ന്നാലും ഇങ്ങനെയൊക്കെ നടക്കുമോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്തൊക്കെയായിരുന്നു. മലപ്പുറം കത്തി, അമ്പും വില്ലും തോക്ക്... ഒടുവിൽ പവനായി ശവമായി എന്നു പറഞ്ഞതു പോലെയായി കാര്യങ്ങൾ.

കഴിഞ്ഞ ദിവസം ഓൺലൈൻ പെൺവാണിഭസംഘത്തിനൊപ്പം പിടിയിലായ രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും കളിയാക്കി സൈബർ ലോകത്തു ട്രോളുകൾ പ്രവഹിക്കുകയാണ്. ചുംബന സമരത്തിന്റെ വക്താക്കളെന്ന നിലയിൽ ചാനലുകളിലും മറ്റും നിറഞ്ഞു നിന്ന രാഹുലും രശ്മിയും പിടിയിലായത് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ നടന്ന യുവമോർച്ച-ബിജെപി ആക്രമണത്തോടെ സദാചാര ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം ശക്തമായപ്പോഴാണ് ചുംബനസമരം ഉടലെടുത്തത്. കൊച്ചിയും കോഴിക്കോടും എന്തിനേറെപ്പറയുന്നു കേരളത്തിനു പുറത്തുള്ള നഗരങ്ങളും ചുംബനസമരത്തിനു വേദിയായി. ഇതോടെ, സമരത്തിന്റെ വക്താക്കളായി ചാനലുകളിലും മറ്റും നിറഞ്ഞുനിൽക്കുകയായിരുന്നു രാഹുലും രശ്മിയുമൊക്കെ. ഏറ്റവുമൊടുവിൽ ഇവരെത്തന്നെ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ ചുംബനസമരത്തോടു നേരത്തെതന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെയാണു ട്രോളുകളും സജീവമായത്. ചുംബനസമരത്തിന്റെ നേതൃത്വം ആരും രാഹുലിനു നൽകിയിട്ടില്ലെന്നു കിസ് ഓഫ് ലവ് പ്രവർത്തകർ പറഞ്ഞുവെങ്കിലും ഇതൊന്നും ട്രോളന്മാർ കണക്കിലെടുത്തിട്ടില്ല.

പൊതു സ്ഥലത്തു ചുംബിക്കുന്നതിനു കേസെടുത്താൽ മറൈൻ ഡ്രൈവിൽ ചുംബനസമരം. അങ്ങനെയെങ്കിൽ പെൺവാണിഭത്തിനു കേസെടുത്താൽ എന്തു ചെയ്യുമെന്നാണു സൈബർ ലോകം ചോദിക്കുന്നത്.

ട്രോളർമാർ തന്നെ പ്രത്യക്ഷപ്പെടുന്ന ട്രോളുകളും സജീവമാണ്. എന്നാൽ, ചുംബനസമരത്തിൽ പങ്കെടുത്ത ഒരാൾ അറസ്റ്റിലായതുകൊണ്ട് സമരത്തെ ആക്ഷേപിക്കേണ്ടെന്ന തരത്തിലും ട്രോളുകൾ പുറത്തുവന്നിട്ടുണ്ട്.