തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ചത് മനപ്പൂർവ്വമോ ബോധപൂർവ്വമോ അല്ലെന്ന് നിയമസഭ സ്പീക്കർ എൻ.ശക്തൻ. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് അങ്ങനെ ഒരു സംഭവമുണ്ടായത്. തനിക്ക് ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന രോഗമുണ്ട്. കൈകൊണ്ട് ഭാരമുള്ള ഒരു സാധനവും എടുക്കരുതെന്നും കുനിഞ്ഞ് ഒന്നും എടുക്കരുതെന്നും ഡോക്ടറുടെ നിർദ്ദശമുണ്ട്. അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ഇടത് മന്ത്രിസഭയിലെ ഒരു പ്രമുഖനും ഗൺമാനെ കൊണ്ട് ചെരുപ്പ് ഇടുപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ആളുടെ പേര് മനപ്പൂർവ്വം വിട്ടുകളയുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് വില്ലന്മാരെ കണ്ടെത്തി സോഷ്യൽ മീഡിയ വാറഴിക്കൽ വിവാദം പുതിയ തലത്തിൽ ചർച്ച ചെയ്യുന്നത്. വി എസ് അച്യുതാനന്ദന്റെ ചിത്രമാണ് അതിൽ ഒന്ന്. ചെരുപ്പു കടയിൽ വിഎസിനെ ചെരുപ്പിടാൻ സഹായിക്കുന്നത് പേഴ്‌സണൽ സ്റ്റാഫാണ്. പ്രായാധിക്യവും ചെരുപ്പ് കടയുമെന്നൊക്കെ പറയാമെങ്കിലും വി എസ് ഇതു ചെയ്തത് ശരിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇന്നലെ ശക്തനെ ചീത്ത പറഞ്ഞ മഹാനാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്ന കളിയാക്കലുമുണ്ട്.

പൊലീസുകാരനെ കൊണ്ട് ചെരുപ്പ് എടുപ്പിച്ച് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര സഖാവ് മാതൃകയായി ....എന്താല്ലേ !!-എന്ന വാചകത്തിൽ മറ്റൊരു ചിത്രവും വൈറലാകുന്നു. മുല്ലക്കര ചളിയിൽ ഇറങ്ങി വരുമ്പോൾ ദൂരെ നിന്ന ചെരുപ്പ് എടുത്തു കൊടുക്കുന്ന രംഗം ആണ്.........ചെരുപ്പ് അഴിച്ചു കൊടുക്കുന്ന രംഗം അല്ല- എന്ന കമന്റുകളുമായി പ്രതിരോധ ശ്രമവും ഉണ്ട്. എന്നാൽ അതും വിലപോവുന്നില്ല. അതെന്താടോ മുല്ലക്ക് നടന്നു പോയി ചെരുപ്പെടുത്താൽ... അങ്ങേര്ക്ക് ആണി രോഗമാണോ എന്നാണ് ഉയർത്തുന്ന മറുപടി. അങ്ങനെ വിഎസും മുല്ലക്കരയും വാറഴിക്കലിൽ ചർച്ചയാകുന്നു. അതിനിടെ പേഴ്‌സണൽ സ്റ്റാഫിന്റെ സഹായം വി എസ് തേടുന്ന നിരവധി ചിത്രങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

ശക്തന്റെ ചെരുപ്പ് ഡ്രൈവറൊക്കൊണ്ട് അഴിപ്പിച്ച പടമാരുന്നല്ലോ ഇന്നലത്തെ പടം...സംഗതി വിവാദമായതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുല്ലക്കര മന്ത്രിയുടെ ചെരുപ്പ് പൊലീസുകാരന് എടുത്തുകൊടുക്കുന്ന പടം തപ്പി പിആർഡി ചാത്തന്മാര് നാട് മൊത്തം ഓടിത്തുടങ്ങി...ഒടുവില് വൈകിട്ടായപ്പോള് കിട്ടി...അത് കൈയോടെ പല സുഹൃത്തുക്കളും ഫേസ് ബുക്കില് പോസ്റ്റി....മറ്റൊരു പടം കൂടി വന്നു....വി എസിന്റെ തുടയില് (ചന്തിയിലാണെന്ന്,ചില സൂക്ഷ്മ നിരീക്ഷകര് )അട്ട കടിച്ചത് പരിശോധിക്കുന്ന പടം....ഇതെല്ലാം ചെയ്തവര് സ്പീക്കറെ അപമാനിക്കുന്നത് ശരിയല്ലെന്ന്.....ഇന്നലെ തപ്പിയെടുത്ത് ഇട്ട രണ്ട് പടങ്ങളിട്ട് സ്പീക്കര് ചെയ്തതിനെ ന്യായീകരിക്കുന്ന അണ്ണമ്മാരോട് പറയാനുള്ളത്... മുല്ലക്കരയും.വി എസും ചെയ്തത് തെറ്റാണ്....അങ്ങനെയെങ്കില് ശക്തനും അത് ചെയ്യാം എന്ന മാനസികാവസ്ഥ ശരിയാണോ എന്ന് ഒന്നു കൂടെ ആലോചിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ തെറ്റുകള് മാത്രം കോപ്പിയടിക്കാതെ അവർ ചെയ്ത നല്ല കാര്യങ്ങള് കൂടി കോപ്പിയിടിക്കൂ പ്ലീസ്....ഈ പെൻഷനൊക്ക മുടങ്ങാതെ കൊടുക്കുക, റേഷൻ കടകളിലും, മാവേലി സ്റ്റോറുകളിലുമൊക്കെ ആവശ്യത്തിന് സാധനങ്ങൾ ഇറക്കി വച്ച് ജനത്തിന് ഉപകാരം ചെയ്യുക...തുടങ്ങി ഒന്ന് രണ്ട് ചെറിയ കാര്യങ്ങള് കോപ്പിയടിച്ചിട്ട് നുമ്മക്ക് ഫോട്ടോ തപ്പിപ്പോകാം ...ന്തേ....-എന്നതാണ് ഈ വിഷയത്തിൽ മറ്റൊരു പ്രധാന കമന്റ്. അങ്ങനെ ചെരുപ്പ് വിവാദം സോഷ്യൽ മീഡിയയിൽ കലക്കുകയാണ്.