തിരുവനന്തപുരം: പെണ്ണ് അടുത്തിരുന്നാൽ തകരുന്ന ഋഷി സംസ്‌കാരം ഇനിയും നമുക്ക് ആവശ്യമുണ്ടോ? ഇവിടെ പ്രശ്‌നം പെണ്ണല്ല, ആണ് തന്നെയാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ്. ലോകത്തിന് വെളിച്ചം പകർന്ന് നൽകുന്ന കറന്റ് ബുക്‌സിന്റെ കാർമികത്വത്തിൽ വേണ്ടിയിരുന്നില്ല ഈ അപമാനം. സ്ത്രീകൾക്ക് മാത്രമല്ല അക്ഷരങ്ങളെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഞെട്ടലോടെ മാത്രമേ ഈ വാർത്ത ഉൾക്കൊള്ളാനാകൂ, സ്ത്രീകളെ ദേവതയായി കരുതണമെന്ന് ലോകത്തോട് പറഞ്ഞ ഋഷി പരമ്പരയിൽ പെട്ടവർ തന്നെയല്ലേ ഇവരും-വിവാദം സോഷ്യൽ മിഡിയ ഏറ്റെടുക്കുകയാണ്.

പരിഭാഷക പങ്കെടുക്കരുതെന്ന പ്രസാധകരുടെ നിർദ്ദേശം വിവാദമായതോടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ 'കലാതീതം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കറന്റ് ബുക്‌സ് ഉപേക്ഷിച്ചു. എഴുത്തുകാരിക്ക് സ്വന്തം പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന് വിലക്കേർപ്പെടുത്തിയ വിവാദം സംഘർഷത്തിൽ കലാശിച്ചതോടെയാണ് ഇത്. ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ല എന്ന കാരണം കാണിച്ചാണ് വിവർത്തകയോട് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടത്. ഇന്ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കേണ്ടിയിരുന്ന പരിപാടി വിവിധ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. തൃശൂർ കറന്റ് ബുക്‌സ് മാനേജ്‌മെന്റ് പരിപാടിയുടെ വേദിയിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷവും സോഷ്യൽ മീഡിയ പ്രതിഷേധം ശക്തമാക്കുകയാണ്.

സ്വാമി വേദിയിൽ ഇരിക്കുമ്പോൾ മുമ്പിലുള്ള 3 വരി സീറ്റുകൾ ശൂന്യമായി ഇടണം. അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളൂ. (സ്ത്രീകളുടെ അശുദ്ധ നിഴൽ പോലും തങ്ങളുടെ ഗുരുവിന്റെ മേൽ പതിയാതെ അവർ നോക്കികൊള്ളും) ചടങ്ങിൽ നിന്ന് മാറി നിൽക്കണമെന്ന ആവശ്യം ഒരു സഹപ്രവർത്തകൻ വഴിയാണ് അറിയിച്ചതെന്ന ശ്രീദേവിയുടെ എഫ് ബി പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിൽ ശ്രീദേവിയ്‌ക്കൊപ്പമാണ് സോഷ്യൽ മീഡിയ എന്നാണ് വ്യക്തമാകുന്നത്.

സ്ത്രീകൾ മുൻനിരയിൽ ഇരുന്നാൽ പങ്കെടുക്കില്ലെന്ന പരാമർശത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീ കൂട്ടായ്മകൾ ഇന്ന് വളരെ നേരത്തെ തന്നെ രംഗത്ത് വന്നു. അവർ തൃശൂർ സാഹിത്യ അക്കാഡമി ഹാളിലെ മുൻനിര കൈയടക്കുകയും ചെയ്തു. അതിന് ശേഷം ശ്രീദേവിക്ക് ഐക്യ ദാർഢ്യവുമായി സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. തൃശൂർ സാഹിത്യ അക്കാദമി ഹാൾ. ഞങ്ങൽ മുൻനിരയിൽത്തന്നെ ഞങ്ങളൊക്കെയുണ്ട്. ബ്രഹ്മചാരി സാമി വരുമോ....??? അങ്ങോരുടെ 'ചാരിതാർതഥ്യം ' നഷ്ടപ്പെടുമോ.....???കാത്തിരുന്ന് കാണുക.....!!!-അങ്ങനെയായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

ഏതോ ഒരു മതപ്രഭാഷകന്റെ കൂറ ജെന്റർ സെൻസിറ്റിവിറ്റി തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പുസ്തകപ്രകാശനവേദിയിൽ നിന്നും വിവർത്തനം ചെയ്തത് 'സ്ത്രീ' ആയതു കൊണ്ടു മാത്രം 'അയിത്തം' കൽപ്പിച്ചു മാറ്റി നിർത്തുന്നത് കേരളത്തിന് ഭൂഷണമല്ല. അത്തരം വേഷംകെട്ടലുകളെ പൊതുസമൂഹം കൈകാര്യം ചെയ്യുക തന്നെ വേണം. വിവേചനത്തിനിരയായ ശ്രീദേവി എസ് കർത്ത, സമാനമായ ജീർണ്ണതകൾക്കെതിരായി ഇതപര്യന്തം പിൻപറ്റിയ നിലപാടുകൾ എന്തെന്നറിയില്ല (ശ്രദ്ധയിൽ പെട്ടിട്ടില്ല). എന്തു തന്നെയായാലും കേരളത്തെ പിന്നാക്കം നടത്തുന്നതിനുള്ള ഏതു ശ്രമങ്ങളേയും കക്ഷിരാഷ്ട്രീയം മറന്ന് ചെറുത്തു തോൽപ്പിയ്‌ക്കേണ്ടതുണ്ട്. ശ്രീദേവി എസ് കർത്തയ്ക്ക് ഉറച്ച പിന്തുണ-സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് ചൂടു പകർന്ന മറ്റൊരു പോസ്റ്റ് ഇങ്ങനെ.

പെണ്ണിനെ കണ്ടാൽ ബ്രഹ്മചര്യം പോകുമെന്ന് പേടിക്കുന്ന സ്വാമിയെക്കുറിച്ച് ഒന്നും പറയാനില്ല. എന്നാൽ ഇതൊക്കെ സമ്മതിച്ച് സ്വാമിയെ വിളിച്ചുവരുത്തുകയും വേദിയിൽ നിന്ന് എഴുത്തുകാരിയെ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്ത കറണ്ട് ബുക്‌സ് മുതലാളിയുണ്ടല്ലോ, അവന്റെ കരണത്തൊന്ന് പൊട്ടിക്കാൻ ഇവിടുത്തെ സ്ത്രീകൾ തയ്യാറാവണമെന്ന അഭിപ്രായവും സജീവമായി. ചർച്ച പുരോഗമിക്കുന്നതിനിടെ പുസ്തക പ്രകാശനം വേണ്ടെന്ന് വച്ചുള്ള തൃശൂർ കറന്റ് ബുക്‌സിന്റെ തീരുമാനവുമെത്തി. അതിനെ സ്വാഗതം ചെയ്തവരും പെണ്ണിന് മുന്നിലിരിക്കില്ലെന്ന സ്വാമിയുടെ നിലപാടിനെ ചോദ്യം ചെയ്തു. സ്വാമി വരില്ലാത്രെ.. ആ സ്വാമി പങ്കെടുക്കണമെന്ന കറന്റ് ബുക്‌സിന് മാത്രമല്ലേ നിർബന്ധം. അയാൾ വരണ്ട സാർ. ഈ ഈ നാട്ടിൽ കാലുകുത്തിപ്പോകരുത്.. ഇതായിരുന്നു പൊതു വികാരം.

ഇതിനിടെയിൽ ചടങ്ങിൽ പങ്കെടുക്കരുതെന്ന് എംടി വാസുദേവൻ നായരോടുള്ള അഭ്യർത്ഥനയും സജീവമായി. സ്ത്രീകൾ അടുത്ത് ഉണ്ടാവാൻ പാടില്ലന്നാണ് പ്രാമുഖ് പറയുന്നത്. സദസ്സിന്റെ ആദ്യനിരകൾ സ്വാമി ശിഷ്യർക്കായി നീക്കിവച്ചെന്നും കേൾക്കുന്നു. ചടങ്ങിൽ എം ടി വാസുദേവൻ നായരോടൊപ്പം കലാമിന്റെ സഹ എഴുത്തുകാരൻ അരുൺ തിവാരിയും പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം മുതലക്കുളത്ത് ഫാസിസത്തിനെതിരായി പ്രസംഗിച്ച എം ടി ഈ ഫാസിസ്റ്റ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. ഏതായാലും തൃശൂരിലുണ്ടായിട്ടും പ്രസാധക ചടങ്ങിന്റെ വേദിയിൽ പോലും എംടി എത്തിയില്ല. പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് തന്നെയാണ് ഈ തീരുമാനം എന്നാണ് സൂചന.