തിരുവനന്തപുരം: സ്പീക്കർ എൻ ശക്തൻ വല്ലാത്തൊരു കുടുക്കിൽ തന്നെയാണു പെട്ടിരിക്കുന്നത്. ഡ്രൈവറെക്കൊണ്ടു ചെരിപ്പിന്റെ വള്ളി അഴിപ്പിച്ച ശക്തൻ തൊട്ടുപിന്നാലെ നടത്തിയ വിശദീകരണവും തിരിഞ്ഞുകൊത്തിയ അവസ്ഥയിലാണിപ്പോൾ.

കുനിയാൻ കഴിയില്ലെന്നും അപൂർവ രോഗമാണു തനിക്കെന്നുമുള്ള വാദങ്ങളാണ് വാർത്താസമ്മേളനത്തിൽ എൻ ശക്തൻ ഉയർത്തിയത്. എന്നാൽ ഇതിനെയൊക്കെ കളിയാക്കിയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

കുനിഞ്ഞാൽ കാഴ്ച നഷ്ടമാകുന്ന എൻ ശക്തൻ ഡ്രൈവറെക്കൊണ്ട് ചെരിപ്പ് അഴിപ്പിച്ചു നിമിഷങ്ങൾക്കകം കുനിഞ്ഞു നിന്നു തന്നെയാണു കൊയ്ത്തും മെതിയും നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതോടെ പറഞ്ഞ കള്ളം പൊളിഞ്ഞ അവസ്ഥയിലായി.

ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും സാധ്യമാകാത്ത ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ശക്തനു കൊയ്യാനും മെതിക്കാനും പോകാൻ ഒരു തടസ്സവും ഉണ്ടായില്ല എന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. പരിപാടിയിലുടനീളം ശക്തൻ പങ്കെടുക്കുകയും ചെയ്തു. വാറഴിച്ച ദൃശ്യങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോഴാണ് കുനിയാൻ കഴിയാത്തതിനാലാണ് ഇത് ചെയ്‌തെന്ന വിശദീകരണവുമായി രംഗത്തുവന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ വിശ്രമിക്കുന്നതിന് പകരം കൊയ്ത്തും മെതിയും പോലെയുള്ള ആയാസകരമായ പ്രവൃത്തിക്കെത്തി ആരോഗ്യം കൂടുതൽ വഷളാകാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്തിനാണെന്നും സൈബർ ലോകം ചോദിക്കുന്നു.

പത്രസമ്മേളനം വിളിച്ചപ്പോൾ തനിക്കുള്ളത് അപൂർവരോഗമാണെന്നും, കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന അവസ്ഥയാണെന്നുമാണു ശക്തൻ പറഞ്ഞത്.

കടുത്ത വിമർശനമാണു വാർത്താസമ്മേളനത്തിനു ശേഷവും ശക്തനെതിരെ സോഷ്യൽ മീഡിയ ഉയർത്തുന്നത്. കുനിയാൻ പറ്റില്ലെങ്കിൽ കറ്റ കൊയ്യാൻ കുനിഞ്ഞത് എങ്ങനെയെന്നു ചോദിക്കുന്ന സൈബർ ലോകം വള്ളിച്ചെരുപ്പിട്ടത് എന്തിനെന്നും ചോദിക്കുന്നുണ്ട്. സാധാരണ വള്ളി ഇടാത്ത ചെരിപ്പാണ് ഇടുന്നതെന്നു ശക്തൻ പറഞ്ഞതിനെ സ്ഥിരമായി വള്ളി ഇടാത്ത ചെരിപ്പ് ഇട്ടാൽ പോരെ എന്ന മറുചോദ്യമാണ് ഉയർത്തുന്നത്.

'കണ്ണിൽ പൊടി കയറരുത്' - അപ്പോൾ കറ്റ മെതിക്കുമ്പോൾ പൊടി കയറില്ലേ? 'കണ്ണിൽ വെളിച്ചം അടിക്കരുത്' - എന്നിട്ട് ഇത് വരെ എന്താ സൺ ഗ്ലാസ് വെക്കാത്തെ എന്നും സൈബർ ലോകം ചോദിക്കുന്നു. ഏറ്റവും ഒടുവിൽ പറയുന്നത് കണ്ണിനു ഇപ്പോൾ പൂർണ്ണ കാഴ്ച ഉണ്ടെന്നും. കണ്ണിനു മാത്രമേ കുഴപ്പമുള്ളൂ ബാക്കി എല്ലാം ഓകെയാണെന്ന വാദം ഉയർത്തിയതിനെയും പരിഹസിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യം പ്രശ്‌നമെങ്കിൽ എന്തിനാണു പദവിയിൽ തുടരുന്നതെന്തിനെന്ന ചോദ്യത്തിനു പാർട്ടിയും മണ്ഡലത്തിലെ ജനങ്ങളും സമ്മതിക്കുന്നില്ലെന്ന മറുപടിയാണു ശക്തൻ നൽകിയത്. 'ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന സ്പീക്കർ എൻ ശക്തൻ സ്ഥാനമൊഴിഞ്ഞ് വീട്ടിൽ ഇരിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു'വെന്നു സോഷ്യൽ മീഡിയ പരിഹസിക്കുന്നു. കുനിഞ്ഞു നിന്നാൽ കാഴ്ചപോകും. ആരോഗ്യപ്രശ്‌നങ്ങളും നിരവധി. യാത്ര ചെയ്യാൻ വയ്യ. നടക്കാൻ വയ്യ, ഇരിക്കാൻ വയ്യ. നിൽക്കാൻ വയ്യ. എന്നാൽ പിന്നെ എന്തിനാ കസേരയും കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. ഒഴിഞ്ഞങ്ങു പോകരുതോ എന്നാണിപ്പോൾ സൈബർ ലോകം ചോദിക്കുന്നത്.

എന്തായാലും ഭരണകക്ഷിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റിനു വേണ്ടി അടിയുണ്ടാക്കാൻ ഒരാൾ കുറഞ്ഞുകിട്ടിയെന്നും സോഷ്യൽ മീഡിയയിൽ പരിഹാസമുയരുന്നുണ്ട്. ആരോഗ്യപ്രശ്‌നം ഉള്ളതുകൊണ്ട് ഇനി പാർട്ടി നിർബന്ധിക്കത്തില്ലല്ലോ. പക്ഷേ, വാർത്താസമ്മേളനത്തിന്റെ ടോൺ കണക്കിലെടുത്താൽ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അസുഖം പൂർണമായി ഭേദമാകുമെന്നാണ് സൈബർ ലോകം പരിഹസിക്കുന്നത്. ശക്തനെ പരിഹസിച്ച് നിരവധി ട്രോൾ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.