തിരുവനന്തപുരം: ഡൽഹി പെൺകുട്ടി നിർഭയയുടെ സഹോദരന് പൈലറ്റാകാൻ രഹസ്യമായി അവസരം ഒരുക്കിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വാർത്ത അതിവേഗം സൈബർ ലോകത്ത് വൈറലാകുകയും ചെയ്തു. നിർഭയ മരണപ്പെടുമ്പോൾ പന്ത്രണ്ടാം ക്ലാസിലായിരുന്ന സഹോദരനെ, ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ പൈലറ്റാവാനുള്ള പഠനത്തിൽ സഹായിച്ചത് രാഹുൽ ഗാന്ധിയാണെന്ന് നിർഭയയുടെ അമ്മ ആശാ ദേവിയെ ഉദ്ധരിച്ചു കൊണ്ടായിരുന്നു വാർത്ത. ഇതോടെ രാഹുൽ ഗാന്ധിയുടെ നല്ല മനസിനെ എല്ലാവരും പുകഴ്‌ത്തുകയും ചെയത്ു.

ഇതേസമയം രാഹുലിന്റെ ഈ നല്ല മനസ് അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയിൽ നിന്നും ലഭിച്ചതാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ബ്ലോഗർ കുഞ്ഞാലിക്കുട്ടി. മലയാളിയായ മത്സ്യത്തൊഴിലാളി ബാലന്റെ പൈലറ്റാവാനുള്ള മോഹം സാക്ഷാത്കരിക്കുന്നതിൽ രാജീവ് ഗാന്ധി നടത്തിയ ഇടപെടലിനെപ്പറ്റി കുഞ്ഞാലി കുട്ടി ഫേസ്‌ബുക്കിൽ എഴുതി.

രാജീവ് ഗാന്ധിയുടെ ഇടപെൽ ഇല്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളിയായി ജീവിതം അവസാനിച്ചു പോകുമായിരുന്ന ക്യാപ്ടൻ ഡിക്സന്റെ കഥ കുഞ്ഞാലി കുട്ടി ഇങ്ങനെ വിവരിക്കുന്നു:

വൈമാനികനാകാൻ മോഹിച്ചു ഡിക്സൺ തിരുവനന്തപുരം ഫ്‌ളൈയിങ് ക്ലബ്ബിൽ ചേരുന്നു. അതിരാവിലെ കടലിൽ മത്സ്യബന്ധനത്തിന് പോകും, തിരികെ വന്ന ശേഷം ഫ്‌ളൈയിങ് ക്ലബ്ബിലേക്ക്. പക്ഷെ സാമ്പത്തിക പ്രാരാബ്ധങ്ങളിൽ കുടുങ്ങി പഠനം പാതിവഴിയിൽ നിൽക്കുന്നു. ആ സമയത്താണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വലിയതുറയിൽ വരുന്നത്. ഡിക്സന്റെ കഥ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇടപെട്ട് സംസ്ഥാന ഗവൺമെന്റിനെ കൊണ്ട് ഡിക്സണ് സ്‌കോളർഷിപ്പ് അനുവദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പഠനം പൂർത്തിയാക്കിയ ഡിക്സൺ കമേഴ്‌സ്യൽ പൈലറ്റായി ആദ്യം വായുദൂതിലും പിന്നീട് എയർ ഇന്ത്യയിലും എത്തിച്ചേരുന്നു. ഇതിനു പിന്നിലും രാജീവിന്റെ സഹായം ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്, തീർച്ചയില്ല.

ഈ കഥ കേൾക്കുന്നവർക്ക് സിനിമ പോലെ തോന്നാം. കടലിൽ മീൻ പിടിക്കാൻ പോകുന്ന യുവാവ് തിരികെ വന്ന് വേഷം മാറി വിമാനം പറത്താൻ പഠിക്കാൻ പോകുന്നതും പിന്നീട് വലിയ യാത്രാവിമാനങ്ങളുടെ ക്യാപ്റ്റനാകുന്നതും ഒക്കെ നമ്മൾ സിനിമയിൽ കണ്ടാൽ പോലും വിശ്വസിക്കില്ലല്ലോ.

പക്ഷെ, അദ്ദേഹത്തെ കാത്തിരുന്നത് പീഡനത്തിന്റെ നാളുകളായിരുന്നു. എന്തൊക്കെയോ ന്യായങ്ങൾ പറഞ്ഞു അദ്ദേഹത്തെ എയർ ഇന്ത്യ പുറത്താക്കി. നാല് വർഷത്തോളം കേസ് നടത്തി അവസാനം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. തിരിച്ചെടുത്തത് കൂടാതെ നാല് വർഷത്തെ ശമ്പളക്കുടിശ്ശികയായി കോടിക്കണക്കിന് രൂപ എയർ ഇന്ത്യ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകേണ്ടിയും വന്നു. തുടർന്ന് സർവ്വീസിൽ തുടർന്ന ഡിക്സൺ പ്രൊമോഷനായി ക്യാപ്റ്റൻ പദവിയിൽ ഏറെ നാൾ തുടർന്നതിന് ശേഷം ഇപ്പോൾ റിട്ടയർ ചെയ്തു വിശ്രമ ജീവിതത്തിലാണ് എന്നാണറിവ്.

രാജീവ് ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഡിക്സന് ഈ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരുന്നോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോയിട്ടുണ്ട്. നാലഞ്ചു വർഷം മുന്നേ ഗൂഗിൾ പ്ലസിൽ നടന്ന ഒരു ചർച്ചയിൽ നിന്നുമാണ് ഈ പോസ്റ്റിലെ പല വിവരങ്ങളും ലഭിച്ചത്. ക്യാപ്റ്റൻ ഡിക്സന്റെ ബന്ധുവും അയൽവാസിയുമായിരുന്ന ഒരു ഓൺലൈൻ ഫ്രണ്ട് വഴിയാണ് കൂടുതൽ വിവരങ്ങൾഅറിയാൻഅറിയാൻ സാധിച്ചത്.