- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! വനംകൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിൽ വനിതാ പ്രവർത്തക കൈയിലേന്തിയത് 'പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്ന ബോർഡ്; ഡിവൈഎഫ്ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധത്തിൽ ട്രോളോടു ട്രോൾ
ആറ്റിങ്ങൽ: അടുത്തകാലത്തായി കേരളത്തിലെ ബിജെപി എന്തു ചെയ്താലും അതെല്ലാം ഓരോ അമളിയിൽ കലാശിക്കുകയാണ് പതിവ്. തെരഞ്ഞെടുപ്പിനായി കർണാടകയിൽ നിന്നും പണം കൊണ്ടുവന്നതും സി കെ ജാനുവിന് നല്കിയതുമെല്ലാം ബൂമറാങ്ങായി തിരിച്ചടിച്ച അവസ്ഥയാണ് ഉണ്ടായത്. മുകളിൽ മാത്രമല്ല ഇത്തരം അമളികൾ, മറിച്ച് താഴേ തട്ടിലും ഇതു തന്നെയാണ് അവസ്ഥയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലും വൻ അമളി പറ്റുകയാണ് ഉണ്ടായത്.
വനംകൊള്ളയ്ക്കെതിരായ ബിജെപിയുടെ പ്രതിഷേധ സമരത്തിനിടെ പ്ലക്കാർഡ് മാറി പോയ സംഭവം സോഷ്യൽ മീഡിയയിൽ വൻ ട്രോളായി മാറുകയായിരുന്നു. 'പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്നെഴുതിയ പ്ലക്കാർഡ് ബിജെപി പ്രവർത്തക ഉയർത്തിയതാണ് വിവാദമായത്. തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധമാണ് ബിജെപിക്ക് നാണക്കേടായി മാറിയത്.
ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ വനംകൊള്ളയ്ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അമളി പറ്റിയത്. വനംകൊള്ളയ്ക്കെതിരായ പ്രതിഷേധത്തിൽ രണ്ട് വനിതാ പ്രവർത്തകരാണ് പങ്കെടുത്തത്. വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയെന്നാണ് ഒരാളുടെ കൈകളിലുള്ള പ്ലകാർഡിൽ എഴുതിയിരിക്കുന്നത്. ഗൗരവത്തോടെ തന്നെ മറ്റേ വനിതാ പ്രവർത്തകയും കൈയിൽ പ്ലക്കാർഡേന്തി. എന്നാൽ എന്താണ് കൈയിൽ ഉള്ളതെന്ന് ബിജെപി പ്രവർത്തക കണ്ടില്ല.
രണ്ടാമത്തെയാളുടെ കൈയിലുണ്ടായിരുന്ന പ്ലക്കാർഡിലെ എഴുത്ത് ആരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. 'പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്നായിരുന്നു അതിലെ വാചകങ്ങൾ. എന്നാൽ സമരം തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ഇക്കാര്യം ബിജെപി പ്രവർത്തകർക്ക് മനസിലായില്ല. എന്നാൽ പ്രതിഷേധ സമരം കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണ് ഇത് കണ്ടു പിടിച്ചത്. പ്ലക്കാർഡ് കണ്ടു മാധ്യമപ്രവർത്തകർ പരസ്പരം ചിരിക്കാൻ തുടങ്ങിയതോടെയാണ് നേതാക്കൾ പ്ലക്കാർഡ് ശ്രദ്ധിച്ചത്. എന്നാൽ ഇതിനോടകം പ്ലക്കാർഡ് ക്യാമറയിലായിരുന്നു.
സംഗതി പുലിവാലാകുമെന്ന് ഉറപ്പായതോടെ മറ്റൊരു നേതാവ് വനിതാ പ്രവർത്തകയുടെ പ്ലകാർഡ് കീറിയെറിഞ്ഞു. ഇത്ര വലിയൊരു അബദ്ധം സംഭവിച്ചിട്ടും ഒന്നും ഉണ്ടാകാത്തതുപോലെ അവർ സമരം തുടരുകയും ചെയ്തു. എന്നാൽ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.
അതേസമയം ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് മനസിലാക്കുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ...
ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?
മറുനാടന് മലയാളി ബ്യൂറോ