കൊച്ചി: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സിനിമ അവാർഡ് നിശ ചർച്ചയായത് അവാർഡുകളുടെ നിർണയം കൊണ്ടല്ല. പകരം അവാർഡ് നിശയിലെത്തിയ താരങ്ങളുടെ 'പ്രകടനം' കൊണ്ടാണ്.

സുരക്ഷാവലയം ഭേദിച്ചെത്തിയ ആരാധകനെ കെട്ടിപ്പിടിച്ച വിക്രത്തിന്റെ മനുഷ്യത്വത്തേക്കാൾ കൂടുതൽ സൈബർ ലോകം ചർച്ച ചെയ്തത് നവ്യ നായരുടെ മേക്കപ്പാണ്. എന്നാൽ, സൈബർ ലോകത്തെ ട്രോളുകൾ കൊണ്ട് ഒടുവിൽ ഓവർ മേക്കപ്പിനു മാപ്പു പറയേണ്ടിവന്ന നവ്യ നായരെ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്നെ 'രക്ഷിക്കുകയായിരുന്നു'വെന്നാണു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ആരാധകർക്ക് ആശ്വാസമായതു മോഹൻലാലിന്റെ മീശ പിരിക്കൽ മാത്രമാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

രണ്ടു ദിവസമായാണ് ഏഷ്യാനെറ്റ് അവാർഡ് നിശ സംപ്രേഷണം ചെയ്തത്. ആദ്യദിവസം മേക്കപ്പിന്റെ അങ്ങേത്തലം കണ്ട നവ്യക്കു പൊങ്കാലയിട്ട സൈബർ ലോകത്തിൽ നിന്നു ലാലേട്ടൻ@36 എന്ന പരിപാടിയിലൂടെ സൂപ്പർ താരം രക്ഷിച്ചുവെന്നുവേണം പറയാൻ. കാരണം, രണ്ടാം ദിവസം സംപ്രേഷണം ചെയ്ത ലാലേട്ടൻ@36 പരിപാടിയെ ട്രോളുകൾ കൊണ്ടു നിറയ്ക്കുകയാണ് സൈബർ ലോകം.

മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ലാലിസം ബാൻഡ് വൻ പരാജയമായിരുന്നു. അതിനു പിന്നാലെ എത്തിയ ലാലേട്ടൻ@36 എന്ന പരിപാടിയും അതിനേക്കാൾ മോശം പ്രതികരണമാണ് സൈബർ ലോകത്തു സൃഷ്ടിച്ചത്.

ലാലേട്ടൻ@36 എന്ന പരിപാടി പലരേയും നന്നായി 'വെറുപ്പിച്ചു'. മാത്രമല്ല, പാട്ടുപാടി 'വെറുപ്പിച്ച' റിമി ടോമിക്കും, പാർവ്വതിക്കും പിന്നെ ഏഷ്യാനെറ്റ് ഫിലിം അവാർഡിനെത്തന്നെ ട്രോളുകൾ കൊണ്ടു പൊങ്കാലയിട്ടു കളഞ്ഞു സൈബർ ലോകം. ട്രോളുകൾ കണ്ട് കീഴടങ്ങിയ നവ്യയെ പോലെ ഇനി ലാലേട്ടനും കീഴടങ്ങുമോ ആവോ എന്നാണ് ഉയരുന്ന ചോദ്യം.

ഇടയ്ക്ക് പുരാണകഥാപാത്രമായും മോഹൻലാൽ പരിപാടിയിൽ എത്തിയിരുന്നു. കർണനാകാൻ താനും യോഗ്യനാണെന്ന് തെളിയിച്ചതെങ്ങാനും ആണോ എന്നാണ് ചിലരുടെ സംശയം. ആ പുരാണ വേഷം വേണ്ടായിരുന്നുവെന്ന് ഇപ്പോൾ മോഹൻലാൽ ആലോചിക്കുന്നുണ്ടാകുമോ ആവോ?

അവതാരകനായ ജി പിയാണു വെറുപ്പിക്കൽ എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ, ലാലേട്ടൻ@36 കണ്ടതോടെ ആ ധാരണ മാറി. സത്യത്തിൽ ലാലിസം പോലെ ഒരു ദുരന്തമായിരുന്നോ ലാലേട്ടൻ@ 36 എന്ന പരിപാടി എന്നാണു ചോദ്യമുയരുന്നത്. ലാലേട്ടനെ പ്രതിരോധിക്കാൻ പോലുമാകാതെ ആരാധകർ നിസഹായവസ്ഥയിലാണ് എന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

ഭയങ്കര പ്രതീക്ഷയായിരുന്നു ഫാൻസിന്. പക്ഷേ, പരിപാടി കഴിഞ്ഞപ്പോൾ ഈ അവസ്ഥയിലായിപ്പോയി. അന്ന് ലാലിസം ഇപ്പോഴിതാ ലാലേട്ടൻ@36... എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണോ അവസ്ഥ!!!

ട്രോളർമാരുടെ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നവ്യ നായരെ രക്ഷിക്കാൻ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ലാലേട്ടനാണത്രെ. തക്കസമയത്ത് ലാലേട്ടൻ ഇടപെട്ടതുകൊണ്ട് മാത്രമാണ് നവ്യ നായർ പൊങ്കാലയിൽ നിന്ന് രക്ഷപ്പെട്ടതെന്നും ട്രോളുകൾ നിറയുന്നു. ഏഷ്യാനെറ്റ് ഫിലിം അവാർഡ് കഴിഞ്ഞപ്പോൾ എല്ലാവരും കൂടി മോഹൻലാലിനെ അങ്കമാലിയിലെ മൈക്കിൾ ജാക്‌സൺ ആക്കിക്കളഞ്ഞുവെന്നാണു കടുത്ത വിമർശനം. അതേസമയം, ഇപ്പോൾ ഇക്കാര്യത്തിൽ ആശ്വസിക്കുന്ന ഒരേ ഒരാൾ നവ്യനായരുടെ മെയ്‌ക്ക് അപ്പ് മാനായിരിക്കുമെന്നും പരിഹാസം ഉയരുന്നുണ്ട്.

സൂപ്പർ താരത്തിന്റെ മീശപിരിക്കൽ മാത്രമാണ് ആരാധകർക്ക് ലാലേട്ടൻ@36 പരിപാടിയിൽ ആശ്വസിക്കാനുണ്ടായിരുന്നത്. ആവേശത്തോടെയാണു അങ്കമാലിയിൽ തടിച്ചുകൂടിയ ആരാധകർ ലാലേട്ടന്റെ മീശപിരിക്കലിനെ സ്വാഗതം ചെയ്തത്.

 
ലാലേട്ടൻ വീണ്ടും മീശ പിരിച്ചപ്പോൾ..

ലാലേട്ടൻ വീണ്ടും മീശ പിരിച്ചപ്പോൾ..#Lalettan #AsianetAward #Mass #TheCompleteActor

Posted by Cinema Daddy on Sunday, February 21, 2016