- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപമാനിക്കാൻ ശ്രമിച്ച കണ്ടക്ടർക്കെതിരെ പരാതിപ്പെട്ടതിന് ക്രൂര ആക്രമണത്തിന് ഇരയായ നീതുവിന് ഇതുവരെ നീതി ലഭിച്ചില്ല; പൊലീസ് നിലപാടു ചോദ്യം ചെയ്ത് സൈബർ ലോകം
തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിന് കാരണക്കാർ ആരാണ്? പരാതിപ്പെട്ടാലും നടപടികളെടുക്കാൻ വൈകുന്ന പൊലീസിന്റെ അനാസ്ഥ എന്ന് അവസാനിക്കും? സാധാരണക്കാർക്കു നീതി ലഭിക്കാതിരിക്കുകയും ഉന്നതർ എന്തു കുറ്റംചെയ്താലും ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിലപാടുകൾക്ക് നമ്മുടെ നാട്ടിൽ എന്നാണ് മാറ്റമുണ്ടാകുക? അപമാനി
തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിന് കാരണക്കാർ ആരാണ്? പരാതിപ്പെട്ടാലും നടപടികളെടുക്കാൻ വൈകുന്ന പൊലീസിന്റെ അനാസ്ഥ എന്ന് അവസാനിക്കും? സാധാരണക്കാർക്കു നീതി ലഭിക്കാതിരിക്കുകയും ഉന്നതർ എന്തു കുറ്റംചെയ്താലും ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിലപാടുകൾക്ക് നമ്മുടെ നാട്ടിൽ എന്നാണ് മാറ്റമുണ്ടാകുക?
അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ പരാതിപ്പെട്ടതിന് ഗുണ്ടകളുടെ ക്രൂര മർദനത്തിന് ഇരയായ തൃശൂർ സ്വദേശി നീതുവിന് പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിൽ സോഷ്യൽ മീഡിയയുടെ പ്രതിഷേധം ഉയരുകയാണ്. ബസിൽ ശല്യം ചെയ്ത കണ്ടക്ടർക്കെതിരെ പരാതിപ്പെട്ടതിനാണ് പേരാമംഗലം സ്വദേശി നീതുവിനെ ഗുണ്ടകൾ ക്രൂരമായി മർദിച്ചത്. സംഭവം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിനെതിരായാണ് സോഷ്യൽ മീഡിയ പ്രതിഷേധം ഉയർത്തുന്നത്.
എടക്കളത്തൂർ പോന്നോർ കല്ലൊരവഴിയിൽ ചവറാട്ടിൽ സുജിത്തിന്റെ ഭാര്യ നീതുവിനെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി പൊള്ളലേൽപ്പിച്ചത്. കൈയ്ക്ക് സാരമായി പൊള്ളലേറ്റു. പിൻവാതിലിലൂടെ വീട്ടിൽ കയറിയ രണ്ടുപേരാണ് അടുക്കളയിലെ തീയിൽ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പെൺകുട്ടിയുടെ ഇടതുകൈത്തണ്ടയിൽ വച്ച് പൊള്ളിച്ചത്. പൊലീസിൽ പരാതി നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഒരാൾ സിഗരറ്റ് കുറ്റി കഴുത്തിൽവച്ച് പൊള്ളിക്കുകയും ചെയ്തു. വീടിന്റെ വാതിൽ കുറ്റിയിട്ട് വായിൽ കുത്തിപ്പിടിച്ചാണ് ഇവർ പെൺകുട്ടിയെ ആക്രമിച്ചത്.
പേരാമംഗലം പൊലീസ് സ്‌റ്റേഷനിലും കുന്നംകുളം പൊലീസ് സ്‌റ്റേഷനിലും നീതു പരാതി നൽകിയെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. പരാതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത പൊലീസ് സമീപനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ആക്രമണത്തിന്റെ ഭീതി ഇപ്പോഴും നീതുവിനെ വിട്ടകന്നിട്ടില്ല. പൂവാലശല്യത്തെ എതിർത്തതിന് ക്രൂര പീഡനമേറ്റ നീതുവിന്റെ പരാതിയെ പൊലീസും കാര്യമായെടുക്കാത്ത അവസ്ഥയാണ്. ഇരുമ്പു കമ്പി ചൂടാക്കി കൈയിൽ വച്ചു പൊള്ളിച്ച പാടുകണ്ടിട്ടും വാഹനാപകടത്തിനാണ് പൊലീസ് അന്നു കേസ് എടുത്തത്.
തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന കെഎൽ 46 313 അലങ്കാർ ബസിലെ കണ്ടക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിലായിരുന്നു ആക്രമണം. കോളേജിലേയ്ക്ക് പോകുമ്പോൾ ബസിൽ സ്ഥിരമായി കണ്ടക്ടർ അപമര്യാദയായി സംസാരിക്കുമായിരുന്നു. 'ദിവസവും വീട്ടുകാരറിയാതെ വിളിക്കുന്നതിന് റീച്ചാർജും ചെയ്ത് തരും. പറഞ്ഞതുപോലെ ചെയ്താൽ എല്ലാദിവസവും സൗജന്യമായി ബസിൽ യാത്ര ചെയ്യാം' എന്നാണ് കണ്ടക്ടർ പറഞ്ഞത്.
സഹിക്കാൻ വയ്യാതായപ്പോൾ നീതു ഭർത്താവിനോട് പറഞ്ഞു. പൊലീസിൽ കേസും നൽകി. കോളേജിന് മുന്നിൽ വച്ച് ഉപദ്രവിച്ച അയാൾ തന്നെയാണ് വീട്ടിൽ വന്ന് കൈ പൊള്ളിച്ചതുമെന്ന് നീതു പരാതിപ്പെട്ടു.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ വാതിൽ കുറ്റിയിട്ട് വായിൽ കുത്തിപ്പിടിച്ചായിരുന്നു അക്രമം. 'നീ കണ്ടക്ടർക്കെതിരേ പരാതി നൽകുമല്ലേടീ' എന്ന് ആക്രോശിക്കുകയും 'ഇതിന്റെ ധൈര്യത്തിലല്ലേ നീയീ ചെയ്യുന്നതൊക്കെ' എന്നും പറഞ്ഞ് താലിമാല വലിച്ച് പൊട്ടിച്ചെറിയുകയും ചെയ്തു. ഇതുസംബന്ധിച്ച് നീതു കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഗ്യാസ് അടുപ്പ് കത്തിച്ച് ഇരുമ്പിന്റെ കമ്പി ചൂടാക്കി കൈയിൽ വച്ച് പൊള്ളിച്ചു. സിഗരറ്റ് കത്തിച്ച് കഴുത്തിലും കൈകളിലും കുത്തി. ബഹളം വച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും രണ്ടുപേരും രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകിയിട്ടും ആദ്യം കേസ് എടുത്തില്ല. പിന്നെ നാട്ടുകാരുടെ സമ്മർദ്ദത്തെ തുടന്നാണ് എഫ്‌ഐആർ തയ്യാറാക്കിയത്. അപ്പോഴും വാഹനാപകടത്തിനാണ് കേസ് എടുത്തത്. ഇരുപത്തിയഞ്ചിലേറെ മുറിവുകളാണ് നീതുവിന്റെ കൈയിലും കഴുത്തിലുമുള്ളത്. എന്നാൽ ഇതൊക്കെ വാഹനാപകടത്തിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ ഉള്ളത്.