ചെന്നൈ: ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകുന്നതിനെ പരിഹസിച്ചു രസിക്കുകയാണ് തമിഴ് സോഷ്യൽ മീഡിയ. സൂപ്പർസ്റ്റാർ രജനിയും അജിത്തുമെല്ലാം ശശികലയെ പരിഹസിക്കുന്ന ട്വിറ്റർ, ഫേസ്‌ബുക്ക് ട്രോളുകളിൽ താരങ്ങളാകുന്നു. തമിഴ് സിനിമയിലെ രസകരമായ രംഗങ്ങളാണ് പല ട്രോളുകളിലും പരാമർശിക്കുന്നത്.

രജനി ഇരട്ട വേഷത്തിലെത്തുന്ന യെന്തിരൻ എന്ന ചിത്രത്തിലെ ഒരു രംഗമാണ് പ്രധാന ട്രോളുകളിലൊന്ന്. രജനിയുടെ യന്തിരനെ ഇതിൽ രാജിവച്ച മുഖ്യമന്ത്രി പനീർശെൽവത്തോടാണ് ഉപമിക്കുന്നത്. ശശികലയുടെ ആജ്ഞകൾ അനുസരിക്കുന്ന റോബോട്ട് മാത്രമാണ് പനീർശെൽവമെന്ന് ട്രോൾ സൂചിപ്പിക്കുന്നു. ശശികല മുഖ്യമന്ത്രിയാകുമ്പോൾ പനീർശെൽവത്തോട് സ്വയം പൊളിഞ്ഞു നശിച്ചോളാൻ ഇതിൽ ആവശ്യപ്പെടുന്നു.

തമിഴ്മാട്ടുകാർ ഗത്യന്തരമില്ലാതെ നാടുവിടേണ്ട അവസ്ഥയിലാണെന്ന് പറയുകയാണ് തമിഴ് നടൻ വിവേകിനെ മലയാളിയാക്കിക്കൊണ്ടുള്ള ട്രോൾ. ഇനി എന്റെ മാതൃഭാഷ മലയാളമാണെന്നും സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വലിക്കുന്ന ബിഡി മലാബാർ ബീഡിയാണെന്നും വിവേക് പറയുന്നതയാണ് ട്രോളിൽ ചിത്രീകരിക്കുന്നത്.

ഗൗതം മേനോന്റെ 'വേട്ടയാട് വിളയാട്' എന്ന സിനിമയിലെ രംഗമാണ് മറ്റൊരു പോസ്റ്റിൽ. 'അമ്മ മരിച്ചിട്ട് കൃത്യം രണ്ട് മാസം ആയപ്പോഴേക്കും മുഖ്യമന്ത്രിയായല്ലേ?' എന്ന് തമിഴ് ജനത്തെ പ്രതിനിധീകരിച്ച് കമാലിനി മുഖർജിയുടെ കഥാപാത്രം ചോദിക്കുന്നു. 'രണ്ട് ദിവസം കൊണ്ട് ആവാമായിരുന്നു. പക്ഷെ ഗെറ്റപ് മാറ്റാൻ സമയമെടുത്തു.' എന്ന് ശശികലയാക്കപ്പെട്ട കമൽ ഹാസൻ പറയുന്നു.

വേതാളം എന്ന സിനിമയിൽ അജിത് അഭിനയിച്ചു ഫലിപ്പിച്ച മുഖഭാവങ്ങളുടെ മാറ്റമാണ് മറ്റൊന്നിൽ. കരച്ചിലിൽ തുടങ്ങുന്ന അജിത് ചിരിയിലെത്തുന്നതവരെയുള്ള ചിത്രങ്ങൾ ജയലളിതയുടെ മരണം മുതൽ മുഖ്യമന്ത്രിയാകുന്നതുവരെയുള്ള ശശികലയുടെ ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു.