രു മലയാളിക്ക് മറ്റെതെങ്കിലും മലയാളി ഉന്നത സ്ഥാനത്തെത്തിയാൽ പുച്ഛമെന്ന വികാരമാണ് പൊതുവേ തോന്നുന്നത്. ഇതൊക്കെ എന്തെര് എന്ന ഭാവം. ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയപ്പോഴും മലയാളി സമൂഹത്തിന് ഇത്തരം ഒരു കാഴ്ചപാടാണ് ഉണ്ടായിരുന്നത്. അതിന് ശ്രീശാന്തിന്റെ കളിക്കളത്തിലെ സ്വഭാവം ശരിയല്ല, അഹങ്കാരിയാണ് എന്നൊക്കെയുള്ള മനോഭാവവും കാരണമായി.

പൃഥിരാജിന്റെ ഒരു ഇന്റർവ്യു വളച്ചൊടിച്ച് ഇന്ത്യയിൽ തനിക്ക് മാത്രമേ ഇംഗ്ലീഷ് അറിയൂ എന്ന രീതിയിൽ പൃഥിരാജ് സംസാരിച്ചെന്നും പറഞ്ഞ് സോഷ്യൽ മീഡിയ പൊങ്കാലയിടുന്ന സമയത്തായിരുന്നു ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണം എത്തുന്നത്. ഉടനെ ഗോപുമോൻ എന്ന ശ്രീശാന്തിന്റെ ചെല്ലപേര് ഉപയോഗിച്ച് ശ്രീശാന്തിനെ സോഷ്യൽ മീഡിയ കൊല്ലാതെ കൊന്നു. കേരളത്തിന്റെ അപമാനമാണ് ശ്രീശാന്ത് എന്നു വരെ പരിഹാസങ്ങൾ ഉയർന്നു

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത് പലവട്ടം ആവർത്തിച്ചിട്ടും മലയാളിക്ക് ശ്രീശാന്തിനെ പരിഹസിക്കാതിരിക്കാനായില്ല. എന്നാൽ ഐ.പി.എൽ ഒത്തുകളി കേസിൽ ഇന്നലെ കുറ്റവിമുക്തനായതോടെ ശ്രീശാന്തിന് സോഷ്യൽ മീഡിയയിൽ അകമഴിഞ്ഞ പിന്തുണയാണ് കിട്ടുന്നത്. കുറ്റപ്പെടുത്താൻ മുൻപന്തിയിൽ നിന്നവർ തന്നെ ഇപ്പോൾ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ശ്രീശാന്തിന് നൽകുകയാണ്.. കുറ്റവിമുക്തനായ ശ്രീശാന്ത് ടീമിൽ തിരിച്ചു വരുമെന്നും ഇന്ത്യയ്ക്കായി ലോകകപ്പ് നേടുമെന്നും ആരാധകർ പ്രതീക്ഷ പങ്കുവയ്ക്കുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട സമയത്ത് ശ്രീശാന്തിനെതിരെ ആരോപണം ഉന്നയിച്ചതിന് സോഷ്യൽ മീഡിയയിൽ ക്ഷമ ചോദിക്കാനും ആരാധകർ മറക്കുന്നില്ല. ഒട്ടെറെ പോസ്റ്റുകളും ശ്രീശാന്തിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീശാന്തിനെ ബലിയാടാക്കിയവരോടുള്ള അമർഷവും സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നു.

ശ്രീശാന്തിന്റെ പോക്കറ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു തൂവാലയാണ് ശ്രീശാന്ത് ഒത്തുകളിച്ചെന്നതിന് തെളിവായി ആരോപണം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടിയത്. ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചാരത്തിലായ ഒരു പോസ്റ്റിൽ ഇതിനെ കണക്കറ്റ് പരിഹസിച്ചാണ് ആരാധകർ രംഗത്തെത്തിയത്. ഈ ടൗവൽ മൂക്കുതുടയ്ക്കാൻ ശ്രീ ഉപയോഗിച്ചതാണെന്നും അന്ന് ശ്രീയ്ക്ക് ജലദോഷം ആയിരുന്നു എന്നും ഡൽഹി പൊലീസ് സ്ഥിരീകരിച്ചതായും ഈ പോസ്റ്റിൽ അന്വേഷണോദ്യോഗസ്ഥരെ കളിയാക്കുന്നു. ഇതിന് മറുപടിയായി ആരാധകരുടെ കമന്റും ഉണ്ട്. - 'അത് ശരി അപ്പോ അവര് മോക്ക ചുമത്തും എന്നല്ലല്ലേ പറഞ്ഞത് മൂക്ക് ചുമക്കും എന്നായിരുന്നാ ചുമ്മാ തെറ്റിദ്ധരിച്ചു', ഹർബജൻ സിംഗിന്റെ അടികൊണ്ട് മൂക്കിൽനിന്നുംവന്ന രക്തംതുടക്കാനായി കരുതിയ തൂവാലയെപ്പോലും തെറ്റിദ്ധരിക്കുന്ന നാട്!!!! തുടങ്ങിയും കമന്റുകൾ ഉണ്ട്.

ശ്രീശാന്ത് കുറ്റക്കാരനല്ലാത്തതിനാൽ ഇനി പുറത്ത് ഇരുത്താൻ ആകില്ലെന്നും എന്നാൽ ധോണിക്ക് ഇഷ്ടമില്ലാത്തതിനാൽ കളിപ്പിക്കാൻ ആകില്ലെന്നും അതിനാൽ സഞ്ചുവിന് കൂട്ടായി ഇനി ശ്രീയെ റിസർവ്വ് ബെഞ്ചിൽ ഇരുത്താമെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ശ്രീശാന്തിനെ ബന്ധിപ്പിച്ചും പോസ്റ്റുകൾ സജീവമാണ്. ശ്രീക്കെതിരെ തെളിവില്ലാത്തത് എന്റെ പയ്യൻ ആയതിനാലാണ് എന്ന് ഉമ്മൻ ചാണ്ടി പറയുന്ന പോസ്റ്റുകളാണ് ഇത്.