തിരുവനന്തപുരം: മെഡിക്കൽ ജീവിതത്തിനിടെ സ്ത്രീകളായ ഡോക്ടർമാർക്കും നഴ്സുമാർക്കും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഡോ. ആതിര ദർശനെ കളിയാക്കി വീണ്ടും ഞെരമ്പുരോഗികൾ. കുനിഞ്ഞു നിന്നാൽ ഫോട്ടോയെടുത്ത് ഓടുന്നുവർ വരെയുണ്ടെന്ന ഡോക്ടറുടെ പരാമർശത്തിനു മറുപടിയായി കുനിഞ്ഞു നിന്നിട്ടല്ലേ മോളേ എന്നുവരെ ചില വിവരം കെട്ടവർ ചോദിക്കുന്നു.

തനിക്കു നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങൾ മുമ്പും പങ്കുവച്ചിട്ടുള്ള ആതിര ഇക്കുറി ലൈംഗിക സുഖത്തിനായി ആശുപത്രികൾ കയറിയിറങ്ങുന്ന ഞെരമ്പു രോഗികളുടെ വിവരങ്ങളാണു കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവരുടെ പേജിൽ സത്രീവിരുദ്ധന്മാരുടെ കമന്റുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ലൈംഗികപരമായ കാര്യങ്ങൾ തുറന്നു പറയുന്ന സ്ത്രീകൾക്കു നേർക്ക് എന്തും ആകാമെന്ന ചില ആഭാസന്മാരുടെ ചിന്താഗതിയാണ് ഈ കമന്റുകളിൽ കാണുന്നത്.

കേട്ടാൽ അറക്കുന്ന അസഭ്യങ്ങൾ പറഞ്ഞാണ് ഡോക്ടർ ആതിര ദർശനെ ഫേസ്‌ബുക്കിലും മറ്റും ആളുകൾ ആക്ഷേപിക്കുന്നത്. സമൂഹത്തിൽ ഇത്തരം ഞെരമ്പുരോഗികൾ ധാരളമുണ്ടെന്നും അതിന്റെ പേരിൽ ഡോക്ടർ ആളാവേണ്ടെന്നുമാണ് മറ്റൊരാളുടെ അഭ്യർത്ഥന. പ്രശസ്തിക്കുവേണ്ടിയുള്ള കോലാഹലം മാത്രമാണ് ഡോക്ടർ നടത്തുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്റെ പെങ്ങളെ എതെങ്കിലും തെണ്ടികൾ നിങ്ങൾ കുനിഞ്ഞു നിന്നപ്പോൾ ഫോട്ടോ എടുത്തെങ്കിൽ അത് നിങ്ങൾ നിന്നു കൊടുത്തിട്ട്, അല്ലെങ്കിൽ അത് നിങ്ങടെ കഴിവുകേട്. അതിന് മൊത്തം ആണുങ്ങളെ ആ കാറ്റഗറിയിൽ പെടുത്തരുത് - ഡോക്ടർ ആതിരയോടുള്ള ഒരാളുടെ അഭ്യർത്ഥന ഇങ്ങനെ. ശരി എങ്കിൽ ചികിത്സയൊക്കെ കുനിയാതെ ചെയ്തോളാം എന്ന് ഡോക്ടറുടെ വക മറുപടി.


എനിക്ക് ഉണ്ടായ ഒരു ദുരനുഭവം അത് പൊതുവഴിയിലോ സിനിമാശാലയിലോ അല്ല.. എന്റെ ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ദുരനുഭവം പങ്കു വച്ചപ്പോ അതിനുവരുന്ന പ്രതികരണങ്ങൾ കണ്ടു ചിരി നിർത്താൻ പറ്റുന്നില്ല... ഇത്രയധികം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവർ ആണ് മലയാളികൾ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു... കഷ്ട്ടം സഹോദരന്മാരെ.. - തികച്ചും അശ്ലീലമായ കമന്റുകൾ സ്‌ക്രീൻ ഷോട്ടെടുത്ത് ആതിര തന്നെ പറയുന്നത് ഇങ്ങനെ.

അതേസമയം ഡോ. ആതിരയെ പിന്തുണച്ചും ധാരാളം പേർ രംഗത്തുവരുന്നുണ്ട്. വെല്ലുവിളികളെ നേരിടാൻ തയ്യാറായിക്കൊണ്ട്, സദാചാരത്തിന്റെ ചങ്ങലകളിൽ ബന്ധിതയാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകൾക്കു വേണ്ടി സ്വന്തം അനുഭവം തുറന്നു പറയാൻ ഡോ അതിരയ്ക്ക് ചിലർ ബിഗ് സല്യൂട്ട് നല്കുന്നു. സ്ത്രീ ഡോക്ടറുടെ അടുത്ത് ഹെർണിയ ആയി വരുന്ന പേഷ്യന്റിന്റെ ലിംഗവും വൃഷണവും പരിശോധിക്കുമ്പോൾ പോലും ഉദ്ധരിച്ചു പോവുന്ന ലൈംഗികവൈകൃതമുള്ളവരുടെ നാട്ടിൽ ഇതൊക്കെ പറഞ്ഞ് ബോധമുണ്ടാക്കാൻ ചെല്ലുന്നവർക്ക് ഇതൊന്നും കിട്ടിയതിൽ യാതൊരു അത്ഭുതവുമില്ലെന്നു മറ്റൊരാളും കുറിക്കുന്നു.

ലിംഗത്തിൽ കുരു ഉണ്ടെന്ന് പറഞ്ഞടക്കം പലവിധത്തിൽ ലൈംഗിക സുഖം തേടി ആശുപത്രികളിലെത്തുന്നവർ ഉണ്ടെന്നാണു കോട്ടയം ബിഷപ്പ് ജേക്കബ് മെമോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ആതിര കഴിഞ്ഞദിവസം തന്റെ പോസ്റ്റിൽ വ്യക്തമാക്കിയത്. കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നവരാണ് മറ്റു ചിലർ. തിരക്കുപിടിച്ച് ജോലി ചെയ്യുന്നതിനിടെ ഒന്നു തോണ്ടിയിട്ടു പോകുന്നവരുമുണ്ട്. രണ്ടെണ്ണം പറയാമെന്നു വിചാരിച്ചാൽ അതിനുള്ളിൽ അവർ കൺമുന്നിൽ നിന്നും മറഞ്ഞിട്ടുണ്ടാകും.

തന്റെ സുഹൃത്തായ ഒരു വനിതാ ഡോക്ടർ അവരുടെ അനുഭവങ്ങൾ പറയുകയുണ്ടായി. ഒപി ചീട്ടെടുത്ത് ചികിത്സ തേടിയെത്തിയ രോഗി അവരെ തുണിപൊക്കി കാണിച്ചു. ലൈംഗിക സുഖം മാത്രം തേടിയെത്തുന്നവരാണ് ഈ മാന്യന്മാർ. ലിംഗത്തിലൂടെ ട്യൂബ് ഇടുമ്പോൾ ലൈംഗിക ഉന്മാദം ലഭിക്കുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ എത്രയോ പേർ സർക്കാർ ആശുപത്രികളിൽ അതിനു വേണ്ടിയെത്തുന്നു. നഴ്‌സുമാരായിരിക്കും അധികവും ഈ ജോലി ചെയ്യുന്നത്. രോഗിയുടെ നോട്ടവും ഭാവവുമെല്ലാം അവർ എത്രത്തോളം സഹിക്കുന്നുണ്ടാകും. ലിംഗത്തിൽ പേപ്പർ കഷ്ണങ്ങൾ കയറ്റി വരുന്നവരുമുണ്ട്. അത് നീക്കം ചെയ്യണമെന്നായിരിക്കും അവരുടെ ആവശ്യം. കാഷ്യാലിറ്റിയിൽ കാണിക്കുമ്പോൾ സർജനെ കാണണെന്നാകും നിർദ്ദേശം. ശസ്ത്രക്രിയ വേണമെന്നു പറഞ്ഞാലോ അവർ പേടിച്ചോടുകയും ചെയ്യും.

ഫേസ് ബുക്കിൽ ഞെരമ്പുരോഗം പ്രകടിപ്പിക്കുന്ന മാന്യമാരുടെ വിവരങ്ങളും ആതിര പങ്കുവച്ചു. രോഗങ്ങളുമായി ബന്ധപ്പെട്ട് ഇൻബോക്‌സിൽ പലപ്പോഴും മെസേജുകൾ വരാറുണ്ട്. ഡോക്ടറായതുകൊണ്ട് മിക്ക മെസേജുകൾക്കും മറുപടി നൽകാറുമുണ്ട്. എന്നാൽ ചിലരുടെ മെസേജ് കാണുമ്പോഴേ മനസിലാകും വേണ്ടിയിട്ട് ചോദിക്കുന്നതല്ല എന്ന്. അത്തരത്തിലൊരാളായിരുന്നു ദേശബന്ധു കാറ്റാനം. പാതിരാത്രിയുള്ള ഇയാളുടെ ചോദ്യങ്ങൾ ആവശ്യമുള്ളതല്ല എന്നു തോന്നിയതുകൊണ്ട് മറുപടി നൽകിയിരുന്നില്ല. എന്തെങ്കിലും ഒന്നു പറഞ്ഞുപോയാൽ അതിൽ പിടിച്ച് അയാളങ്ങ് തൂങ്ങും. ഇയാൾക്കെതിരെ പ്രതികരിച്ചതിന് അയാൾ തന്നെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്. ഫേസ്‌ബുക്കിൽ അശ്ലീല മെസേജുകൾ അയക്കുന്നവരോട് ഇനിയും പ്രതികരിക്കുക തന്നെയാകും ചെയ്യുക. അതിന് ഭർത്താവിന്റേയും കുടുംബത്തിന്റേയും പൂർണ്ണ പിന്തുണയുണ്ടെന്നും ഡോ. ആതിര കൂട്ടിച്ചേർത്തു.