തിരുവനന്തപുരം: ഈ സർക്കാരിലെ ജയലക്ഷ്മി ഒഴിച്ച് എല്ലാവരും അഴിമതിക്കാർ ആണ് എന്നാണ് പൊതുവെയുള്ള പ്രചാരണം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പലതവണ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കള്ളന്മാരുടെ നേതാവായി ഉമ്മൻ ചാണ്ടി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അത്തരം വിധിതീർപ്പുകൾ കേരളത്തിൽ പടർന്ന് പിടിക്കുന്നത് സോഷ്യൽ മീഡിയിയിൽ നിന്നാണ്. അങ്ങനെ പടർന്ന് പിടിച്ച ജനവിരുദ്ധ - അഴിമതി വിരുദ്ധ സ്വപ്‌നങ്ങളിൽ ഏറ്റവുംശ്രദ്ധ നേടുന്നത് നാല് മന്ത്രിമാരുടെ പതനമാണ്. അഴിമതിക്കാർക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള പ്രതിഷേധമായി മൂന്നു മന്ത്രിമാരും ഭൂരിപക്ഷം മണ്ഡലങ്ങളിൽ ഏത് കുറ്റിച്ചൂലിനെയും പിടിച്ച് നിർത്തിയാൽ ജയിക്കാം എന്ന രീതിക്കെതിരെയുള്ള പ്രതിഷേധമായി ഒരു മന്ത്രിയും തോറ്റ് കാണാനാണ് സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നത്.

അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി സോഷ്യൽ മീഡിയ കാണുന്നത് മുൻധന മന്ത്രി കെ എം മാണി, കെ ബാബു, വി ശിവകുമാർ എന്നിവരുടെ പരാജയമാണെങ്കിൽ കുറ്റിച്ചൂലിനെതിരെയുള്ള പ്രതിഷേധമായി രൂപപ്പെടുന്നത് കെസി ജോസഫിന്റെ പരാജയമാണ്. മന്ത്രി അടൂർ പ്രകാശിന്റെ പരാജയവും സോഷ്യൽ മീഡിയയുടെ ഇഷ്ടവിഷയം ആണെങ്കിലും അത് സാധിക്കില്ല എന്ന തോന്നൽ കൊണ്ടാവാം കാര്യമായ പ്രചാരണം പ്രകാശിനെതിരെയില്ല. അതേസമയം ഈ നാല് മന്ത്രിമാർ വീഴാൻ കാത്തുകെട്ടി ഇരിക്കുകയാണ് ട്രോളർമാർ. ഇവരെ കൂടാതെ മന്ത്രിമാരായ കെ പി മോഹനൻ, എം കെ മുനീർ, അനൂപ് ജേക്കബ് എന്നിവരും പരാജയപ്പെടാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയിൽ സോഷ്യൽ മീഡിയയുടെ ചൂട് ശരിക്കും അറിഞ്ഞത് ധനമന്ത്രിയായിരുന്ന കെ എം മാണിയായിരുന്നു. ബാർകോഴ കേസ് തന്നെയായിരുന്നു മാണിക്കെതിരായ പ്രതിഷേധത്തിന് കാരണമായത്. സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രി നേരിട്ട് കോഴ വാങ്ങി എന്ന ആരോപണം നീണ്ടത് മാണിക്ക് നേരെയായിരുന്നു. ബാറുടമാ നേതാവ് ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന് പിന്നാലെ മാണി രാജിവെക്കാത്തതും ബജറ്റ് അവതരിപ്പിച്ചതും പ്രതിപക്ഷ പ്രതിഷേധവുമെല്ലാം കൂടിയായപ്പോൾ സോഷ്യൽ മീഡിയയുടെ മുഖ്യശത്രുവായി മാണി മാറി.

ഇതോടെ ട്രോളിംഗുകളുടെ പെരുമഴ തന്നെയായിരുന്നു മാണിക്കെതിരെ ഉണ്ടായത്. എന്റെ വക 500 എന്ന ഹാഷ്ടാഗ് പ്രചരണം ഫേസ്‌ബുക്ക് ട്രെന്റിന്റെ ആദ്യ മൂന്നിൽ ഇടംപിടിക്കുകയും ചെയ്തു. സംവിധായകൻ ആഷിഖ് അബു തുടങ്ങിവച്ച ഈ പ്രചരണം സൈബർ ലോകം ഒന്നാകെ ഏറ്റുപിടിക്കുകയായിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഈ പരിഹാസം. അന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളും ചാനലുകളും പോലും മാണിക്കെതിരെ സോഫ്റ്റായ നിലപാടെടുത്തപ്പോഴായിരുന്നു സൈബർ ലോകം ആക്രമണവുമായി രംഗത്തെത്തിയത്. മാണിയുടെ കാര്യത്തിൽ മറ്റാരേക്കാളും ജാഗ്രത പുലർത്തിയ സോഷ്യൽ മീഡിയ ഏറ്റവും ആഗ്രഹിക്കുന്ന തോൽവിയാണ് കെ എം മാണിയുടേത്. എക്‌സിറ്റ്‌പോൾ പ്രവചനങ്ങൽ മാണി തോൽക്കുമെന്ന് പ്രവചിക്കുമ്പോഴും അത്രയ്ക്ക് വിശ്വാസം ആർക്കുമില്ല. എങ്കിലും വോട്ടെണ്ണുമ്പോൾ അത്ഭുതം സംഭവിക്കുമെന്നാണ് സൈബർ ലോകം ആഗ്രഹിക്കുന്നത്.

ബാർകോഴ വിവാദത്തിൽപ്പെട്ട മറ്റ് രണ്ട് മന്ത്രിമാരായ കെ ബാബുവും ശിവകുമാറിന്റെയും തോൽവിയും സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നത്. ഇതിന് കാരണവും ഇവർക്കെതിരെ ഉയർന്ന ആരോപണങ്ങളായിരുന്നു. ബാബുവിനെ പ്രതിരോധത്തിലാക്കിയ ബാർകോഴ ആണെങ്കിൽ ശിവകുമാറിനെതിരെ ബാർകോഴ ആരോപണത്തിന് പിന്നാലെ ആരോഗ്യമേഖലയെ നിർജ്ജീവമാക്കിയ മന്ത്രിയെന്ന ചീത്തപ്പേരുമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ ബിജു രമേശ് ഉന്നയിച്ച ആരോപണവും കൂടിയായപ്പോൾ അഴിമതി വിരുദ്ധ പോരാട്ടം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. അഴിമതിക്കെതിരായ വികാരമാകും ഇരുവരെയും കടപുഴകുക എന്നതാണ് സോഷ്യൽ മീഡിയാ വിലയിരുത്തൽ. എന്നാൽ, ഇക്കൂട്ടത്തൽ തൃപ്പൂണിത്തുറയിൽ ബാബു ജയിച്ചേക്കുമെന്ന വിലയിരുത്തലുമുണ്ട്.

സർക്കാറിനെ പ്രതിരോധത്തിലാക്കിയ ബാർ കോഴയുടെ മുഖ്യനായകന്മാരിൽ ഒരാളെന്ന നിലയിൽ ബാബുവിനെ കൂട്ടുപിടിച്ച് സ്വന്തം കസേര ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്ക് വഴിവച്ചിരുന്നു. അടൂർ പ്രകാശിനെതിരെയായിരുന്നു ഏറ്റവും അധികം സോഷ്യൽ മീഡിയ ട്രോളുകൾ ഉണ്ടായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഭൂമിദാനങ്ങളും കടുംവെട്ടുകളും സർക്കാറിനെ ശരിക്കും പ്രതിരോധത്തിൽ ആക്കിയിരുന്നു. വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നൽകിയ വിഷയവും ഏറെ വിവാദ കോലാഹലങ്ങൾക്ക് ഇടയാക്കി. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന്റെ തോൽവിയും സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത് ലക്ഷ്യം കാണുമോ എന്ന ഉറപ്പില്ല.

മറുവശത്ത് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ വേണ്ടി ഹൈക്കോടതിയെ വരെ തെറിവിളിച്ച കെ സി ജോസഫിനെതിരെയും കടുത്ത വികാരമാണ് സോഷ്യൽ മീഡിയയിൽ. അഴിമതിയിൽ ഉപരിയായി പുതുമുഖത്തിന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറാത്ത പ്രതിഷേധമാണ് കെ സി ജോസഫിനെതിരെ ഉണ്ടായത്. കെ സി ജോസഫിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത പ്രചരണങ്ങൾ നടന്നിരുന്നു. എക്‌സിറ്റ് പോൾ ഫലം കെ സി ജോസഫിന്റെ തോൽവി പ്രവചിക്കുമ്പോൾ ഏറ്റവും അധികം ആഹ്ലാദിക്കുന്നതും സൈബർ ലോകമാണ്. എന്നാൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറിൽ കെ സി സുരക്ഷിതനായി വിജയിച്ചു വരുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മറുവശത്ത് വിമതർ പിടിക്കുന്ന വോട്ടും ഇടതു വോട്ടുകളുടെ ഏകീകരണത്തിലും വിശ്വസിച്ചിരിക്കയാണ് ഇടതുമുന്നണി.

മറുവശത്ത് അഴിമതി വിരുദ്ധ ഇമേജും എല്ലാവരാലും വെറുക്കപ്പെട്ടവനോടുള്ള സഹതാപവുമാണ് പി സി ജോർജ്ജിനോട്. അതുകൊണ്ട് പി സി ജോർജ്ജ് പൂഞ്ഞാറിൽ നിന്നും വിജയിക്കണമെന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്നത്. മൂന്ന് മുന്നണികളോട് ഒറ്റയ്ക്ക് പൊരുതി പൂഞ്ഞാറിൽ നിന്നും ജോർജ്ജ് വിജയിച്ചു വന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയാകും അത്. അങ്ങനെ വിജയിച്ചു വരുന്ന ജോർജ്ജാകും സൈബർലോകത്തിൻെ സൂപ്പർതാരം എന്നതിൽ സംശയമില്ല. സോഷ്യൽ മീഡിയയിൽ തരംഗമായ ഗാനങ്ങൾ പാരഡി രൂപത്തിൽ അവതരിപ്പിച്ചായിരുന്നു ജോർജ്ജിന്റെ വോട്ടുപിടുത്തം. ജോർജ്ജിനെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള ഫേസ്‌ബുക്ക് പേജിൽ അടക്കം പതിനായിരങ്ങളാണ് ലൈക്ക് ചെയ്തത്.

അൽപ്പസ്വൽപ്പം തെമ്മാടിത്തരം കൈയിലുണ്ടെങ്കിലും പി സി ജോർജ്ജ് നിയമസഭയിൽ ഉണ്ടെങ്കിൽ പതുങ്ങിയിരിക്കുന്ന വലിയ കള്ളന്മാരെക്കുറിച്ചുള്ള വിവരങ്ങൽ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന വിധത്തിലാണ് സോഷ്യൽ മീഡിയ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് സർക്കാർ ഭരിച്ചാലും ജോർജ്ജ് നിയമസഭയിൽ എത്തുന്നത് ഗുണകരമാകുമെന്നാണ് പൊതുവിലുള്ള ചിന്ത. എന്തായാലും വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളവർ സോഷ്യൽ മീഡിയയും ആവേശത്തിലാണ്. ആര് വിജയിച്ചാലും തോറ്റാലും ട്രോളുകളുടെ പെരുമഴ തന്നെയാണ് സൈബർ ലോകത്ത് ഉണ്ടാകുക എന്നകാര്യം ഉറപ്പാണ്.