്നവരും ഏറെയാണ്. ഇത്തരത്തിൽ പരസ്പ്പരം കൊലവിളികളാണ് സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുന്നത്. കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിച്ച് രാജേഷിന്റെ കൊലപാതകത്തിന് തിരിച്ചടി നൽകണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയിയിൽ സജീവമാണ്.

അതേസമയം മരണവാർത്ത സ്ഥിരീകരിക്കുന്നതിന് തൊട്ടുമുൻപ് പാറശ്ശാല എംഎൽഎ യുടെ പി എ യുടെ ഫേസ്‌ബുക് പോസ്റ്റും വിവാദത്തിലായിരുന്നു. ആർഎസ്എസ് കാര്യവാഹക് രാജേഷിനെ വെട്ടി പരിക്കേൽപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു പാറശ്ശാല എൽഎൽഎ യുടെ പിഎ ആയ പ്രതീഷിന്റെ ഫേസ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായതോടെ ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാൽ ഇക്കാര്യം സിപിഎമ്മിന്റെ ബന്ധത്തിന്റെ തെളിവെന്ന വിധത്തിലും പ്രചരണം ശക്തമാണ്.

അതിനിടെ രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കിലും വാട്സാപ്പിലും വ്യാജദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇന്നലെ രാത്രി ആർഎസ്എസ് കാര്യവാഹകായ രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കൊലപാതകത്തിന്റേതെന്ന് തരത്തിൽ സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നാണ് വീഡിയോകൾ പ്രചരിച്ചത്. കൽക്കത്ത സ്വദേശി എന്ന് ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയ ഹിന്ദു സമിതിയുടെ വൈസ് പ്രസിഡന്റ് ദേവദത്ത മാജി എന്നയാളുടെ അക്കൗണ്ട് വഴിയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരമായ ആക്രമണത്തിൽ കാര്യവാഹക് കൊല്ലപ്പെട്ടെന്നാണ് ഫേസ്‌ബുക്കിൽ വീഡിയോക്കൊപ്പം പ്രചരിക്കുന്ന വാക്കുകൾ. കൊല്ലപ്പെട്ട രാജേഷിന്റെ ചിത്രവും ഇതേ പോസ്റ്റിൽ തന്നെ കൊടുത്തിട്ടുണ്ട്. ആയിരക്കണക്കിന് പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ഇത് കൂടാതെ കൊല്ലപ്പെട്ട രാജേഷിന്റെ മക്കളുടേതെന്ന തരത്തിലും സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം നടപടികൾ നിരീക്ഷണത്തിലാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വ്യാജ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പ്രതികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം നഗരത്തിൽ ഇരുവിഭാഗങ്ങളുടെയും പാർട്ടി ഓഫിസുകൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.