തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജിന് ശിക്ഷ പോരാ എന്നാണ് ഉത്രയുടെ അമ്മ പ്രതികരിച്ചത്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും അവർ പറഞ്ഞു. വധിശിക്ഷ നൽകേണ്ട കേസാണിതെന്നും, അല്ലെന്നും ഉള്ള വിരുദ്ധാഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.'പൊതുപ്പണം ഉപയോഗിച്ച് തടിച്ചുകൊഴുക്കാൻ ഒരുവിധി. നാല് പതിറ്റാണ്ട് അവന് തീറ്റ കൊടുക്കേണ്ടത് നമ്മുടെ നികുതിപ്പണം കൊണ്ട്..പ്രതിക്ക് നീതി കൊടുക്കാനായിരുണെങ്കിൽ എന്തിനാണ് ഒരു കോടതി..? ഇരയുടെ ജീവനേക്കാൾ സഹതാപം വേട്ടക്കാരനോട് തോന്നുന്ന ഒരു പ്രതേക നീതിപീഠം തന്നെ..' സോഷ്യൽ മീഡിയയിലെ ചില അഭിപ്രായങ്ങൾ ഇങ്ങനെ.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ജീവതത്തിൽ തടിച്ചുകൊഴുത്തതും, പുതുക്കിയ ജയിൽ മെനുവും എല്ലാം ചിലർ പോസ്റ്റ് ചെയ്യുന്നുണ്ട്. വധശിക്ഷയാണ് ഇത്തരക്കാരുടെ കണ്ണിൽ അഭികാമ്യം.

അതേസമയം, കൊലയ്ക്ക് എല്ലായ്‌പ്പോളും പരിഹാരം നിയമപരമായ കൊലയല്ല എന്നാണ് അഡ്വ.ഹരീഷ് വാസുദേവന്റെ അഭിപ്രായം. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും എന്നും ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ പോസ്റ്റ് ഇങ്ങനെ:

കൊലയ്ക്ക് എല്ലായ്യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.

സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ 'ഇതിലും ഭേദം മരണമായിരുന്നു' എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും.

ഓ, 'ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ' എന്ന ക്‌ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

ജയിൽ എന്നാൽ സുഖജീവിതത്തിന് ഉള്ളതല്ലെന്നും ആളുകളെ തിരുത്തി നല്ല ജീവിതത്തിലേക്ക് നയിക്കാനാണെന്നും മ്‌റ്റൊരു പോസ്റ്റിൽ ഹരീഷ് ഓർമ്മിപ്പിക്കുന്നു.

കുറ്റകൃത്യം ചെയ്തവരെന്നു വിചാരണാകോടതി കണ്ടെത്തിയവരെയും, അത് ശരിയല്ലെന്നു മേൽക്കോടതിയിൽ അപ്പീൽ നല്കിയവരെയും വിചാരണ കാത്തിരിക്കുന്നവരെയും പാർപ്പിക്കുന്ന ഇടമാണ് ജയിൽ. മലമൂത്ര വിസർജ്ജനത്തിനു പോലും സമയക്ലിപ്തത പാലിച്ചു മാത്രം പ്രാഥമികസൗകര്യം കിട്ടുന്ന ഇടമാണ് ജയിൽ. നാലും അഞ്ചും വർഷത്തെ ശിക്ഷ കഴിയുമ്പോൾ മേൽക്കോടതി, ഇവർ പ്രതികളേ അല്ലെന്നും മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും കണ്ടെത്തിയ കേസുകളുണ്ട്...

Prison and Correctional Services എന്നാണ് ആ വകുപ്പിന്റെ പേര്. പൊതുപണം ഉപയോഗിച്ചു ക്രിമിനലുകളെ പാർപ്പിച്ചു മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാൻ ശ്രമിക്കുന്ന സംവിധാനത്തിന്റെ പേരാണ് ജയിൽ. inmates ന്റെ ഭക്ഷണവും അവശ്യ സൗകര്യങ്ങളും ചികിത്സയും വിനോദവും വരെ സർക്കാർ ചെലവിലാണ്. അതിനുള്ള പണം ചെലവാക്കുന്നത് ബജറ്റിൽ നിന്ന് തന്നെയാണ്. സർക്കാരിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് അത്. ജയിൽവാസകരെ പണിയെടുപ്പിച്ച് ഭക്ഷണം ഉണ്ടാക്കി വിറ്റു സർക്കാർ എത്രയോ പണം ഉണ്ടാക്കുന്നുണ്ട് എന്നത് വേറെ. ലാഭനഷ്ട കണക്ക് നോക്കാൻ ജയിൽ ഒരു കച്ചവടമല്ല.
നികുതിപ്പണം സ്‌റേറ്റിന് പൗരൻ നൽകുന്ന ഔദാര്യമല്ല. നികുതി സ്റ്റേറ്റിന്റെ നിലനിൽപ്പാണ്. അതെങ്ങനെ ചെലവാക്കണം എന്നതിന് പോലും ഭരണഘടനയുടെ അതിരുകൾക്ക് അകത്ത് നിന്നേ സർക്കാരുകൾക്ക് പോലും തീരുമാനിക്കാനാകൂ. പൗരന് അതേപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശത്തിന്റെ അതിര് വ്യക്തമാണല്ലോ.

ജയിലിൽ തീറ്റ കൊടുക്കുന്നത് എന്റെ നികുതിപ്പണം ആണെന്ന് വേവലാതിപ്പെടുന്നവർക്ക് ജനാധിപത്യ ക്രമം ചേരില്ല. പല്ലിനു പല്ല് എന്ന നീതി വേണ്ടവർ വല്ല ഇസ്ലാമിക് സ്റ്റേറ്റിലോ രാജഭരണത്തിലോ ഗോത്രവർഗ്ഗങ്ങളിലോ പോകുന്നതാണ് നല്ലത്.കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കഴിഞ്ഞാൽ, ജീവിതം ബാക്കിയുണ്ടെങ്കിൽ, അന്തസ്സായി മറ്റു മനുഷ്യരെപ്പോലെ നമുക്കിടയിൽ ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യയിൽ. അതാണ് ആധുനികസമൂഹത്തിന്റെ ലക്ഷണവും. ജീവപര്യന്തം ജയിൽ എന്നാൽ ജീവനുള്ള കാലത്തോളം ജയിലിൽ എന്നു തന്നെയാണ് അർത്ഥം എന്നു കോടതികൾ പലവുരു പറഞ്ഞിട്ടുള്ളതുമാണ്.

ജയിലിലെ ഭക്ഷണത്തിൽ ആർഭാടം ഉണ്ടോ, അത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റവാളികളെ reform ചെയ്യാൻ പര്യാപ്തമാണോ, യഥാർത്ഥത്തിൽ reformation നടക്കുന്നുണ്ടോ... എന്നൊക്കെയുള്ള ചർച്ച മെറിറ്റിൽ നടക്കേണ്ടതുണ്ട്. നികുതി കൊടുക്കുന്നതിന്റെ കണക്കും പറഞ്ഞു ജയിലിലെ സൗകര്യങ്ങൾ വാഴ്‌ത്തുന്നവർ, അസംബന്ധം പറയുന്നത് നിർത്തിയിട്ട്, പോയി ജയിലിൽ കിടന്ന് ആ സൗകര്യങ്ങൾ ആസ്വദിച്ചു അവരുടെ നികുതിപ്പണം മുതലാക്കുന്നതല്ലേ നല്ലത്??-

നീതി ന്യായ സംവിധാനത്തിന്റെ ചില പോരായ്മകളെ കുറിച്ച് ഹരീഷ് മറ്റൊരു പോസ്റ്റിലും സൂചിപ്പിക്കുന്നു.

ശരിയാണ്, നമ്മുടെ നീതിന്യായ സംവിധാനത്തിന് പോരായ്മകളുണ്ട്. നിയമം നടപ്പാക്കുമ്പോൾ കണ്ണടച്ചല്ല, അത് മനുഷ്യത്വം നോക്കുന്നുണ്ട്.സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷ കിട്ടുന്നതും ആണെന്ന് അറിഞ്ഞിട്ടും അത് ചെയ്ത ആളുകൾ തന്നെ, ജയിലിനു പുറത്ത് നിന്ന് അതേപ്പറ്റി ഇപ്പോഴും സംസാരിക്കുന്നത് ഈ പഴുതിന്റെ നല്ല ഒരു ഉദാഹരണമാണ്.

 

സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. എന്നാൽ പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വർഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവും സുരജ് അനുഭവിക്കണം. ഈ 17 വർഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.