തിരുവനന്തപുരം : കഴിഞ്ഞദിവസം എറണാകുളത്ത് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ കളക്ടർ വൈകിയതിനെ തുടർന്ന് ആക്ഷേപം കേട്ട രോണുരാജിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം രംഗത്ത്. ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധങ്ങളുടെ ഒരുഭാഗമാണ് ഭാര്യയായ രേണുവിനെതിരെ തിരിച്ചുവിടുന്നതെന്ന ആക്ഷേപമാണ് ഇക്കൂട്ടർ ഉയർത്തുന്നത്. തെറ്റ് ചെയ്ത ശ്രീറാമിനെതിരെ പ്രതിഷേധിക്കുന്നതോടൊപ്പം തെറ്റ് ചെയ്യാത്ത രേണുവിനെ അപസഹിക്കാതിരിക്കാനുള്ള മാന്യത കാട്ടണമെന്നാണ് ഫേസ്‌ബുക്കിലെ കുറിപ്പുകൾ.

രേണുവിനായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാക്കുകൾ ഇങ്ങനെ:

ഒരു ബസ് കണ്ടക്ടറായ അച്ഛൻ അയാളുടെ ജീവിതം ഉരുക്കി മകളെ പഠിപ്പിച്ചാണ് രേണുവിനെ ഐഎഎസുകാരിയാക്കിയത്. സ്‌കൂൾ അവധി പ്രഖ്യാപിക്കാൻ വൈകി എന്നതിന്റെ പേരിൽ കാക്കതൊള്ളായിരം തെറികളും അധിക്ഷേപങ്ങളും ഇന്നവർ സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്. പോരാതെ ഇവർക്കെതിരെ ഉടനടി ഹൈക്കോടതി വരെ പരാതിയും പോയി. ശുഷ്‌കാന്തി ഭയങ്കരമാണ്.

എറണാകുളം ജില്ലയിൽ വളരെ നന്നായി കാലാവസ്ഥ കെടുതിയടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ് രേണു. അതിനിടെ സ്‌കൂൾ അവധി പ്രഖ്യാപിക്കുന്നതിൽ വന്ന കാല താമസം വളരെ വലിയൊരു പിഴവാകുന്നത് എങ്ങനെയാണ്. മഴയ്ക്ക് ശമനമുണ്ടാകും എന്ന കാലാവസ്ഥ നിരീക്ഷണത്തെ ആശ്രയിച്ചതാവാം സ്‌കൂൾ അവധി പ്രഖ്യാപിക്കാൻ വൈകിയത്. ശ്രീറാം വെങ്കിട്ടരാമനോട് എതിർപ്പുണ്ടാകാം.. നീരസമുണ്ടാകാം.. പക്ഷേ അതിന്റെ പേരിൽ അയാളുടെ ഭാര്യയെ ക്രൂശിച്ചേക്കാം എന്ന് കരുതുന്നതും വൈരാഗ്യം വെച്ച് പുലർത്തുന്നതും നല്ല പ്രവണതയല്ല. ക്രൈസിസ് മാനേജ് ചെയ്യുന്നത് മനുഷ്യരാണ്. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം പൗരന്മാർക്കുമുണ്ട്.അതിനിടെ വൈര്യ നിര്യാതന ബുദ്ധിയോടെ നിസാര കാര്യങ്ങൾക്ക് ഒരാളെയങ്ങ്് ഇടിച്ചു താഴ്‌ത്തി ഇല്ലാതാക്കാൻ വല്ലാതെ വെമ്പരുത്.. അപേക്ഷയാണ്.

ശ്രീറാം വെങ്കിട്ടരാമൻ കൊലപാതക കേസിലെ പ്രതിയായിരിക്കാം, തെളിവ് നശിപ്പിക്കാൻ ഐഎഎസ് എന്ന അദ്ദേഹത്തിന്റെ ബ്യുറോക്രാറ്റിക്ക് പ്രിവിലേജിനെ ആവും വിധം എല്ലാ സ്ഥലത്തും ഉപയോഗിച്ചിരിക്കാം, ഇല്ലാത്ത ഒരു രോഗത്തിന്റെ സർട്ടിഫിക്കറ്റ് പോലും ഉണ്ടാക്കി നിയമത്തേയോ കോടതിയേയോ പോലും കബളിപ്പിച്ചിരിക്കാം. ഇതിലൊക്കെ വെങ്കിട്ടരാമനോട് ദേഷ്യമുള്ള പ്രതിഷേധമുള്ള ആളുകൾ അത് അയാളോട് നേരിട്ട് തീർക്കണം. അയാൾക്കെതിരെ പ്രതിഷേധിക്കണം. അല്ലാതെ അയാൾ ചെയ്ത തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങി ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീയ്ക്കെതിരെയല്ല വൃത്തികേട് വിളിച്ചു പറയുന്നത് തെമ്മാടിത്തരമാണ്.

അതല്ല എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് അവധി കൊടുത്തു കൊണ്ടുള്ള പ്രഖ്യാപനം വൈകിപോയതാണ് പ്രശ്നമെങ്കിൽ അത് പറയേണ്ടതും ചോദിക്കേണ്ടതും ഇത്തരം വാക്കുകൾ ഉപയോഗിച്ചല്ല, കാരണം, രേണു രാജിനേക്കാൾ സീനിയർ ആയ കളക്ടർമാർ ജില്ല ഭരിക്കുമ്പോൾ പോലും ഇതേ പ്രശ്നം എറണാകുളത്ത് നേരത്തെയും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് ബുധനാഴ്ച വൈകിട്ടോടെ മൂന്ന് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലെയും റെഡ് അലേർട്ടുകൾ പിൻവലിച്ച ഉത്തരവ് സർക്കാർ ആണ് പുറവിടുവിച്ചതെന്നും മനപ്പൂർവ്വം ആരും മറന്നു പോകരുത്.

വീണ്ടും ന്യൂനമർദ്ദം ശക്തിപ്പെട്ടപ്പോൾ വീണ്ടും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചതും അതേ സർക്കാർ ആണ്. അതൊന്നും പറയാതെ, മുൻപ് ഒരിക്കലും മറ്റാരാളിനോടും പറയാത്ത രീതിയിൽ ഇപ്പോൾ എറണാകുളം ജില്ലാ കലക്ടർ രേണു രാജിനെതിരെ വൃത്തികേട് വിളിച്ചു പറയുന്ന പ്രൊഫൈൽ ലോക്ക് ചെയ്തിട്ട ഞരമ്പുകളുടേത് കുഞ്ഞുങ്ങളോടുള്ള പരിഗണനയല്ല, മറിച്ച് കുത്തിക്കഴപ്പാണ്. വെങ്കിട്ടരാമൻ ഒരു ക്രിമിനലും, കൊലക്കേസ് പ്രതിയും ആണെന്നറിഞ്ഞിട്ട് തന്നെയല്ലേ രേണു അവനെ വിവാഹം ചെയ്തത് എന്ന ചോദ്യം ദയവ് ചെയ്ത് ആരും ചോദിക്കരുത്, അത് അവരുടെ ജീവിതമാണ്, താത്പര്യമാണ്. പേഴ്സണൽ ലൈഫിലേക്ക് പ്രൊഫഷണൽ ലൈഫിനെ കൂട്ടിക്കുഴക്കാതിരിക്കുക എന്നത് മിനിമം ബോധ്യമാണ്.

മരണപ്പെട്ട ആൾക്ക് നീതിക്കായി നിൽക്കുക എന്നതിനൊപ്പം തന്നെ തെറ്റ് ചെയ്യാതെ അക്രമിക്കപ്പെടുന്ന രേണു രാജിനൊപ്പവും നിൽക്കേണ്ടതുണ്ട്. ഇങ്ങനെ നീളുകയാണ് രേണുവിനായുള്ള വാക്കുകൾ. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. അവധി അറിയിപ്പു വന്നപ്പോഴേക്കും വിദ്യാർത്ഥികൾ ഏറെയും സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞിരുന്നു. വിദ്യാർത്ഥികളെ സ്‌കൂളിലെത്തിച്ചു രക്ഷിതാക്കളും സ്‌കൂൾ വാഹനങ്ങളും മടങ്ങിയ ശേഷമെത്തിയ അവധി പ്രഖ്യാപനം ആശയക്കുഴപ്പത്തിനു വഴിവച്ചു. സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയ്ക്കേണ്ടതില്ല എന്നു തുടർന്നു വന്ന വിശദീകരണം ആദ്യ അറിയിപ്പ് അനുസരിച്ച് കാര്യങ്ങൾ നീക്കിയവർക്കു വീണ്ടും പ്രയാസമുണ്ടാക്കി. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള രോഷപ്രകടനത്തിന് കളക്ടർ രേണുരാജ് ഇരയായത്.

രാവിലെ 8.25നാണ് കളക്ടറുടെ ഫേസ്‌ബുക്കിലും പിആർഡിയുടെ വാട്സാപ് ഗ്രൂപ്പുകളിലും അവധി അറിയിപ്പു വരുന്നത്. ഭൂരിഭാഗം കുട്ടികളും അതിനകം ക്ലാസിലെത്തി. ചില വിദ്യാർത്ഥികൾ അവധിക്കാര്യം അറിഞ്ഞു വീട്ടിലേക്കു മടങ്ങി. സ്‌കൂൾ വാഹനങ്ങളിൽ എത്തുന്നവർക്കു മടങ്ങാൻ വഴിയുണ്ടായിരുന്നില്ല. പരിഭ്രാന്തരായ രക്ഷിതാക്കൾ സ്‌കൂളുകളിലേക്കു വിളിക്കാൻ തുടങ്ങി. ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ സ്‌കൂളിലയച്ചു ജോലിക്കു പോയ മാതാപിതാക്കളാണ് കടുത്ത ആശങ്കയിലായത്. കുട്ടികൾ തിരിച്ചെത്തിയാൽ വീടു തുറക്കാനാകാത്തതും വീട്ടിൽ ആളില്ലാത്തതുമാണ് അവരെ കുഴക്കിയത്.

അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ കളക്ടറോടു റിപ്പോർട്ട് തേടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിനു മാർഗരേഖ ഉണ്ടാക്കാൻ കളക്ടർക്കും സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്കും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എം.ആർ. ധനിലാണ ഹർജി നൽകിയത്.