തിരുവനന്തപുരം: സമ്മിശ്ര പ്രതികരണങ്ങളാണ് ഇത്തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിന്റെ ഭാഗമായി പുറത്തുവന്നത്. പതിവുപോലെ എല്ലാവർക്കും പണികൊടുത്ത് സൈബർ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച നിവിൻ പോളിയെയും നടിക്കുള്ള പുരസ്‌കാരം ലഭിച്ച നസ്രിയയെയും മാത്രമല്ല, അവാർഡിനായുള്ള പ്രയാണത്തിൽ പിന്തള്ളപ്പെട്ടുപോയ മമ്മൂട്ടിയെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല.

ജയസൂര്യയെയും പരാമർശിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട സുദേവ് നായരെക്കുറിച്ച് കാര്യമായ പോസ്റ്റുകളൊന്നും സോഷ്യൽ മീഡിയ പങ്കുവച്ചില്ല. സുദേവ് എന്ന നടനെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാകാം ട്രോളിങ് അധികം ഏൽക്കാതിരിക്കാൻ കാരണം.

അവാർഡു വിവരം അറിഞ്ഞു നിവിൻ പോളി ഞെട്ടിപ്പോയെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. 'നിങ്ങൾക്ക് ആളു മാറിയതാണെന്നാ തോന്നുന്നേ, അല്ലേൽ പിന്നെ ഇതൊക്കെ എന്തിനാ എനിക്കു തരണേ' എന്നാണത്രേ നിവിൻ ചോദിച്ചത്.

ജയസൂര്യക്കു കൊടുക്കേണ്ടതായിരുന്നു ഇത്തവണ പുരസ്‌കാരമെന്നാണു മറ്റു ചിലരുടെ അഭിപ്രായം. നിവിനു പുരസ്‌കാരം കൊടുത്ത നടപടിയെ പുച്ഛഭാവത്തോടെ വീക്ഷിക്കുന്ന സീനിയർ താരങ്ങളുടെ ഫാൻസിനെയും നവമാദ്ധ്യമങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ചില പോസ്റ്റുകൾ ഇതാ:

ഐസിസി പ്രസിഡന്റിന് 1983 യുടെ ഡിവിഡി അയച്ച് കൊടുത്തിട്ടുണ്ട് അത് കണ്ട് നിവിൻപോളിയെ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കാനും സാധ്യതയുണ്ടെന്നാണു മറ്റൊരു പരിഹാസം.

മമ്മൂക്കയുടെ വർഷവും മുന്നറിയിപ്പും ജയറാമിന്റെ സ്വപാനവും ജയസൂര്യയുടെ അപ്പോത്തികരിയും എന്തിന് പറയുന്നു ദുൽഖർ സൽമാന്റെ ഞാൻ എന്ന സിനിമയുടെ അത്ര പോലും അഭിനയ സാധ്യത ഇല്ലാത്ത ഒരു പടത്തിലെ അഭിനയത്തിന് കേരളത്തിലെ ഒരു പരമോന്നത സിനിമ അവാർഡ് കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും സൈബർ ലോകത്തെ സിനിമാ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു.