തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളുടെ നിയമവിരുദ്ധ പ്രവേശനം സാധൂകരിക്കാൻ സർക്കാർ കൊണ്ടുവന്ന ഓഡിനൻസിനെ തുറന്നെതിർക്കാൻ ധൈര്യം കാണിച്ച ഒരേയൊരു ശബ്ദമാണ് വി ടി ബൽറാമിന്റേത്. തുടക്കം മുതൽ ക്രമക്കേട് നടന്ന അഡ്‌മിഷനാണ് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലേത്. ഇവർക്ക് ഒത്താശ ചെയ്യാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചപ്പോഴും പ്രതിപക്ഷ നേതാവിന്റെ തള്ളിപ്പറയാലിന് വിധേയമായെങ്കിലും അതിനെ വകവെക്കാതെയാണ് ബൽറാം നിയമസഭയിൽ ശബ്ദിച്ചത്. ഇന്ന് നിയമലംഘനം നടത്തിയവരെ പുറത്താക്കണമെന്ന് കോടതി ഉത്തരവിട്ടു. സർക്കാർ കൊണ്ടിവന്ന ഓർഡിനൻസിനെയും തള്ളിപ്പറയുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ കേരള നിയമസഭിയിൽ നീതിക്ക് വേണ്ടി ശബ്ദിച്ച ഒരേയൊരാളായ ബൽറാം താരമായി.

സോഷ്യൽ മീഡിയയിൽ ഇടത് അണികൾ പോലും ബൽറാമിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. 139 പേരുടെ നട്ടെല്ലും രണ്ട് മാനേജ്‌മെന്റുകളുടെ പണക്കൊഴുപ്പിന് മുന്നിൽ വളഞ്ഞപ്പോൾ നേരോടെ നിർഭയനായി നിൽക്കാൻ ഒരു ബൽറാമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ബൽറാമിന്റെ ഇന്നലത്തെ പ്രസംഗവും സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. പ്രതിപക്ഷ-ഭരണപക്ഷ ഒത്തുകളി പുറത്തു കൊണ്ടുവരാൻ മുഖ്യ കാരണക്കാരൻ ബൽറാമാണ്. അതുകൊണ്ട് തന്നെ ബൽറാമാണ് ശരിയെന്ന നിലപാടിന് കയടിച്ചാണ് സോഷ്യൽ മീഡിയ വരവേൽക്കുന്നത്.

വി ടി ബൽറാമിനെ അനുകൂലിച്ചു കൊള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബില്ല് പാസാക്കാൻ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും രംഗത്ത് വന്നിരുന്നു. അതേസമയം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവിയെ ഓർത്താണ് ബില്ലിനെ പിന്തുണച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ ഇന്നലെയാണ് പാസാക്കിയത്. സുപ്രീംകോടതി വിമർശനം അവഗണിച്ചുകൊണ്ടാണ് ഐകകണ്‌ഠേന ബിൽ പാസാക്കിയത്.

ബൽറാമിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ കെ പി സുകുമാരൻ എഴുതിയത് ഇങ്ങനെ:

ചെന്നിത്തലയും പിണറായി വിജയനും കൂടി പാസ്സാക്കിയ ബിൽ ചാപിള്ളയായി. ബില്ലിൽ ഗവർണ്ണർ ഇനി ഒപ്പ് വയ്ക്കില്ല. ഈ ബിൽ നിയമം ആയിരുന്നെങ്കിൽ ഇന്ത്യ മുഴുവനും മെഡിക്കൽ വിദ്യാഭ്യാസം കുത്തഴിഞ്ഞ് പോയേനേ. സുപ്രീം കോടതി വിധി വളരെ ഉജ്ജ്വലമായി. വെറും 180 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ വിദ്യാഭ്യാസം മാത്രമാണ് നഷ്ടമാവുക. പിണറായിയും ചെന്നിത്തലയും ശൈലജ ടീച്ചറും വെപ്രാളപ്പെടുന്നത് പോലെ ആ വിദ്യാർത്ഥികൾ ഭാവി നഷ്ടപ്പെട്ട് പിച്ച തെണ്ടേണ്ടി വരില്ല. 180 വിദ്യാർത്ഥികളുടെ ഭാവി എന്നും പറഞ്ഞ് വാങ്ങിയ കോഴയ്ക്ക് പ്രതിഫലമായിട്ടായിരിക്കണം പിണറായിയും ശൈലജ ടീച്ചറും ചെന്നിത്തലയും ഈ ബിൽ കൈടിച്ച് പാസ്സാക്കിയത്.

എന്നാൽ നിയമസഭ പാസ്സാക്കിയാൽ അത് നിയമം ആവില്ല. ഗവർണ്ണർ ഒപ്പ് വെയ്ക്കണം. ഇപ്പോൾ ഓർഡിനൻസ് ആണ് സുപ്രീം കോടതി റദ്ധ് ചെയ്തത്. ബിൽ അവിടെ തന്നെയുണ്ട്. ഇനി അഥവാ ഗവർണ്ണർ ആദ്യം മടക്കിയാൽ സർക്കാർ പിന്നെയും സമർപ്പിച്ചാൽ ഗവർണ്ണർക്ക് ഒപ്പ് വയ്‌ക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന പക്ഷം ഈ നിയമവും സുപ്രീം കോടതി റദ്ധ് ചെയ്യും എന്ന് ഉറപ്പ്. അധികാരം ഉണ്ട് എന്ന് വെച്ച് സർക്കാരിനു തോന്നിയ പോലെ നിയമം ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് പാസ്സാക്കിയ ഈ ബിൽ ചവറ്റ് കൊട്ടയിൽ എറിഞ്ഞിട്ട് സർക്കാരും പ്രതിപക്ഷവും തെറ്റ് തിരുത്തുന്നതാണ് നല്ലത്.

ഇഷ്ടം പോലെ തലവരിപ്പണം കൊടുക്കാൻ കഴിവുള്ള 180 വിദ്യാർത്ഥികളുടെ ഭാവിയല്ല, രാജ്യമൊട്ടാകെയുള്ള പഠിപ്പുള്ള സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയാണ് നോക്കേണ്ടത് എന്ന് പിണറായിയോടും ചെന്നിത്തലയോടും ശൈലജ ടീച്ചറോടും ജനം പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് മുതലാളിമാരോട് വല്ല കോഴയും വാങ്ങിയിട്ടുണ്ടെങ്കിൽ അത് മടക്കിക്കൊടുക്കുകയും വേണം.

VT Balram അഭിവാദ്യങ്ങൾ !

ശ്രീജിത്ത് ശ്രീകുമാർ ഫേസ്‌ബുക്കിൽ കുറിച്ച്:

താത്വികമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഇടതോ വലതോ തമ്മിൽ കേരളത്തിൽ കാര്യമായ വ്യത്യാസം ഒന്നും ഇല്ല. ന്യായീകരണ തൊഴിലാളികളും അണികളും സ്വന്തം പ്രസ്ഥാനം എന്ന പുള്ളിപുലിയുടെ പുള്ളിയെണ്ണി അതിന്റെ വീതി, വലിപ്പം, ഏതു ശരീരഭാഗത്താണ് എന്റെ പുലിക്ക് പുള്ളി കൂടുതൽ തുടങ്ങിയ ചില ഉപരിപ്ലവമായ കാര്യങ്ങളും പറഞ്ഞ് ഇതാണ് ഞങ്ങൾ തമ്മിലുള്ള വിത്യാസം എന്ന് പറഞ്ഞു ആത്മരതിയണയുന്നു എന്ന് മാത്രം. സംഗതി രണ്ടും ഒരേ ജനുസ്സ് തന്നെ. സ്വഭാവത്തിൽ നേരിയ വിത്യാസം കണ്ടാലും ഭക്ഷണ-അതിജീവന ശീലങ്ങളിൽ ഒരു മാറ്റവും ഇല്ല.

അതുകൊണ്ടൊക്കെത്തന്നെയാണ് ഇടതിൽ ഉള്ളവർക്ക് വലത്തോട്ടോ വലതിൽ ഉള്ളവർക്ക് ഇടത്തോട്ടോ മാറാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തതും, പലരും മാറുന്നതും.

തങ്ങളുടെ പ്രത്യയശാസ്ത്രമെന്ന വർണ്ണ കുപ്പായവുമിട്ടു അധികാരവും പണവും തമ്മിലുള്ള പരസ്പര സഹകരണവും അത് നിലനിർത്താനുള്ള കളികളും നടത്തുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും കാര്യമായി ഈ അടുത്ത കാലങ്ങളിൽ നിയമനിർമ്മാണത്തിനുള്ള ഭരണഘടനാ അധികാരവും ജനങ്ങൾ നൽകിയ അധികാരവും കൊണ്ട് ഈ രണ്ടു പാർട്ടികളും കേരളത്തിൽ ചെയ്തിട്ടില്ല.

അവിടെയാണ് 2 വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടി, അവരുടെ മാനേജ്മന്റ് കോടതിയിൽ പോയി തൊറ്റ ഒരു കേസ്, സർക്കാർ ജയിച്ച ഒരു കേസ്, അട്ടിമറിക്കാൻ, അവർക്ക് മുന്നോട്ടു പോകാൻ ഇടതും വലതും ഒന്നിച്ചു എന്നത്,അതിനു വേണ്ടിയുള്ള നിയമനിർവഹണം നടത്തി എന്നത്, പലരേയും അത്ഭുതപ്പെടുത്തുന്നത്, വിഷമിപ്പിക്കുന്നത്

അല്ല, നിങ്ങളൊന്നും ഈ ലോകത്തല്ലേ ജീവിക്കുന്നത് ??? അതിജീവനത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഈ പരസ്പര സഹകരണ രാഷ്ട്രീയ സംഘടനകൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരും... സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും.... എന്നൊക്കെയാണോ ഇപ്പോഴും കരുതുന്നത്???!

യൂത്ത് കോൺഗ്രസ്സ്, DYFI, KSU, SFI തുടങ്ങിയ തിളയ്ക്കുന്ന യൗവനങ്ങൾക്കും സുഖമാണല്ലോ അല്ലേ! പിന്നെ ഇതിലൂടെയൊക്കെ വന്ന മറ്റു യുവ MLAമാർ...അവരും മിണ്ടില്ല, പണ്ടും പലതിനും മിണ്ടിയിട്ടില്ല. കാരണം, നാളെ അവർക്കും കളിക്കേണ്ട അല്ലെങ്കിൽ എന്ന് പലരും കളിക്കുന്ന അധികാരവും പണവും ഒക്കെ ചേർത്തുള്ള കളിയുടെ നിയമങ്ങൾ മാത്രമേ ഇന്നലത്തെ പ്രത്യേക നിയമനിർമ്മാണത്തിലും നടന്നിട്ടുള്ളൂ. പൈസയുള്ളവർ പഠിക്കട്ടെ, പൈസയുള്ളവർ ഭരണം നിയന്ത്രിക്കട്ടെ അതല്ലേ ജനാധിപത്യത്തിന്റെ രീതി. പിന്നെ സാധാരണക്കാർ...ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ ആണ്, ആർക്കും സമയം ഇല്ല. വോട്ട് വരുമ്പോൾ അവറ്റകൾ ഇടാതോ വലതോ കുത്തിക്കോളും. കാലങ്ങളായുള്ള ശീലിച്ച, ശീലിപ്പിച്ച കാര്യമല്ലെ.

പക്ഷെ VT Balram, ഇതെന്തുദ്ദേശിച്ചാണ് താങ്കൾ ഈ നിയമനിർമ്മാണത്തിനെ എതിർത്തത്? നിങ്ങൾക്ക് നാളയെക്കുറിച്ച്, സ്വന്തം നിലനില്പിനെക്കുറിച്ച് ചിന്തയൊന്നും ഇല്ലേ? നിങ്ങളുടെ കളിയറിയാവുന്ന നേതാക്കളുടെ കണ്ണിലെ കരടായി എത്രകാലം? പഠിക്കാൻ കഴിവുള്ള സാധാരണക്കാരുടെ കൂടെനിന്ന് എന്ത് കിട്ടാൻ? എന്തായാലും സ്വീകരിച്ച നിലപാടിന് ഒരുപാട് അഭിനന്ദങ്ങൾ.