അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാൽ നൽകിയാൽ മതിയെന്ന കളംതോട് സ്വദശി തങ്ങളുടെ നിർദേശത്താൽ പിതാവ് നവജാത ശിശുവിന് മുലപ്പാൽ വിലക്കിയ സംഭവത്തിൽ നവമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ നിറയുന്നു. തങ്ങളേയും മുലപ്പാൽ നിഷേധിച്ച പിതാവിനേയും വിശ്വാസികളേയും കണക്കറ്റ് പരിഹസിച്ചുള്ള ട്രോൾ പോസ്റ്റുകളാണ് ഏറെ. പതിവുപോലെ ട്രോളുകളേറേയും. സിനിമാ ക്ലിപ്പുകളുടെ അകമ്പടിയോടെ തന്നെ. കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കറാണ് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിൽ നിന്നും മാതാവിനെ വിലക്കിയത്.

ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ആൺകുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നൽകാൻ പാടില്ലെന്ന് പിതാവ് നിർബന്ധം പിടിച്ചു. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നാൽ 24 മണിക്കൂർ കുഞ്ഞിന് യാതൊന്നും നൽകാൻ പാടില്ല. ഇത്രയും നേരം കുഞ്ഞിന് മുലപ്പാൽ നൽകാതിരുന്നാൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

എന്നാൽ പിതാവും ബന്ധുക്കളും ഇത് അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഇവരെ ഡിസ്ചാർജ് ചെയ്തു. കളംതോടുള്ള ഹൈദ്രോസ് തങ്ങളുടെ നിർദേശപ്രകാരമാണ് പിതാവ് കുട്ടിക്ക് മുലപ്പാൽ നിഷേധിച്ചത്. പകരം തേനും വെള്ളവും നൽകുന്നുണ്ടെന്നും തന്റെ മൂത്ത മകനും മുലപ്പാൽ നൽകിയത് തങ്ങൾ നിർദേശിച്ച പ്രകാരമാണെന്നുമാണ് അബുബക്കർ നൽകിയിരുന്ന വിശദീകരണം.

സോഷ്യൽ മീഡിയയിൽ ഉയർന്ന ചില വിമർശനങ്ങൾ ഇങ്ങനെ...