- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഓടെടാ മാധവാ കണ്ടം വഴി; പത്രാധിപർ ജയചന്ദ്രൻനായരെ ചെറ്റയെന്ന് വിളിച്ച എൻഎസ് മാധവനെ ഓടിച്ചിട്ടടിച്ച് സോഷ്യൽ മീഡിയ; ഇത് പെർവേർഷനോ സെൽഫ് പ്രൊജക്ഷനോ എന്ന് ബൽറാം; രണ്ട് മാധവന്മാർക്കും നൽവാഴ്‌ത്തുക്കൾ എന്ന് കെ എ ഷാജി; മാധവൻ തിരുത്തിയേപറ്റൂ എന്ന് ജ്യോതികയും ആ നീലപ്പെൻസിൽ കൊണ്ട് മലയാളികൾ മാധവന്റെ പേരുവെട്ടുമെന്ന് ടി അരുൺകുമാറും ചെവിയടിച്ചുള്ള ഒരടിക്ക് താങ്കൾ അർഹനാണെന്ന് പിആർ ജോൺ ഡിറ്റോയും; മാധവന്റെ 'വേണ്ടാതീന'ത്തിൽ പ്രതികരണങ്ങൾ കനക്കുമ്പോൾ
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രൻ നായരെ 'പത്രാധിപ ചെറ്റ' എന്ന് ട്വീറ്റിൽ വിശേഷിപ്പിച്ച എഴുത്തുകാരൻ എൻഎസ് മാധവന് സോഷ്യൽ മീഡിയയിൽ പൊങ്കാല. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗത്തെ പ്രമുഖരും സോഷ്യൽ മീഡിയയിൽ ആനുകാലിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്നവരും എല്ലാം എൻഎസ് മാധവന്റെ മോശം പരാമർശത്തിന് എതിരെ ശക്തമായി രംഗത്തുവരികയാണ്. ഓടു മോനേ കണ്ടംവഴി എന്ന അടുത്തിടെ തരംഗമായ OMKV ഹാഷ് ടാഗ് ഇപ്പോൾ മാധവനെതിരെ ഓട് മാധവാ കണ്ടംവഴി എന്ന പ്രയോഗമാക്കി മാറ്റിയാണ് മാധവന് എതിരെ സോഷ്യൽ മീഡിയ ശക്തമായി പ്രതികരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എം സുകുമാരനെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു എൻഎസ് മാധവന്റെ വിവാദ പരാമർശം. ആഴ്ചപ്പതിപ്പിൽ കെഎസ് രവികുമാർ എഴുതിയ ലേഖനത്തിൽ, പിതൃതർപ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഒരു വാക്ക് പത്രാധിപർ എസ് ജയചന്ദ്രൻ നായർ വെട്ടിക്കളഞ്ഞതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി, 'എം സുകുമാരന്റെ കഥയിൽ നിന്ന് 'നാറിയ' എന്ന വാക്ക് വെ
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രൻ നായരെ 'പത്രാധിപ ചെറ്റ' എന്ന് ട്വീറ്റിൽ വിശേഷിപ്പിച്ച എഴുത്തുകാരൻ എൻഎസ് മാധവന് സോഷ്യൽ മീഡിയയിൽ പൊങ്കാല. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗത്തെ പ്രമുഖരും സോഷ്യൽ മീഡിയയിൽ ആനുകാലിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്നവരും എല്ലാം എൻഎസ് മാധവന്റെ മോശം പരാമർശത്തിന് എതിരെ ശക്തമായി രംഗത്തുവരികയാണ്. ഓടു മോനേ കണ്ടംവഴി എന്ന അടുത്തിടെ തരംഗമായ OMKV ഹാഷ് ടാഗ് ഇപ്പോൾ മാധവനെതിരെ ഓട് മാധവാ കണ്ടംവഴി എന്ന പ്രയോഗമാക്കി മാറ്റിയാണ് മാധവന് എതിരെ സോഷ്യൽ മീഡിയ ശക്തമായി പ്രതികരിക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എം സുകുമാരനെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു എൻഎസ് മാധവന്റെ വിവാദ പരാമർശം. ആഴ്ചപ്പതിപ്പിൽ കെഎസ് രവികുമാർ എഴുതിയ ലേഖനത്തിൽ, പിതൃതർപ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഒരു വാക്ക് പത്രാധിപർ എസ് ജയചന്ദ്രൻ നായർ വെട്ടിക്കളഞ്ഞതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി, 'എം സുകുമാരന്റെ കഥയിൽ നിന്ന് 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാർവാടി പത്രമുടമയുടെ, ശേവുകനായിരുന്നു' എന്ന് മാധവൻ ട്വീറ്റ് ചെയ്തു. പിന്നീട് ഇനിഷ്യൽ തെറ്റിയതു ബോധ്യപ്പെട്ടപ്പോഴാണ് 'എം അല്ല, എസ് ജയചന്ദ്രൻ നായർ എന്നാണ് പത്രാധിപ ചെറ്റയുടെ ഇനിഷ്യൽ' എന്ന കമന്റ്.
ഇതോടെയാണ് മാധവന്റെ 'ചെറ്റ' പ്രയോഗം സോഷ്യൽമീഡിയ വൃത്തങ്ങളിൽ വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ പലരും എൻഎസ് മാധവന്റെ 'ചെറ്റ' പരാമർശനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുന്നു. മാധവൻ മാപ്പുപറഞ്ഞ് വിവാദ പരാമർശം പിൻവലിക്കണമെന്നും. മുതിർന്ന പത്രാധിപരെ ഇത്തരത്തിൽ അവഹേളിച്ചത് വളരെ ഹീനമായ മാധവന്റെ ഇടപെടലായെന്നും എല്ലാമാണ് വിഷയത്തിൽ ഭൂരിഭാഗം പേരുടേയും പ്രതികരണം.
പത്രാധിപ കുലപതി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന എസ് ജയചന്ദ്രൻനായർക്കെതിരായ മാധവന്റെ ഭാഷാപ്രയോഗം അശ്ലീലവും ആഭാസവുമാണെന്ന് വിമർശനമുന്നയിച്ചവർ മിക്കവരും ചൂണ്ടിക്കാട്ടി. മാധവന്റെ ട്വീറ്റിനു താഴെ എസ് ജയചന്ദ്രൻ നായരെ അധിക്ഷേപിച്ച് മാധ്യമ പ്രവർത്തകനായ എൻ മാധവൻകുട്ടിയും കമന്റ് രേഖപ്പെടുത്തിയിരുന്നു. മാധവൻ തെറ്റായി എഴുതിയ എം എന്ന ഇനിഷ്യൽ കൃത്യമാണെന്നും #OMKV എന്നുമായിരുന്നു മാധവൻകുട്ടിയുടെ ട്വീറ്റ്. ഇിതനെല്ലാം എതിരെ പിന്നീട് വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എംഎൽഎ വി ടി ബൽറാം, നിരൂപകയായ ജ്യോതിക, മാധ്യമപ്രവർത്തകരായ കെഎ ഷാജി, വിആർ ജ്യോതിഷ്, ദിനിൽ, സംഗീത നിരൂപകൻ രമേഷ് ഗോപാലകൃഷ്ണൻ, അദ്ധ്യാപകനും സഹിത്യ നിരൂപകനുമായ ജോൺ ഡിറ്റോ, തിരക്കഥാകൃത്ത് ടി അരുൺകുമാർ, എൻ ഇ സുധീർ തുടങ്ങി നിരവധി പേർ മാധവനെതിരെ ശക്തമായി പ്രതികരണങ്ങളുമായി എത്തി.
ഇത് പെർവേർഷനോ സെൽഫ് പ്രൊജക്ഷനോ?
വിടി ബൽറാം എംഎൽഎ
എകെജി വിഷയത്തിലെ ചർച്ചയ്ക്കിടെ നിങ്ങളേത് കഞ്ചാവാണ് ബൽറാം എന്ന് ചോദിച്ച് പരിഹാസവുമായി എൻഎസ് മാധവൻ എത്തിയിരുന്നു. ഇതിനെ കൂടി ട്രോളിക്കൊണ്ടാണ് ജയചന്ദ്ര്ൻനായരെ അപമാനിച്ച മാധവന്റെ പ്രയോഗത്തിനെതിരെ ബൽറാം എത്തിയത്.
നിങ്ങളേത് പുകയാണ് വലിക്കുന്നതെന്ന് ഞാൻ ചോദിക്കുന്നില്ലെന്ന് പറഞ്ഞ ബൽറാം 'ചേറിൽ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകൾ മാത്രം സ്വന്തമായുള്ളവരുമൊക്കെ സംസ്‌കാരശൂന്യരാണ് എന്ന പഴയ മാടമ്പി ധാർഷ്ട്യത്തിന്റെ സംഭാവനയാണ് 'ചെറ്റ' എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തതുകൊണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് പെർവെർഷനോ സെൽഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂ എന്നായിരുന്നു ബൽറാമിന്റെ കുറിപ്പ്.
#OMKV ഓട് മാധവാ കണ്ടം വഴി
ദിനിൽ സി. എ (മാധ്യമ പ്രവർത്തകൻ)
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാനുള്ള റിപ്പോർട്ടിൽ നീതിബോധത്തിന്റെ കണിക പോലും അവശേഷിക്കാതെ ഒപ്പിട്ട മാഹാനാണ് എൻ.എസ് മാധവൻ എന്നു കേട്ടത് ശരിയാണോ ! പത്രാധിപർ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ്
രണ്ട് മാധവന്മാർക്കും നൽവാഴ്‌ത്തുക്കൾ
കെഎ ഷാജി (മാധ്യമ പ്രവർത്തകൻ)
ചെറ്റകുടിലിൽ ജീവിക്കുന്ന മനുഷ്യരെ ആക്ഷേപിക്കാനായി ഫ്യൂഡൽ മാടമ്ബികൾ ഉപയോഗിച്ചു തുടങ്ങിയ പദമാണ് ചെറ്റയെന്ന് ഇവർക്ക് രണ്ട് പേർക്കും അറിയാത്തതല്ല. സായുധ വിപ്ലവം വിട്ട് അവസരവാദത്തിന്റെ ന്യായീകരണ വിപ്ലവ വഴികളിൽ നടക്കുന്ന രണ്ട് മാധവന്മാർക്കും നൽവാഴ്‌ത്തുക്കൾ. ഇരുവർക്കും ശ്യാമമാധവം.
ഇത് ജയചന്ദ്രൻ സാറിന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കട്ടെ
ടി ടി ശ്രീകുമാർ
ഓരോ വ്യക്തിയുമായും ഓരോരുത്തർക്കും വ്യത്യസ്തമായ ബന്ധമാണ് ഉണ്ടാവുക. മറ്റുള്ളവരുടെ ജീവ ചരിത്രങ്ങൾക്ക് മേൽ കയറി നിന്ന് നമുക്ക് അറിയാത്തവയെ കുറിച്ച് പറയാൻ കഴിയില്ല. പക്ഷെ , സ്‌നേഹത്തിന്റെ ഒരു വിദൂര സ്പർശം കൊണ്ടെങ്കിലും ഒരാൾ ഓമനിച്ചിട്ടുണ്ടെങ്കിൽ അത് പറയേണ്ട ഒരു സന്ദർഭത്തിൽ പറയാതിരിക്കുന്നത് നീതികേടാണ്. എനിക്ക് ജയചന്ദ്രൻ സാർ അങ്ങനെ ഒരാളാണ്. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എനിക്കറിയാം. റോഡരുകിൽ നിന്ന് പോലും എന്നോട് മണിക്കൂറുകൾ സംസാരിച്ചിട്ടുണ്ട്- ഞാൻ വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ. എഴുതാൻ പ്രോല്‌സാഹിപ്പിച്ചിട്ടുണ്ട്. ചോദിച്ചു വാങ്ങി ലേഖനങ്ങൾ കൊടുത്തിട്ടുണ്ട്. കലാകൗമുദിയിലും മലയാളത്തിലും. അദ്ദേഹം എഴുതാൻ പറഞ്ഞ ചില കാര്യങ്ങൾ - ചില ഫീച്ചറുകളും മറ്റും- സാധ്യമല്ല എന്ന് പറഞ്ഞത് പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്. എനിക്കിഷ്ടമുള്ളതേ ചോദിച്ചാലും ഇല്ലെങ്കിലും എഴുതൂ എന്ന നിർബന്ധത്തോട് ഒരു പ്രതികാര ബുദ്ധിയും കാണിച്ചിട്ടില്ല.
എനിക്ക് അകൽച്ചയോ വെറുപ്പോ തോന്നേണ്ട ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അദ്ദേഹത്തെ വിമർശിക്കുന്നതിൽ പരിഭവിച്ചിട്ടില്ല. ഞാൻ എന്റെ രാഷ്ട്രീയമാണ് എക്കാലത്തും എഴുതുന്നത്. അതിനു വേണ്ടി മാത്രമാണ് എഴുതുന്നത് എന്ന് പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ അദ്ദേഹത്തിന് ഒരു വിസമ്മതവും ഉണ്ടായിരുന്നില്ല. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞു വല്ലാത്ത മാനസിക ഭാരത്തോടെ ആണ് മടങ്ങിയത്. അങ്ങനെ പറഞ്ഞു അദ്ദേഹത്തെ പോലെ ഒരാളെ അകറ്റണമായിരുന്നോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഉറപ്പിച്ചു പറയാതെ ഞാൻ എങ്ങനെ മുന്നോട്ടു പോകും എന്നും മനസ്സിൽ വിചാരപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ സഹായമോ പത്രാധിപ സുഹൃത്തുക്കളോ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. കെ.സി നാരായണനും, എൻ ആർ എസ ബാബുവും ജയ ചന്ദ്രൻ സാറും ഒക്കെ വിദൂരത്ത് നിന്നുള്ള പരിചയം മാത്രം ഉള്ള ഒരാൾ.
എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ട്, സാർ അപ്പോൾ ചെയ്തത് കലാകൗമുദി കേരള വികസനത്തെ കുറിച്ച് നടത്തിയ സംവാദത്തിൽ എന്റെ അഭിപ്രായം കൂടി വാങ്ങുവാൻ ആളെ അയക്കുക ആയിരുന്നു. ഞാൻ എഴുതിക്കൊടുത്തെങ്കിലും അത് എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത് എന്ന് എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. എന്നാൽ കേവലം ഒരു വിദ്യാർത്ഥി മാത്രമായിരുന്ന എന്റെ കുറിപ്പ് അദ്ദേഹം ചേർത്തത് ഇ.എം.എസ്, ഉമ്മൻ ചാണ്ടി, പി ജെ ജൊസഫ്, മൈക്കിൽ തരകൻ, ചെറിയാൻ ഫിലിപ്പ് കെ. രാമചന്ദ്രൻ നായർ എന്നിവരോടൊപ്പം കലാകൗമുദിയുടെ കവർ പേജിൽ വലുതായി പേര് കൂടി ചേർത്തുകൊണ്ടായിരുന്നു. ഇ.എം. എസ്. , ടി ടി ശ്രീകുമാർ ...എന്നിങ്ങനെ കാണുന്നത് അന്ന് ഒരു ചെറിയ കാര്യമല്ല. ഇന്നുമല്ല.
വിമർശനം രാഷ്ട്രീയത്തിന്റെ പേരിലാണ്, വ്യക്തിപരമല്ല. ഞാൻ എനിക്ക് പറയാനുള്ളത് പറയുന്ന ഒരാളാണ് എന്ന് അദ്ദേഹത്തോട് തറപ്പിച്ചു പറഞ്ഞതിന് വെറുപ്പോ അകൽച്ചയോ അല്ല, ഇങ്ങനെ വലിയൊരു അഭിനന്ദനം ആണ് അദ്ദേഹം നൽകിയത്. എന്റെ കുറിപ്പിന്റെ അനിവാര്യതയല്ല, എന്റെ വാക്കിനോട് ഞാൻ കാണിച്ച ആത്മാർത്ഥതയോടുള്ള അഭിനന്ദനം ആയിരുന്നു അത് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എൻ എസ് മാധവൻ വിളിച്ച മാതിരിയുള്ള ഒരു വാക്ക് കൊണ്ട്- ആ വാക്ക് ഉപയോഗിക്കുന്നത് തന്നെ എത്ര അധമം, അതിന്റെ വ്യാപ്തികൾ അറിയുന്ന മനസ്സുള്ളവർക്ക്- വിളിക്കപ്പെടെണ്ട ആളാണ് അദ്ദേഹം എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
ആർക്കയ്ക്ക് ഫ്യൂഡൽ മനോനില മാറാൻ ഈ സാമൂഹിക മാധ്യമ കാലത്ത് പോലും കഴിയാത്തവർ ഉണ്ടാവും എന്നത് ദൗർഭാഗ്യകരം. അതിന്റെ ഒപ്പം നിന്ന് മറ്റൊരു അശ്ലീലം തൊടുത്തു വിട്ട മാധവൻ കുട്ടിയും എനിക്ക് സുഹൃത്ത് തന്നെ- ദീർഘകാലമായി. അദ്ദേഹം അകന്നിട്ടുണ്ട്. അത് പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റത്തിന്റെ പേരിലാണ് എന്ന് എനിക്കറിയാം. സിപിഎം നെ വിമർശിക്കുന്ന എന്റെ ലേഖനങ്ങൾ ചോദിച്ചു വാങ്ങി തന്നെ ഇന്ത്യൻ എക്സ്‌പ്രസ്സിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഞാൻ സിവിൽ സമൂഹ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് പല തരത്തിൽ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹം ഓർക്കുന്നുന്‌ടെങ്കിലും ഇല്ലെങ്കിലും.
പിന്നീട് അദ്ദേഹം സി പിഎം അനുഭാവി ആകുന്നതോടെ ആശയപരമായി അകന്നു പോയി എന്നേയുള്ളു. എന്തെങ്കിലും കാലുഷ്യം ഉണ്ടെങ്കിൽ അദ്ദേഹത്തിനെ ഉള്ളു. എനിക്കില്ല. എക്കാലത്തും സഹോദരസ്ഥാനത്തെ ഞാൻ കണ്ടിട്ടുള്ളു. അദ്ദേഹവും ഇത്ര വലിയ ഒരു ഫ്യൂഡൽ തെറി വാക്കിനാൽ ജയചന്ദ്രൻ സാർ അധിക്ഷേപിക്കപ്പെടുന്നതിനു കൂട്ട് പറയുന്നത് എന്നെ വേദനിപ്പിക്കുന്നു. തെറി പറയുന്നു എന്നതിലല്ല. അതൊക്കെ ഒരു പൊതു ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ അത് അദ്ദേഹം അർഹിക്കുന്നു എന്ന് സമ്മതിക്കാൻ എന്റെ ദീർഘകാലത്തെ പരിചയം അനുവദിക്കുന്നില്ല. ജയചന്ദ്രൻ സാറിനോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ല. സ്വന്തം എഡിറ്റർ മാർ പറയുന്നത് കൂടാതെ ഫിഡൽ കാസ്‌ട്രോ പറയുന്ന മാറ്റങ്ങൾ കൂടി സ്വന്തം രചനകളിൽ വരുത്താൻ തയ്യാറായിരുന്നു ഗാർസ്യ മാർക്വേസ്.
എഡിറ്റർമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും നമ്മൾ യോജിച്ചെന്നു വരില്ല. പക്ഷെ അതിന്റെ പേരിൽ പരിധി വിട്ടു അധിക്ഷേപിക്കുന്നത് ശരിയായ രീതിയായി തോന്നുന്നില്ല. അതിനു എനിക്ക് ഏറെ സ്‌നേഹമുള്ള മാധവൻ കുട്ടി കൂടെ നിൽക്കുന്നത് -അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം, തർക്കമില്ല, അദ്ദേഹത്തെയും പലരും അധിക്ഷേപിക്കുന്നുണ്ട്- കൂടുതൽ വേദന ജനകം. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ സൗഹൃദം സൗഹൃദം തന്നെ. ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല എന്നല്ല. അത്തരം കാർക്കശ്യങ്ങൾ ഉണ്ടെങ്കിൽ എന്നിൽ നിന്നും അകലണം എന്നാണ് ആഗ്രഹം. ഇത്രയും കാലുഷ്യം കലർന്ന പ്രതികരണം സാങ്കേതികമായി പത്രാധിപ വൃത്തിയിൽ നിന്ന് വിരമിച്ചിരിക്കുന്ന ജയചന്ദ്രൻ സാറിന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കട്ടെ, അദ്ദേഹം ഒരു പതിവ് പുഞ്ചിരിയിൽ അതിനെ തള്ളിക്കളയട്ടെ...
വിആർ ജ്യോതിഷ്
(മാധ്യമ പ്രവർത്തകൻ)
ഇതു ശരിയാണെന്നു മാത്രമല്ല.... മറ്റേതൊരു പ്രസിദ്ധീകരണത്തിൽ കഥ അച്ചടിക്കുന്നതിനെക്കാളും കലാകൗമുദിയിൽ അച്ചടിച്ചു വരുന്നതാണ് സന്തോഷമെന്ന് പത്രാധിപർ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ്.
ആ നീലപ്പെൻസിൽ കൊണ്ട് മലയാളികൾ മാധവന്റെ പേരു വെട്ടും
ടി അരുൺകുമാർ (കഥാ തിരക്കഥാകൃത്ത്)
അടിമുടി എഡിറ്ററായിരുന്ന എസ്.ജയചന്ദ്രൻ നായർക്കാണോ ഓണക്കാല പരസ്യവിപണിക്കായി മാത്രം ഔട്ട്ലുക്ക് ഗ്രൂപ്പ് പുറത്തിറക്കുന്ന പ്രത്യേക മലയാളം പതിപ്പിന്റെ ഗസ്റ്റ് എഡിറ്ററായി പണിയെടുത്തിരുന്ന തനിക്കാണോ 'മാർവാഡിയുടെ ശേവുകക്കാരൻ ' എന്ന പേര് ശരിക്കും ചേരുന്നതെന്ന് എൻ. എസ്. മാധവൻ ഒരു വട്ടം കൂടി ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.
ചുല്യാറ്റിന്റെ കൈയിലെ നീലപ്പെൻസിൽ നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളായി എല്ലാ മലയാളികളുടെയും കൈയിലുണ്ട്. അവരത് ഉളി പോലെ മുറുകെപ്പിടിച്ച് മാധവൻ എന്ന പേര് കുറുകെ വെട്ടി പകരം മറ്റെന്തെങ്കിലും എഴുതിയേക്കാം. അപ്പോഴും അവർ അങ്ങ് പ്രയോഗിച്ച പോലെ 'ചെറ്റ ' എന്നെഴുതുവാൻ സാധ്യതയില്ല. എസ്. ജയചന്ദ്രൻ നായരെ വിളിച്ച പുലഭ്യം കൊണ്ട് അങ്ങ് തിരുത്ത് എന്ന കഥയെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജയചന്ദ്രൻ നായർ താങ്കളോട് ക്ഷമിച്ചാലും ചുല്യാറ്റ് ക്ഷമിക്കും എന്ന് തോന്നുന്നില്ല.
മാധവൻ തിരുത്തണം... തിരുത്തിയേ പറ്റൂ
ജ്യോതിക (നിരൂപക)
പത്രാധിപ 'കുലപതി' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന എസ്. ജയചന്ദ്രൻ നായരെ അധിക്ഷേപിച്ച എൻ.എസ് മാധവന്റെ ഭാഷാ പ്രയോഗം... അദ്ദേഹത്തിന്റെ കഥകളോടുള്ള ആസ്വാദനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടേ... മ്ലേച്ചമായി... അശ്ലീലമായി... ആഭാസമായി.
മാധവൻ തിരുത്തണം .. തിരുത്തിയേ പറ്റു..
മാധവന്റെ 'തിരുത്ത്' എന്ന കഥയിൽ 'തർക്കമന്ദിരം' തകർന്നു എന്നത് മാറ്റി ' ബാബറി മസ്ജിദ് തകർന്നു ' എന്നു തിരുത്തുന്ന ഒരു പത്രാധിപരുണ്ട്. മുമ്പിലെത്തുന്ന വാർത്തകളുടേയും ലേഖനങ്ങളുടെയും സത്യസന്ധമായ ആധികാരികത അളന്നെടുക്കുന്ന... നിഷ്പക്ഷമായ നിലപാടുകളുടെ ആർജ്ജവത്താൽ കപട ജനാധിപത്യത്തിന്റെയും പക്ഷപാതപരമായ മതബോധത്തിന്റെയും വേരറക്കുന്ന ചുല്യാറ്റ് എന്ന പത്രാധിപർ?
വിറക്കുന്ന കൈകളിൽ പിടിച്ച പേന കൊണ്ട് അയാൾ 'തിരുത്തുന്ന' വാക്യം ഒരു വിഭാഗത്തിന്റെ ആത്മവിശ്വാസമാകുന്നു. ഈ കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ മാധവന്റെ മനസ്സിൽ ആരായിരിക്കും നിഴലിച്ചിട്ടുണ്ടാവുക??? പത്രാധിപരുടെ പേന 'വെട്ടി തിരുത്താൻ' കൂടിയുള്ള താണെന്ന് മാധവൻ അറിയാത്തതോ... പറയാത്തതോ?? എന്തായാലും 'തിരുത്ത്' എഴുതിയ മാധവൻ തിരുത്തണം.. തിരുത്തിയേ പറ്റൂ..
എം. സുകുമാരന്റെ കഥയിലെ 'നാറിയ ' പദപ്രയോഗം പത്രാധിപധർമ്മത്തിന്റെ പേരിൽ ജയചന്ദ്രൻ നായർ വെട്ടിയിട്ടുണ്ടെങ്കിൽ... അതിനു ശേഷവും ആ കഥയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് എം.സുകുമാരന് ബോധ്യപ്പെട്ടെങ്കിൽ പിന്നെ ആരെ പ്രീതിപ്പെടുത്താനാണ് മാധവൻ ശ്രമിക്കുന്നത്?? ആരുടെ വക്കാലത്തെടുത്താണ് മാധവൻ ആക്രോശിക്കുന്നത്?? ആത്യധികമായി ഒരു വാരികയുടെ പരമാധികാരി പത്രാധിപരാണെന്നും വളയാത്ത നട്ടെല്ലും പണയം വെക്കാത്ത തലച്ചോറുമുള്ള പത്രാധിപർ ഒരു ജനാധിപത്യ കാലത്തിന്റെ ആവശ്യമാണെന്നും അറിയാത്ത നിഷ്‌ക്കളങ്കതയാണോ മാധവ ബുദ്ധി? കഥകളിൽ പദപ്രയോഗ കണിശത ദീക്ഷിക്കുന്ന മാധവൻ ഈ കാണിച്ച 'ചെറ്റത്തരം ' തിരുത്തണം.... തിരുത്തിയേ പറ്റൂ..
എത്രയോ എഴുത്തുകാരെ കൈ പിടിച്ചുയർത്തിയ മുതിർന്ന പത്രാധിപരാണ് ജയചന്ദ്രൻ നായർ. അദ്ദഹത്തിന്റെ പ്രോത്സാഹനം ലഭിച്ചവർ മലയാള സാഹിത്യത്തിൽ ധാരാളമുണ്ട്.. മാധവൻ പോലും വ്യത്യസ്തനല്ല.. എന്നിരിക്കെ വിശ്രമജീവിതം നയിക്കുന്ന ജയചന്ദ്രൻ നായരെ ഇപ്രകാരം അധിക്ഷേപിക്കുമ്‌ബോൾ മാധവന്റെ ലക്ഷ്യം എന്താവും?? രാഷ്ട്രീയ സാമുദായിക നേതാക്കളേക്കാൾ അസ്സലായി മലയാളിയെ തെറിയുടെ രാഷ്ട്രീയം പഠിപ്പിക്കാൻ മുതിർന്നതെന്തിനാവും?? കഥയുടെ ക്രാഫ്റ്റ് കൈകാര്യം ചെയ്യുന്നതിലെ കൃത്യത ഇവിടെയും മാധവൻ നിർവ്വഹിക്കുന്നു. എം. സുകുമാരന്റെ ദാർശനിക രാഷ്ട്രീയ സത്യസന്ധതയെ ചാരി നിന്നു കൊണ്ട് മാധവൻ പറയുന്നത് ഒറ്റ വായനയ്ക്കു വഴങ്ങുന്നില്ല.. കാരണം ധ്വനികളുടെ തമ്ബുരാനാണല്ലോ മാധവൻ !
എന്തായാലും മാധവൻ ഒന്നു മറന്നു.. വർഷത്തിലൊരിക്കൽ ഒരാൾക്കേ എഴുത്തച്ഛൻ പുരസ്‌ക്കാരം സർക്കാർ കൊടുക്കൂ.. ഈ വർഷം അത് സച്ചിദാനന്ദൻ കൊണ്ടുപോയി....ഇനി അടുത്ത വർഷത്തിനായുള്ള തയ്യാറെടുപ്പായാലും ശരി... തിരുത്തണം... ഇത് മ്ലേച്ചമായിപ്പോയി... തിരുത്തിയേ പറ്റൂ
പ്രതികരണം അസ്ഥാനത്ത്
രമേഷ് ഗോപാലകൃഷ്ണൻ (സംഗീത നിരൂപകൻ)
ഒരു ലേഖനം പ്രസിദ്ധീകരിക്കുന്ന പത്രാധിപർക്കും ഒരു രാഷ്ട്രീയമുണ്ട്. അത്, ലേഖനം പ്രസിദ്ധീകരണത്തിന് പത്രാധിപർക്ക് നൽകുന്ന എഴുത്തുകാരനും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവിടെ ലേഖനം പ്രസിദ്ധീകരണത്തിന് നൽകിയ എഴുത്തുകാരൻ എം സുകുമാരനും ഇതിനെപ്പറ്റി നല്ല ബോദ്ധ്യം ഉണ്ടെന്നുതന്നെയാണ് മനസ്സിലാകുന്നത്. അതിനാൽ ഈ സംഭവത്തെക്കുറിച്ചുള്ള ഒരു മറുപ്രതികരണം അസ്ഥാനത്താണ്. ഒരിക്കൽ ശേമ്മങ്കുടി ശ്രീനിവാസ അയ്യരെപ്പറ്റി ഞാൻ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹത്തെ ഞാൻ സംഗീതരംഗത്തെ ചാണക്യൻ എന്ന് വിശേഷിപ്പിച്ചത് ആ ലേഖനം പ്രസിദ്ധീകരിച്ച പത്രാധിപരായ ശ്രീ. എസ് ജയചന്ദ്രൻ നായർ വെട്ടിമാറ്റി. ഇതിനെപ്പറ്റി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് ശേമ്മങ്കുടി അങ്ങനെയാണെങ്കിൽ പോലും ചാണക്യൻ എന്ന് ഞാൻ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പാടില്ല എന്നായിരുന്നു. ശ്രീ. ജയചന്ദ്രൻ നായരുടെ ആ അഭിപ്രായത്തെ പൂർണ്ണബോദ്ധ്യത്തോടെ തന്നെ ഞാനന്ന് മാനിക്കുകയാണ് ചെയ്തത്. കാരണം, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അതും ഞാൻ മാനിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് സൂചിപ്പിച്ചു എന്നുമാത്രം.
ചെവിയടച്ചുള്ള ഒരടിക്ക് താങ്കൾ അർഹനാണ്
പിആർ ജോൺ ഡിറ്റോ, അദ്ധ്യാപകൻ, സാഹിത്യ നിരൂപകൻ
കലാകൗമുദി, സമകാലിക മലയാളം പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായർ സാറിനെ ച ട മാധവൻ എന്ന ചെറുകഥാകൃത്ത് അധിക്ഷേപിച്ചിരിക്കുന്നു .. എം. സുകുമാരന്റെ കഥയിൽ മുഷിഞ്ഞു നാറിയ ഗാന്ധിത്തൊപ്പി എന്നതിൽ നാറിയ എന്ന വാക്ക് പണ്ടെങ്ങോ വെട്ടിക്കളഞ്ഞതിനാണ് മാധവന്റെ ചീത്ത വിളി. മാധവനും ബാലവേന്ദ്രൻ ചുള്ളിക്കാടുമുൾപ്പെട്ട വരേണ്യ സാഹിത്യ കൂട്ടായ്മയെ കാര്യമായെടുക്കാതെ അനേകം പുതിയ എഴുത്തുകാരെ ഉയർത്തിയെടുത്തത് ജയചന്ദ്രൻ സാറിന്റെ വൈശിഷ്ട്യമാണ്.
ആ വാത്സല്യം നിർലോഭം നേടിയിട്ടുള്ളയാളാണ് ഞാൻ. മലയാളം വാരികയുടെ ചീഫ് എഡിറ്ററായിരുന്ന ജയചന്ദ്രൻ സാറിന്റെ ഓഫീസിൽ ച്ചെന്ന്
സാറിനെക്കണ്ട് ,ഞാൻ എഴുതും എന്നു പറഞ്ഞ വാക്കിലാണ് എന്റെ ജീവിതം മാറിമറിയുന്നത്. ചെറിയ ചിരിയോടെ 25 വയസ്സുകാരനായ, മെലിഞ്ഞുണങ്ങിയ എന്റെ കയ്യിലേക്ക് 10 പേജ് പ്രിന്റ് ഔട്ട് തന്നു. ഓഷ്വിറ്റ്സിലെ യഹൂദ പീഡന പരമ്പരയെക്കുറിച്ച് എഴുതി നോബൽ സമ്മാനം നേടിയ ഇംറേ കർട്ട്സിനെക്കുറിച്ചായിരുന്നു അത്.വിവർത്തനം ചെയ്യണം. ഞാനതിലാഞ്ഞു പിടിച്ചു.
Schindlers list എന്ന സിനിമ കണ്ടിട്ടുണ്ടായിരുന്നതിനാൽ യഹൂദരുടെ സഹനങ്ങളെ തൊട്ടറിഞ്ഞിരുന്നു. വിവർത്തനമായിരുന്നില്ല അത്. ഞാൻ ആഞ്ഞെഴുതിയ എന്റെ ഓഷ്വിറ്റ്സായിരുന്നു അത്. ജയചന്ദ്രൻ സാർ അത് സ്വീകരിച്ചു എന്നു മാത്രമല്ല
കവർ സ്റ്റോറിയാക്കുകയും ചെയ്തു. ഒരു ബൈലൈൻ മാത്രം പ്രതീക്ഷിച്ച എനിക്ക് കവറിൽ എന്റെ പേരു സഹിതം അടിച്ചാണ് സാറെന്നെ ഞെട്ടിച്ചത്. എന്നെപ്പോലെ അനേകം പേർ ജയചന്ദ്രൻ സാറിന്റെ സ്പർശത്താൽ അക്ഷര ലോകം കണ്ടു.കവികൾ, കാഥികർ പത്രപ്രവർത്തകർ.. ആ ജയചന്ദ്രൻ സാറിനെ മോശം വാക്കുപയോഗിച്ച് അധിക്ഷേപിച്ച എൻ.സ്.മാധവാ ചെവിയടച്ചുള്ള ഒരടിക്ക് താങ്കൾ അർഹനാണ്..
അർഹനാണ്.
ഇയാളുടേത് ഏതുതരം മാനസികാവസ്ഥയാണ്?
എൻ ഇ സുധീർ എഴുത്തുകാരൻ
ഒരു വ്യക്തിയെ ചെറ്റ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിന് പിന്നിൽ ഏത് തരത്തിലുള്ള മാനസികാവസ്ഥായണ് ഉള്ളതെന്ന് എൻഇ സുധീർ ചോദിക്കുന്നു. ചെറ്റക്കുടിൽ എന്നാൽ പാവപ്പെട്ടവന്റെ കുടിലാണെന്നും ചെറ്റ എന്നാൽ പാവപ്പെട്ടയാൾ എന്നാണ് അർത്ഥമെന്നും അധിക്ഷേപാർഹമായ ഒരു പദമല്ല അതെന്നുമാണ് എൻഇ സുധീർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റ് ഇപ്രകാരം: ഒരു വ്യക്തിയെ 'ചെറ്റ' എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിനു പിന്നിൽ എന്ത് മാനസികാവസ്ഥയാണ് ഉള്ളത് ? എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ .എസ് .മാധവൻ അതിലേറെ പ്രിയപ്പെട്ട എസ് . ജയചന്ദ്രൻ നായരെ ആ പദം ഉപയോഗിച്ചു വിശേഷിപ്പിച്ചിരിക്കുന്നു. മാധവൻ ഇന്നലെ നടത്തിയ ഒരു ട്വീറ്റിലാണ് ഈ പദ പ്രയോഗം കടന്നുകൂടിയത്. 'ചെറ്റ' എന്ന പദം എന്താണ് സൂചിപ്പിക്കുന്നത് ? എന്റെയൊക്കെ കുട്ടിക്കാലത്ത് ചെറ്റക്കുടിൽ എന്ന് കേട്ടിട്ടുണ്ട്.
പാവപ്പെട്ടവരുടെ ചെറിയ കുടിലിനെ ഉദ്ദേശിച്ചാണ് അന്നത് ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ഒരു സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയം ആ വാക്കിന് പിന്നിലുണ്ട്. എന്നാൽ വ്യക്തികളെ ഉദ്ദേശിച്ചാണ് ഉപയോഗമെങ്കിൽ ഹീനൻ, നികൃഷ്ടൻ എന്ന അർത്ഥത്തിലും ആവാം എന്ന് ശബ്ദതാരാവലി പറയുന്നു. ചെറ്റക്കുടിൽ എന്ന വാക്കിന് ഹീനമായ കുടിൽ എന്ന വ്യഖ്യാനമില്ലാത്തതുപോലെ ചെറ്റയായവൻ എന്നതിനും അത് വേണ്ട. പാവപെട്ടവൻ എന്ന് മതി. രണ്ടായാലും ഇത് കടന്നകൈ ആയിപ്പോയി. വാക്കിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന മാധവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. പൊടുന്നനെയുള്ള ആശയസംവേദനത്വര പലപ്പോഴും നമ്മുടെ ചിന്തകളെയും സംസ്‌കാരത്തെയും പ്രതിരോധത്തിലാക്കുന്നു.
ഇതിനു കാരണമായ വിഷയം അതിലേറെ രസകരമാണ്. എം സുകുമാരന്റെ പിതൃതർപ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോൾ പത്രാധിപർ എസ്. ജയചന്ദ്രൻ നായർ 'നാറിയ' എന്ന ഒരു വാക്ക് ആ കഥയിൽ നിന്ന് വെട്ടിക്കളഞ്ഞിരുന്നു എന്ന് സുകുമാരൻ പറഞ്ഞതായി കെ . എസ് . രവികുമാർ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുണ്ട്. അത് ഉചിതമായി എന്ന മട്ടിലാണ് സുകുമാരൻ പറഞ്ഞത് എന്നും രവികുമാർ സൂചിപ്പിക്കുന്നു. ഈ വെട്ടിമാറ്റലിനെ ഏറ്റു പിടിച്ചാണ് മാധവൻ പ്രകോപിതനായിരിക്കുന്നത്. എടുത്തു ചാടിയുള്ള ഇടപെടലുകൾ നമ്മളെ പലപ്പോഴും മറ്റൊരാളായി മാറ്റുന്നു. വാക്കുകൾ കടുത്ത ആയുധങ്ങളാണ്. അതിന്റെ എടുത്തുമാറ്റലുകളും, അനവസരത്തിലുള്ള പ്രയോഗവും ചിലപ്പോൾ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കും.