തിരുവനന്തപുരം: എന്നാലും നമ്മുടെ സത്യൻ അന്തിക്കാട് ഒരു സംഭവം തന്നെയാണു സോഷ്യൽ മീഡിയ പറയുന്നത്. ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

'ഒരു ഇന്ത്യൻ പ്രണയകഥ' എന്ന സത്യൻ ചിത്രത്തിലെ രംഗം ശരിക്കും കേരള രാഷ്ട്രീയത്തിൽ സംഭവിച്ചത് ആഘോഷിക്കുകയാണു സൈബർ ലോകം. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന മാർച്ചിനിടെയാണ് സംഭവം.

കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു പാഠപുസ്തക വിതരണം വൈകിയതിലുള്ള മാർച്ച്. ജാഥ നയിച്ചെത്തി ഉശിരോടെ പ്രസംഗിച്ചത് എംഎസ്എഫ് നേതാവ് സയ്യിദ് ഷറഫുദീൻ ജിഫ്രിയായിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ കുറച്ചു സമരക്കാർ മറ്റൊരു വഴിയിലൂടെ ഓഫീസിനുള്ളിൽ കടന്ന് അവകാശപത്രിക സമർപ്പിച്ചു. ബാരിക്കേഡ് കടന്ന് പുറത്തു വരണമെന്ന് പ്രവർത്തകർ വാശിപിടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുമായി. ഇതോടെ പൊലീസ് ലാത്തി വീശി.

പൊലീസുകാർ ലാത്തി എടുത്തതോടെയാണു സത്യൻ അന്തിക്കാടു ചിത്രത്തിലെ രംഗം ശരിക്കും കണ്ടത്. അയ്മനം സിദ്ധാർഥിന്റെ ഓട്ടം ജിഫ്രി ഏറ്റെടുക്കുകയായിരുന്നു. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിലെ അയ്മനം. ജിഫ്രി അതിലും മികച്ച ഓട്ടമായിരുന്നുവെന്നാണു സൈബർ ലോകം വിലയിരുത്തുന്നത്. ഉശിരൻ പ്രസംഗത്തിനൊടുവിലാണു നേതാവിന്റെ ഓട്ടമെന്നതും ചിരി പടർത്താൻ ഇടയാക്കി.

'മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന് കൃത്യമായ ചരിത്രമുണ്ട്. ഞങ്ങൾ സമരത്തിനിറങ്ങിയാൽ വിജയം കണ്ടേ ഞങ്ങൾ മടങ്ങാറുള്ളൂ. പിന്തിരിഞ്ഞോടിയ ചരിത്രം ഞങ്ങൾക്കില്ല. തിരിഞ്ഞോടാൻ ഞങ്ങൾ സമരത്തിന് വരികയുമില്ല. പാഠപുസ്തകം ഇന്നുവരെ വിതരണം ചെയ്യാത്ത കേരള സർക്കാരിന്റെ തെറ്റായ സമീപനത്തെ തിരുത്തുന്നത് വരെ ഞങ്ങളീ സമരരംഗത്ത് ഉണ്ടാകും....' എന്നു പറഞ്ഞ നേതാവ് തൊട്ടുപിന്നാലെ സ്ഥലം കാലിയാക്കുകയായിരുന്നു. പൊലീസ് ലാത്തി പുറത്തെടുത്തതിന് പിന്നാലെ എല്ലാവർക്കും മുമ്പ് എംഎസ്എഫ് നേതാവ് ശരവേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ 'പാവങ്ങളുടെ ഉസൈൻ ബോൾട്ട്' എന്ന വിശേഷണവും ചിലർ നേതാവിന് ചാർത്തി നൽകി.