തൃശൂർ: കല്യാൺ സാരീസിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സൈബർ ലോകവും രംഗത്ത്. കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ പുലർത്തുന്ന അവഗണനക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ കമന്റ് സമരം.

നാൽപത് ദിവസമായി കല്യാണിന് മുമ്പിൽ തൊഴിലാളികൾ തുടരുന്ന സമരം കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളടക്കം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് വിവിധ മാദ്ധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളുടെ കമന്റ് ബോക്‌സുകളിൽ സമര വാർത്തകൾ നിറച്ച് സൈബർ ലോകം സമരം ചെയ്യുന്നത്.

പത്ത് മണിക്കൂർ നീളുന്ന തങ്ങളുടെ ജോലി സമയത്തിനിടെ ഇരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്നാണ് കല്യാണിലെ വനിതാ തൊഴിലാളികൾ സമരം ആരംഭിച്ചത്. പിന്നീട് വിവിധ പ്രതികാര നടപടികളാണ് തൊഴിലാളികൾക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ചത്.

സമരം ചെയ്ത ജീവനക്കാരെു തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇരിക്കൽ സമരം തുടങ്ങിയത്.
നേരത്തെ സമരത്തിന്റെ വിവരം അറിയിക്കാൻ സമര സമിതി പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും സമരത്തെ ശരിയായ വിധം പൊതുജനങ്ങളിൽ എത്തിക്കാൻ മാദ്ധ്യമങ്ങൾ വിമുഖത കാണിച്ചു.

'മാദ്ധ്യമങ്ങളുടെ മൗനത്തിന്റെ കോട്ടകൾ ജനങ്ങൾ ഭേദിക്കുന്ന ദിനം' എന്ന പേരിൽ ഇരിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ ഓൺലൈൻ സമരത്തിന് സോഷ്യൽ മീഡിയകളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.

വാർത്ത തമസ്‌കരിച്ച ചാനലുകളുടെയെല്ലാം ഫേസ്‌ബുക്ക് പേജുകളിൽ ഓരോ പോസ്റ്റിനും താഴെ നൂറുകണക്കിനു കമന്റുകളാണ് നിറഞ്ഞത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരവധി സംഘടനകൾ എത്തിയിരുന്നെങ്കിലും മുഖ്യധാര മാദ്ധ്യമങ്ങളൊന്നും ഇതിനു പിന്തുണയേകിയില്ല. കല്യാണിന്റെ പരസ്യത്തിൽ നിന്നുള്ള വരുമാനം നിന്നുപോകുമെന്ന ഭയമാണ് മാദ്ധ്യമങ്ങളെ പിന്നോട്ടടിച്ചത്. ഇതെത്തുടർന്നാണ് ഫെബ്രുവരി 12 കല്യാണിലെ പോരാളികളായ സ്ത്രീകളോടുള്ള ഐക്യദാർഢ്യദിനമായി സോഷ്യൽ മീഡിയ ആചരിച്ചത്.

''ആറു സ്ത്രീകൾ എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ഒരു സമര ഭൂമിയിൽ പോരാടാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. കല്യാൺ സാരീസിലെ തൊഴിലാളികൾ ആണ് അവർ. വലിയ ആവശ്യങ്ങൾ ഒന്നും അവർക്കില്ല. ജോലിയുടെ ഇടവേളയിൽ ഒന്നിരിക്കാൻ അനുവദിക്കണം എന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്. അങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ പേരിൽ അവരെ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. ഈ അനീതിക്കെതിരെ വെറും ആറു സ്ത്രീകൾ ഒരു രാഷ്ട്രീയപാർട്ടിയുടേയും തണലില്ലാതെ സമരം ചെയ്യുകയാണ്. ആ നിശ്ചയ ധാർട്യത്തിന്ന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും, കാശുവാങ്ങി സമരവാർത്ത തമസ്‌കരിച്ച മുഖ്യധാരാ മാദ്ധ്യമങ്ങളോട് പ്രതിഷേധിച്ചുകൊണ്ടും ഫെബ്രുവരി 12 ന് സോഷ്യൽമീഡിയയിൽ പ്രതീകാത്മകസമരം നടത്തുകയാണ്. എല്ലാ മാദ്ധ്യമങ്ങളുടെയും ഓൺലൈൻ എഡിഷനിൽ സമരവാർത്തകൾ കമന്റ് ചെയ്തുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. കഴിയുന്ന എല്ലാവരും ഈ സമരത്തിൽ പങ്കാളികളാവുക. ഒരേ മനസ്സോടെ നമ്മുടെ സഹോദരിമാർക്ക് വേണ്ടി നമുക്കീ സമരത്തിൽ പങ്കാളികളാവാം. ഫെബ്രുവരി 12 ന് സമരവാർത്തകൾ കൊണ്ട് ഫേസ്‌ബുക്ക് നിറക്കാം'' എന്ന ആഹ്വാനത്തോടെയാണ് സൈബർ ലോകം സമരം ഏറ്റെടുത്തത്.