- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു; വിദേശമദ്യശാലകളിൽ നീണ്ട ക്യു; പ്രതിഷേധം ഉയരുന്നതിനിടെ, ജനം ക്യൂ നിൽക്കുന്ന പഴയചിത്രം കാട്ടി ആളെ പറ്റിക്കരുതെന്ന് കാസിം ഇരിക്കൂർ; ബെവ്ക്യുവഴിയാണ് ബുക്കിങ്ങെന്നും ഐഎൻഎൽ ജന.സെക്രട്ടറി; കാസിം ഇരിക്കൂറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നു. ബെവ് ക്യു ആപ്പ് വഴി ബുക്ക് ചെയ്തവർക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചതെങ്കിലും പ്രായോഗിക പ്രശ്‌നങ്ങൾ മനസ്സിലാക്കി അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. രാവിലെ മദ്യവിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലയിടങ്ങളിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് മുമ്പിൽ ക്യൂ നീളുകയാണെന്നും പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സർക്കാരിന്റെ മതവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്നുമുള്ള പ്രചാരണം വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഇതിനെ പ്രതിരോധിക്കാനാണ് വസ്തുതയറിയാതെ ഐ എൻ എൽ ജന.സെക്രട്ടറി കാസിം ഇരിക്കൂർ രംഗത്തെത്തിയത്.
പ്രചാരണം ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണെന്ന് കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ബിവറേജ്‌സ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ ഓൺലൈൻ വഴിയേ മദ്യം ഓർഡർ ചെയ്യാനാവൂ എന്നിരിക്കെ ജനം ക്യൂവിൽ നിൽക്കുന്ന പഴയ ചിത്രങ്ങൾ കാണിച്ച് സാമാന്യജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്നുകൊടുക്കാൻ സമയമായിട്ടില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിലക്ക് തുടരുമ്പോൾ, ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് മുമ്പിൽ ക്യൂ നീളുകയാണെന്നും പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സർക്കാരിന്റെ മതവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന ദുഷ്പ്രചാരണം തീർത്തും ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണ്.
ദേവാലയങ്ങൾ പൂട്ടിയിടുന്നത് കോവിഡ് വ്യാപനം തടയുക എന്ന ഏക ലക്ഷ്യത്തോടെയാണ്. മക്കയിലെയും വത്തിക്കാനിലെയും ആരാധനാലയങ്ങൾ വരെ പൂർണമായും പൂട്ടിയിടേണ്ടി വന്നു. കഴിഞ്ഞ വർഷത്തേത് പോലെ ഇക്കൊല്ലവും ഹജ്ജ് പ്രതീകാത്മകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി തുടരുകയാണ്. സാമാന്യജനത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം മത, രാഷ്ട്രീയ നേതൃത്വം ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത് വിഷയം വർഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനാനേ ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വസ്തുതയറിയാതെ കാസിം ഇരിക്കൂർ പ്രസ്താവന നടത്തി നാണം കെടരുതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നു.ബെവ് ക്യു ആപ്പ് ഇല്ലാതെയാണ് സംസ്ഥാനത്ത് മദ്യ വിൽപ്പന ആരംഭിച്ചത്. ആളുകൾ ക്യൂവിൽ നിന്ന് തന്നെയാണ് മദ്യം വാങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും കർശനമായി നടപ്പാക്കണമെന്ന് എക്‌സൈസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ബെവ്‌കോയ്ക്ക് മുന്നിലും പൊലീസ് പരിശോധനയുമുണ്ടായിരുന്നു. വസ്തുത ഇതായിരിക്കെ കാസിം ഇരിക്കൂർ കാര്യമറിയാതെ പ്രതികരണം നടത്തരുതെന്നും പലരും വ്യക്തമാക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.