തിരുവനന്തപുരം: പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് സൈബർ ലോകത്തും ചില ദുഷ്ടശക്തികൾ. വീരമൃത്യുവരിച്ച ജവാന്റെ ജീവത്യാഗത്തിന് ഇന്ത്യ ഒന്നടങ്കം ബിഗ് സല്യൂട്ട് നൽകുമ്പോഴാണ് സൈബർ ലോകത്തും ചില വർഗീയ ശക്തികൾ അഴിഞ്ഞാടിയത്. ഫേക്ക് പ്രൊഫൈൽ വഴി വ്യാജപ്രചരണവുമായി ഇവർ രംഗത്തെത്തിയതോടെ സൈബർ ലോകം ഒന്നടങ്കം രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

നിരഞ്ജൻ കുമാറിന്റെ മരണവാർത്ത പുറത്തുവന്ന വേളയിൽ ഫേസ്‌ബുക്കിൽ നിരവധി അനുശോചന കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കമന്റുകളുടെ രൂപത്തിലാണ് ചിലർ അധിക്ഷേപം ചൊരിഞ്ഞ് എത്തിയത്. ഇതിൽ മാദ്ധ്യമം ദിനപത്രത്തിന്റെ ലേഖകൻ എന്ന വ്യാജേന ഒരാൾ ഇട്ട പോസ്റ്റ് അതിരൂക്ഷമായ പ്രതികരണങ്ങൾക്കും ഇടയാക്കി. അൻവർ സാദിഖ് എന്ന പ്രൊഫൈൽ ഐഡിയിൽ നിന്നാണ് തീർത്തും അവഹേളന പരമായ പരാമർശം ഉണ്ടായത്. പ്രത്യക്ഷത്തിൽ ഫേയ്ക്ക് ആണെന്ന് തോന്നിക്കുന്ന ഈ ഐഡിയിൽ നിരഞ്ജനെ അവഹേളിച്ചു വന്ന പോസ്റ്റ് ഇങ്ങനെയാണ്:

''അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി,. ഇനി ഓന്റെ കെട്ടിയോൾക്ക് ജോലീയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല, ഒരു നാറിയ ഇന്ത്യൻ ജനാധിപത്യം, Anwar Sadhik എന്തിനാ Salute എങ്ങനെയാണ് തീവ്രവാദം ഉണ്ടാകുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ആരും തീവ്രവാദി ആകുന്നില്ല 10ഓ 50 ചാകണം''. അതേസമയം ഈ കമന്റിനെ പിന്തുണച്ച് K H Edyannur എന്നായാളും രംഗത്തെത്തി. നഗ്ന സത്യം..!! പട്ടാളത്തിൽ ചേരുന്നതിന് മദ്യത്തിനും മാത്രം വേണ്ടിയല്ലാാാാ.... രാജ്യത്തിന് വേണ്ടി മരിക്കാവൻ തന്നെയ്യാാാ.. ഈ സത്യം നാം.. അംഗീകരിച്ചേ പറ്റുവെന്നായിരുന്നും മറ്റൊരു കമന്റ്.

അതേസമയം നിരഞ്ജൻകുമാറിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ച ഈ ഫേസ്‌ബുക്ക് പരാമർശങ്ങളെ എതിർത്ത് നിരവധി പേർ രംഗത്തെത്തി. നിരഞ്ജന്റെ ധീരമരണത്തിൽ അനുശോചനം രേഖപ്പെടുത്തിയില്ലെങ്കിലും അവഹേളിക്കരുതായിരുന്നു എന്ന അഭിപ്രായം നിരവധി പേർ രേഖപ്പെടുത്തി. അതേസമയം മനപ്പൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമായും ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ വിലയിരുത്തുന്നുണ്ട്. മാദ്ധ്യമത്തിൽ പ്രവർത്തിക്കുന്നയാൾ എന്നത് തെറ്റാണെന്നും ഇത് ഒരു ഫേക്ക് ഐഡി ആണെന്നും ഉറപ്പായിട്ടുണ്ട്.

ജവാന്റെ ജീവത്യാഗത്തെ സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടർ ചെയ്തത്. ഇതിന് ഒറിജിനൽ ഫേസ്‌ബുക്ക് പേജ് ഉപയോഗിക്കാതെ ഫേക്ക് ഐഡികളെ ഇത്തരക്കാർ അഭയം പ്രാപിക്കുന്നു. ഇതേ തുടർന്ന് നിരഞ്ജന്റെ പേരിൽ പരസ്പ്പരം വാഗ്വാദവും ഗ്വാ.. ഗ്വാ വിളികളുമാണ് ഫേസ്‌ബുക്കിൽ നടക്കുന്നത്. ഇത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ് താനും. ഇത്തരക്കാർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രക്തസാക്ഷിയായ കമാൻഡോയെ അവഹേളിച്ച ഫേസ്‌ബുക്ക് ഐഡികൾക്ക് പിന്നിൽ ആരെന്ന അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ഭീകരർക്കെതിരെയുള്ള കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയായ എൻ.എസ്.ജി കമാൻഡോയാണ് നിരഞ്ജൻ. മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി കമാൻഡോ മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ കൊല്ലപ്പെട്ടിരുന്നു. കാമാണ്ടോയാവുകയെന്ന ലക്ഷ്യത്തോടെയാണ് നിരഞ്ജൻ സൈനിക ജീവിതം തെരഞ്ഞെടുത്തത്. എൻ.എസ്.ജിയിൽ ലഫ്.കേണലായിരുന്നു നിരഞ്ജൻ. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന നിരഞ്ജൻ ഡെപ്യൂട്ടേഷനിലാണ് എൻഎസ്ജിയിൽ എത്തുന്നത്.

വെല്ലവുളികളെ ഏറ്റെടുക്കാനുള്ള തന്റേടം തന്നെയാണ് നിരഞ്ജനെ യുദ്ധ സാധ്യത തീരെ കുറഞ്ഞ എംഇജിയിൽ നിന്ന് എൻഎസ്ജിയിലേക്ക് ചുവടുമാറാൻ പ്രേരിപ്പിച്ചത്. ലെഫ്. കേണൽ ആയ നിരഞ്ജൻ മുന്നിൽ നിന്ന് തന്നെയാണ് തന്റെ ടീമിനെ എന്നും നയിച്ചിരുന്നത്. എൻഎസ്ജി ബോംബ് സ്‌ക്വാഡിൽ അംഗമായ നിരഞ്ജൻ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് വീരചരമം പ്രാപിച്ചത്.