തിരുവനന്തപുരം: മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനും പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവു വരുത്താനുമുള്ള നിർദേശത്തിലൂടെ ഇതിനകം തന്നെ പിണറായി വിജയൻ മന്ത്രിസഭ സൈബർ ലോകത്തിന്റെ കൈയടി നേടിക്കഴിഞ്ഞു. നിയുക്ത മുഖ്യമന്ത്രിയോട് ഒരു നിർദ്ദേശം മുന്നോട്ടു വയ്ക്കുകയാണു സോഷ്യൽ മീഡിയ.

നിയമസഭയിൽ സ്പീക്കറെ 'സർ'..'സർ' എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സൈബർ ലോകത്തിന്റെ ആവശ്യം. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരോടാണ് സൈബർ ലോകം ഇക്കാര്യം ആവശ്യപ്പെടുന്നത്.

സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും കൊളോണിയൽ സംസ്‌കാരം പേറുന്നത് അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. നിരവധി പേർ ഇതേ ആവശ്യവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നു. ഈ പോസ്റ്റുകൾക്ക് കീഴിൽ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദവും നടക്കുന്നുണ്ട്.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫടക്കം ആരോപണ വിധേയരായി രാജിവെക്കേണ്ടി വന്നതും കേസുകളിൽ കുടുങ്ങിയതുമാണ് ഇത്തവണ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കാരണമായത്. പേഴ്സണൽ സ്റ്റാഫായി നിയമിക്കപ്പെടുന്നവർ കളങ്കിതരാവാൻ പാടില്ല, അഴിമതി ആരോപണങ്ങൾ, മറ്റ് ആക്ഷേപങ്ങൾ എന്നിവ ഇവരുടെ പേരിൽ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണം എന്നിവയാണ് പ്രാഥമിക മാനദണ്ഡങ്ങൾ.