തിരുവനന്തപുരം: ബസ് കാലിലൂടെ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ യുവതിക്ക് താങ്ങായ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ഒപ്പം നിന്ന് എല്ലാ ചികിത്സയും ഉറപ്പാക്കി. വേദന കൊണ്ട് നിലവിളിച്ച പെൺകുട്ടിയുടെ തലയിൽ കൈവച്ച് ആശ്വസിപ്പിക്കുകയും ചെയ്ത നെയ്യാറ്റിൻകര എസ് ഐ ആർ.സജീവിന് സോഷ്യൽ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 9 45ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്ഷനിലായിരുന്നു അപകടം. പൂവാർ പള്ളം പുരയിടത്തിൽ സൈമണിന്റെയും ജപമണിയുടെയും മകൾ ഐ എസ് അജിത (24)യ്ക്കാണ് പരിക്കേറ്റത്. വെള്ളി രാവിലെ 9.45ന് നെയ്യാറ്റിൻകര ജംഗ്ക്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ബസ് അജിതയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഓവർടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി അജിത ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഉരുണ്ടു മാറാൻ ശ്രമിച്ചെങ്കിലും പിൻ ചക്രങ്ങൾ കാലിൽ കയറിയിറങ്ങി. വലതു കാലിലെ എല്ലുകൾ നുറുങ്ങിപ്പോയി. നെയ്യാറ്റിൻകര കോൺവെന്റ് റോഡിലെ മഹാത്മാ വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥിയാണ്.

കാൽ ചതഞ്ഞ് ഗുരുതരമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും രക്തവും അജിതയുടെ നിലവിളിയും കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി. സ്ഥലത്തെത്തിയ സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ ജീപ്പിൽ കയറ്റി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു.

കാലുകൾ ചതഞ്ഞെരഞ്ഞന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. പൊലീസ് ഉടൻ അനിതയുടെ വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവരെത്തും വരെ യുവതിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. അജിതയെ ആശ്വസിപ്പിച്ച് സഹോദരനെപ്പോലെ
എസ് ഐ സജീവ് ഒപ്പം നിന്നു.

ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകുന്നതിനിടെ നിലവിളിച്ച അജിതയുടെ തലയിൽ കൈച്ച് മറ്റൊരു കൈകൊണ്ട് കൈകളിൽ മുറുകെ പിടിച്ച് സജീവ് ആശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിലാണ് അജിത.

സജീവ് നേരത്തെയും മധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അമ്പൂരിയിൽ രാഖിയുടെ തിരോധാനം സമർത്ഥമായി അന്വേഷിക്കുകയും പ്രതിയായ കാമുകൻ പട്ടാളക്കാരനെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്തത് സജീവാണ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സജീവ് 2015 ലാണ് സർവീസിലെത്തിയത്.