തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശ്ശൂരിൽ ആരംഭിക്കാൻ ഇരിക്കയാണ്. സിപിഎമ്മിനെ പ്രശ്‌നങ്ങൾക്കൊപ്പം എൽഡിഎഫ് മുന്നണി വിപുലീകരണ ചർച്ചകളും ഇതോടൊപ്പം നടക്കുമെന്ന കാര്യം ഉറപ്പാണ്. എൽഡിഎഫിൽ അവസരം കാത്തിരിക്കുന്ന കെ എം മാണിയുടെ കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ എന്തു തീരുമാനം സിപിഎം കൈക്കൊള്ളുമെന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. മുന്നണിക്ക് അകത്തു നിന്നും ശക്തമായ എതിർപ്പു ഉയരുന്നുണ്ടെങ്കിലും സിപിഎം മുന്നണി വിപുലീകരണ ചർച്ചകളുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ നൽകിയത്. കെ എം മാണിയെ പുകഴ്‌ത്തി കൊണ്ട് സംസാരിക്കുകയും ചെയ്തു.

ഇതോടെ സോഷ്യൽ മീഡിയയിൽ ഇ പി യെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് ഉയരുന്നത്. മാണിസാർ നല്ലവനും അതിലുപരി സത്യസന്ധനും സൽസ്വഭാവിയുമാന്നെന്ന് ചിറ്റപ്പൻ ജയരാജൻ! പറഞ്ഞുവെന്നാണ് ഒരു വിമർശനം. മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്നും വലിയ അംഗീകാരവും വർഷങ്ങളോളം മന്ത്രിപദവും വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം. മാണിയെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതിൽ തെറ്റില്ലെന്നുമായിരുന്നി ജയരാജൻ പറഞ്ഞത്.

ഇങ്ങനെ മികച്ച നേതാവാണ് കെ എം മാണി എങ്കിൽ പിന്നെ എന്തിനായിരുന്നു ബാർകോഴ വിവാദത്തിന്റെ പേരിൽ നിയമസഭയിൽ ഇ പി ജയരാജൻ കാട്ടികകൂട്ടിയ ഗുസ്തികൾ എന്നാണ് ഉയരുന്ന ചോദ്യം. സോഷ്യൽ മീഡിയ ഈ വിമർശനം ശരിക്കും ഉയർത്തുകയും ചെയ്യുന്നു. അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന നെറികെട്ട സമീപനമാണ് ഇപി യുടേതെന്നും വിമർിക്കുന്നു. ഇത് സംബന്ധിച്ച് ഇ പി ജയരാജൻ മാണിയെ കുറിച്ച് നല്ലതു പറയുന്ന വീഡിയോയും നിയമസഭയിൽ കാട്ടിക്കൂട്ടിയ അക്രമങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാർഷിക മേഖലയിൽ സ്വാധീനമുള്ള വ്യക്തിയാണ് മാണി. സിപിഎം ഉന്നയിക്കുന്ന രാഷ്ട്രീയ കാര്യങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും മാണി അഭിപ്രായം പറയുന്നത് നല്ലതാണെന്നും ജയരാജൻ വ്യക്തമാക്കി. മാണിക്കെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജയരാജൻ പ്രതികരിച്ചു. തങ്ങളുടെ നയം സ്വീകരിക്കാൻ തങ്ങളെ വിടുകയാണ് വേണ്ടതെന്നും ജയരാജൻ മറുപടിയായി പറഞ്ഞത്. എൽ.ഡി.എഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും.

എൽ.ഡി.എഫിന്റെ ബഹുജന അടിത്തറ വിപുലപ്പെടുത്തണം. ഇതിലൂടെ കേരളത്തിലും കേന്ദ്രത്തിലും മുന്നേറ്റം ഉണ്ടാകണം. അതിന് വേണ്ടിയാണ് ഇടതുമുന്നണി പ്രവർത്തിക്കുന്നത്. നയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണിതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഒരു ബദൽ നയം ഉയർത്തി രാജ്യത്ത് ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടുകയാണ് ഇടതുപക്ഷം. ബദൽ നയം അംഗീകരിക്കുന്നവർ ആ മഹാപ്രവാഹത്തിൽ അണിച്ചേരുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.

ഇ പി ജയരാജന്റെ പ്രസ്താവന പുറത്തുവന്നതോടെ സൈബർ ലോകത്തെ സിപിഎം പ്രവർത്തകരും ജയരാജനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയെ വീണ്ടും ദുരന്തത്തലേക്ക് തള്ളിവിടുന്ന വിധത്തിലാണ് ജയരാജന്റെ പ്രസ്താവനയെന്നും അണികൾ വികാരം പങ്കുവെക്കുന്നു. ബാർകോഴ കേസിൽ എന്റെവക 500 കാമ്പയിന് തുടക്കമിട്ട സിപിഎം സഖാക്കൾക്ക് ഇനി മാണിയെ ന്യായീകരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് സൈബർ ലോകത്ത് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ജയരാജനെതിരെ സോഷ്യൽ മീഡിയിൽ ഇപ്പോൾ ട്രോൾ മഴ തന്നെയാണ്.