സോഷ്യൽ മീഡിയ ഒരു സംഭവം തന്നെ. എന്തു സംഭവമുണ്ടായാലും 'അെപ്പാത്തന്നെ വിളിച്ച് അവാർഡു കൊടുക്കും'. ഇതിന് മലയാളം സിനിമാഡയലോഗുകളെ ഉൾപ്പെടെ കൂട്ടുവിളിക്കുന്ന പതിവുമുണ്ട്.

ആം ആദ്മി പാർട്ടി ഡൽഹിയിൽ നേടിയ ചരിത്രവിജയം ആഘോഷമാക്കുകയാണ് സൈബർ ലോകമിപ്പോൾ. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ രാജ്യമെങ്ങും പിടിച്ചടക്കാനൊരുങ്ങുന്ന ബിജെപിക്ക് ആപ് വിജയത്തിന്റെ ചുവടുപിടിച്ച് മുഖമടച്ച് അടികൊടുക്കുകയാണിപ്പോൾ നവമാദ്ധ്യമങ്ങൾ. തങ്ങൾക്കു പറ്റിയ മുറിവിൽ പരമാവധി ഉപ്പുപുരട്ടി സോഷ്യൽ മീഡിയ കത്തിക്കയറുന്നത് നിസഹായതയോടെ നോക്കിയിരിക്കാൻ മാത്രമേ ബിജെപി അനുകൂലികൾക്ക് ആകുന്നുള്ളൂ.

മോദിയും അമിത് ഷായും മാത്രമല്ല, ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി ഉയർത്തിക്കാട്ടിയ കിരൺ ബേദിയും പരിഹാസ ശരങ്ങളിൽനിന്നു മുക്തയല്ല. മറുവശത്ത് വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇനി പ്രത്യേകിച്ചൊന്നും കേൾക്കാനും ബാക്കിയില്ല.

ഫോട്ടോഷോപ്പ് വിവാദവും കോട്ടുധാരണവും നാടു വൃത്തിയാക്കലുമെല്ലാം സൈബർ ലോകത്തിനു കളിയാക്കാനുള്ള വിഷയങ്ങൾ ഇട്ടുകൊടുത്തു. ബറാക് ഒബാമ ഇന്ത്യയിലെത്തിയപ്പോൾ മോദി ധരിച്ച കോട്ടിൽ 'ചിത്രപ്പണികൾ' ചെയ്താണ് പരാജയത്തിന്റെ ആഴം സോഷ്യൽ മീഡിയ ഓർമപ്പെടുത്തിയത്. 'പണി പാളി'യ തൊപ്പിയാണ് നരേന്ദ്ര മോദിക്ക് സൈബർ ലോകം നൽകിയത്.

മോദി സ്വന്തം പേര് പത്ത് ലക്ഷത്തിന്റെ കോട്ടിൽ എഴുതിയപ്പോൾ കെജ്‌രിവാൾ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തിൽ എഴുതിയെന്ന പോസ്റ്റ് ഹിറ്റായിട്ടുണ്ട്.

ഫോട്ടോഷോപ്പു പരിപാടി പാളിയ അമിത് ഷായെയും ഇന്നു സൈബർ ലോകം പുറത്തിറക്കി. പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്ന അടിക്കുറിപ്പോടെയാണ് അമിത് ഷായുടെ ചിത്രം പ്രചരിക്കുന്നത്. അഡോബ് ഫോട്ടോഷോപ്പിന്റെ പ്രവർത്തനം നിലച്ചതു കണ്ട് തലയിൽ കൈവച്ചിരിക്കുന്ന അമിത് ഷായെയാണ് സോഷ്യൽ മീഡിയ അവതരിപ്പിച്ചത്.

രാജ്യം വൃത്തിയാക്കാൻ ചൂലെടുത്ത മോദിക്ക് ആപ്പിന്റെ ചൂലുകൊണ്ടു കിട്ടിയ പണി അന്വർഥമാക്കുംവിധം പഴയൊരു പഴമൊഴി കടമെടുത്തും പോസ്റ്റുകൾ വ്യാപകമാണ്. 'വാളെടുത്തവൻ വാളാൽ' എന്ന പഴമൊഴി 'ചൂലെടുത്തവൻ ചൂലാൽ' എന്ന പുതുമൊഴിയാക്കി മോദിയെ കളിയാക്കാനും സൈബർ ലോകം മറന്നില്ല.

ബിജെപിയുടെ ഡൽഹി നിയമസഭാംഗങ്ങളെ കൊണ്ടുപോകാൻ കണക്കാക്കി പ്രത്യേക സൈക്കിളും സോഷ്യൽ മീഡിയ നൽകിയിട്ടുണ്ട്.

 

ഇതിലൊക്കെ പരിതാപകരമാണ് കിരൺ ബേദിയുടെ കാര്യം. കിലുക്കത്തിലെ രേവതിയുടെ അവസ്ഥയാണ് ബേദിക്കെന്നാണ് സൈബർ ലോകം പറയുന്നത്. 'ജ്യോതീം വന്നില്ല തീയും വന്നില്ല' എന്നു പറഞ്ഞു വിലപിക്കുന്ന ബേദിയെ കണ്ടു തലതല്ലിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വീട്ടമ്മമാർക്കൊപ്പം അപ്പം ചുടുന്ന ബേദിയുടെ ചിത്രത്തിനൊപ്പം 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി' എന്ന പാട്ട് അടിക്കുറിപ്പാക്കി പടരുന്നുണ്ട്.

കിരൺ ബേദി തന്നെ മുഖ്യമന്ത്രിയാകും എന്നു പ്രഖ്യാപിച്ച സുബ്രഹ്മണ്യൻ സ്വാമിയെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കാര്യം ഇതിലും കഷ്ടമാണ്. 'അമ്മേ, നമ്മുടെ വോട്ടെന്താ എണ്ണിത്തുടങ്ങാത്തത്' എന്നു വിലപിക്കുന്ന രാഹുലിന്റെ ചിത്രമാണ് ഏറ്റവും ഹിറ്റായി ഓടുന്നത്. രാഹുലിനു പകരം വാഴവച്ചാൽ മതിയായരുന്നു എന്ന സോണിയയുടെ ആത്മഗതവും സൂപ്പർ ഹിറ്റാണ്.

പരിഹാസശരങ്ങൾ വ്യാപിക്കുമ്പോഴും കെജ്‌രിവാളിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും നിരവധിയാണ്. ഡൽഹി ഭൂപടത്തിൽ വീണുകിടക്കുന്ന താമരകൾ ചൂലെടുത്ത് നീക്കുന്ന കെജ്‌രിവാളിന്റെ ചിത്രമാണ് ആദ്യം പ്രചരിച്ചവയിൽ ഒന്ന്.

മനോരമ ന്യൂസിന്റെ അടയാളവുമായി ഇറങ്ങിയ മറ്റൊരു പോസ്റ്റും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. കടുത്ത പോരാട്ടത്തിനൊടുവിൽ വെറും മൂന്നു സീറ്റിനാണ് കോൺഗ്രസിന് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടതെന്നുള്ള പരിഹാസപോസ്റ്ററും സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

സന്ദേശത്തിലെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന തമാശയെ അൽപ്പമൊന്ന് എഡിറ്റ് ചെയ്ത് ഷെയർ ചെയ്യുകയാണ് സോഷ്യൽ മീഡിയ. 'ഡൽഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്' എന്നു പറയുന്ന സൈബർ ലോകം ശവമായ പവനായിയെയും കൂട്ടുപിടിക്കുന്നുണ്ട്.

കൂട്ടത്തിൽ ലാലിസത്തിനും കൊടുത്തു ഒരു കൊട്ട്. 'ഡൽഹിയിൽ കിരൺ ബേദിയെ ഇറക്കിയത് ലാലിസമായിപ്പോയി' എന്നു പരിഹസിക്കുകയാണ് സൈബർലോകം.

ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനാകാതെ തകർന്നടിഞ്ഞ കോൺഗ്രസിനെ പരിഹസിക്കുന്ന പോസ്റ്റുകളും കുറവല്ല. അവയിൽ ഒരു കമന്റ് ഇങ്ങനെ: 'ഇതുകൊണ്ടാണ് ഡൽഹിയിൽ ഞങ്ങൾ ആർക്കും പിന്തുണ നൽകില്ല എന്ന് കോൺഗ്രസ്സ് മുൻകൂട്ടി പ്രഖ്യാപിച്ചത്'.