തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയും പ്രചരണചൂടിലാണ്. സ്ഥാനാർത്ഥികൾക്ക് പിന്തുണ അഭ്യാർത്ഥിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പേജുകൾ തന്നെ തുടങ്ങികഴിഞ്ഞു. ഇടതും വലതും ബിജെപിയും പ്രചരണം കൊഴിപ്പിക്കുമ്പോൾ സ്ഥാനാർത്ഥികളെയും മുന്നണികളെയും കളിയാക്കി കൊണ്ടുള്ള കമന്റുകളും ചിത്രങ്ങളും പ്രവഹിക്കുകയാണ്. അരുവിക്കരയിലെ സ്ഥാനാർത്ഥികളെയാണ് കളിയാക്കുന്നത്. ജി കാർത്തികേയന്റെ മകൻ ശബരിനാഥിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെയും ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വവുമാണ് സോഷ്യൽ മീഡിയയുടെ കളിയാക്കലിന് ഇടയാക്കിയത്.

തെരഞ്ഞെടുപ്പ് വേദികളിലെ സ്ഥിരം സാന്നിധ്യമായ ഒ.രാജഗോപാലിനേയും പുതുമുഖമായ ശബരിനാഥനേയും സ്ഥാനാർത്ഥിയാക്കിയതിനെ പരിഹസിച്ച് ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമൊക്കെ കമന്റുകൾ പ്രവഹിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നിയമസഭ,ലോക്‌സഭ. തിരഞ്ഞെടുപ്പ് എന്തുമായിക്കോട്ടെ സ്ഥാനാർത്ഥി രാജേട്ടൻ തന്നെ എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്‌ബുക്കിലെ ട്രോളന്മാർ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂൾ തിരഞ്ഞെടുപ്പിൽ വരെ പരിഗണിച്ചെത്രേ രാജേട്ടനെ. തീർന്നില്ല ഇലക്ഷൻ അങ്കിളെന്ന വിളിപ്പേരും. ഉണ്ടപക്രുവിന് ശേഷം ഗിന്നസ് ബുക്കിൽ കയറുന്ന വ്യക്തിയാകും രാജേട്ടൻ ചിലർ പ്രവചിച്ചിരിക്കുന്നു.

എന്നാലും എന്റ രാജേട്ടായെന്ന് സീമ. തളരരുത് രാമൻകുട്ടിയെന്ന് മറ്റ് ചിലർ ചിത്രം സിനിമയിലെ മോഹൻലാലിന്റെ ഹിറ്റ് ഡയലോഗാണ് ശബരിനാഥന്റെ സൂപ്പർഹിറ്റ് കമന്റ്, ആടുതോമായെ വരെ കളത്തിലിറക്കി ചിലർ. അച്ഛൻ മരിച്ചാൽ മകനെന്നാണങ്കിൽ പിന്നെ രാജഭരണം പോരായിരുന്നോയെന്ന് സംശയം. പ്രാഞ്ചിയേട്ടനായും റാംജിറാവ് സ്പീക്കിങ്ങിലെ ബാലകൃഷ്ണനായും വരെ ശബരിനാഥനെ സോഷ്യൽ മീഡിയകളിലെ ആക്ഷേപഹാസ്യക്കാർ ചിത്രീകരിച്ചിട്ടുണ്ട്.

എന്തായാലും യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികളെ കളിയാക്കി നിരവധി പേർ രംഗത്തുണ്ടെങ്കിലും ഇടതു സ്ഥാനാർത്ഥി വിജയകുമാർ ഈ ആക്രമണത്തിൽ നിന്നും തൽക്കാലം രക്ഷപെട്ടിരിക്കയാണ്.