പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ അലി അക്‌ബറും തന്റെ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘1921'എന്ന പേരിലാണ് അലി അക്‌ബർ സിനിമയെടുക്കുന്നത്. സിനിമയ്ക്ക് മുടക്കുമുതൽ കണ്ടെത്താനായി അലി അക്‌ബർ ആശ്രയിച്ചത് ക്രൗഡ് ഫണ്ടിങ് ആയിരുന്നു. പല ഘട്ടങ്ങളിലായി ലഭിച്ച തുക സംബന്ധിച്ച വിവരങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഒടുവിലായി ഒരു കോടി രൂപ കടന്നിരിക്കുന്നുവെന്നാണ് അലി അക്‌ബർ അറിയിച്ചത്. ഇതിനായി നിർമ്മിച്ച മമധർമ്മ എന്ന അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായാണ് അലി അക്‌ബർ വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയ കാര്യം അലി അക്‌ബർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്നാൽ ഈ പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി പേരാണ് എത്തുന്നത്.

ഒരു സിനിമ സംവിധാനം ചെയ്യാനായി സ്വന്തമായി 6 കെ ക്യാമറ വാങ്ങിയ അലി അക്‌ബറിന്റെ ചേതോവികാരം എന്താണെന്ന് സോഷ്യൽ മീഡിയ ചോ​ദിക്കുന്നു. ഒരു സിനിമ ചെയ്യാൻ എന്തിനാണ് സ്വന്തമായി ക്യാമറ വാങ്ങുന്നതെന്നും വാടകയ്ക്ക് എടുത്താൽ പോരേയെന്നും ചിലർ ചോദിക്കുന്നു. ‘ഇനി യുദ്ധത്തിന് വേണ്ട കുതിരകളേയും ആനകളേയും കൂടി വിലയ്ക്ക് വാങ്ങണം' എന്നാണ് മറ്റു ചിലരുടെ കമന്റുകൾ.

ഒരു സാധനവും വാടകയ്ക്ക് എടുക്കരുതെന്നും എല്ലാം സ്വന്തം ആയി മേടിക്കണമെന്നും അപ്പൊൾ പടം പൊട്ടിയാലും ഇതൊക്കെ വാടകയ്ക്ക് കൊടുത്തു ജീവിക്കാലോ എന്ന കമന്റുകളുമായി ചിലർ എത്തി. ഷൂ നക്കുന്നത് നല്ല എച്ച്.ഡിയിൽ കാണണം എന്ന് ഒരുപാട് ആയി ആഗ്രഹിക്കുന്നു. കാലപാനിയിൽ അന്നത്തെ ക്യാമറയിൽ ക്ലിയർ കുറവ് ആണ്. ഇതിൽ എങ്കിലും നമുക്ക് പൊളിക്കണം ജി എന്ന് കമന്റിട്ടവരും ഉണ്ട്.ചുളുവിൽ സിനിമയ്ക്ക് വേണ്ട സാധന സാമഗ്രികൾ എല്ലാം വാങ്ങി കൂട്ടുകയാണല്ലേയെന്നും രണ്ട് ജോഡി ഷൂസും കൂടി വാങ്ങണമെന്നുമാണ് ചിലർ പറയുന്നത്.

യഥാർത്ഥത്തിൽ ഒരു സിനിമ എടുക്കുന്നവർ ക്യാമറ ഒക്കെ വാങ്ങി ആണോ ചെയ്യുന്നതെന്നും സത്യത്തിൽ ഞങ്ങളെ മുതലാക്കുക ആണോ ഇക്കാ എന്ന് ചോദിച്ച് എത്തിയവരും ഉണ്ട്.6k പ്രദർശിപ്പിക്കാനുള്ള തിയ്യേറ്റർ കേരളത്തിൽ ഇല്ല അണ്ണ, ഇതൊക്കെ റെന്റിന് എടുത്ത് ചെയ്തൂടെ എന്ന ചോദ്യത്തിന് കേരളത്തിലല്ലേ ഇല്ലാത്തത് കേരളത്തിന് പുറത്ത് കാണുമല്ലോ എന്ന മറുപടിയും അലി അക്‌ബർ നൽകുന്നുണ്ട്. ഇതിന് പിന്നാലെ കേരളത്തിൽ ഉള്ളവരുടെ കാശും വാങ്ങി കേരളത്തിന് പുറത്തുകാണിക്കുന്നത് ശരിയാണോ അണ്ണാ എന്നും അപ്പോൾ കേരള സംഘികൾക്ക് പടം കാണാൻ ഇനി നാഗ്പൂരിൽ പോകേണ്ടി വരുമല്ലോ എന്ന കമന്റുകളുമാണ് വരുന്നത്.

ചിത്രത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയർ ഫീറ്റ് ഷൂട്ടിങ് ഫ്‌ളോർ ഉയരുകയാണെന്ന് പറഞ്ഞുകൊണ്ട് അലി അക്‌ബർ ഷെയർ ചെയ്ത ചിത്രത്തിനെതിരെയും വലിയ ട്രോളുകളാണ് ഉയരുന്നത്. ഇതിന് പുറമെ സിനിമയ്ക്കായി 80 ഓളം ഖുക്രി കത്തികളും തയ്യാറാക്കിയിട്ടുണ്ടെന്നും കത്തി താൻ തന്നെയാണ് ഡിസൈൻ ചെയ്തതെന്നും അലി അക്‌ബർ പറഞ്ഞിരുന്നു. ബ്രഹ്മാണ്ഡ സെറ്റിൽ ഒരുക്കുന്ന സിനിമ എത്തിയാൽ രാജമൗലി ഔട്ടാകുമോ, ക്യാമറ കല്യാണ ഷൂട്ടിംഗിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, പണം പിരിച്ച് പാവങ്ങളെ പറ്റിക്കുകയാണോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകൾക്ക് ലഭിക്കുന്നത്.