തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിനെ വിമർശിച്ച് ബിജെപി നേതാവ് വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇന്നലെയാണ് ചർച്ചയായത്. ശബരിമലയെ ഒരു പിക്‌നിക് സ്‌പോർട്ട് ആയി മാറ്റരുത് എന്നായിരുന്നു മരളീധരൻ പറഞ്ഞത്.

അയ്യപ്പ സന്നിധിയിൽ ഭക്തനായി പോകുന്നതിന് ജാതിമത വർണ്ണ ഭാഷാ തടസ്സങ്ങൾ ഒന്നും തന്നെയില്ല. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയിൽ അവിടെ കടന്നു ചെല്ലാം. എന്നാൽ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കെ.ടി.ജലീൽ ശബരിമലയെ വെറും ഫോട്ടോ ഓപ്പർച്ച്യൂണിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കിൽ അത് ശരിയല്ലെന്നും മുരളീധരൻ വിമർശിച്ചിരുന്നു.

മുൻ സിമിക്കാരൻ ആയ ജലീൽ ഒരു സുപ്രഭാതത്തിൽ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാൽ അത് മുഖവിലക്കെടുക്കാൻ പറ്റില്ലെന്ന് മുരളീധരൻ വിമർശിക്കുന്നു. തന്റെ അറിവിൽ ജലീലിന് ശബരിമലയിൽ പ്രത്യേകിച്ച് റോളൊന്നും ഉണ്ടായിരുന്നില്ല. ശബരിമലയെ സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുത് എന്നും മുരളീധരൻ പറഞ്ഞിരുന്നു.

മുരളീധരൻ പോസ്റ്റ് ഇട്ടതിനു പിന്നാലെ വിമർശനങ്ങളുമായി ബിജെപിക്കാർ ഉൾപെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സുരേന്ദ്രൻ പള്ളിൽ നിൽക്കുന്ന ചിത്രം പുറത്ത് വിട്ട് മറുപടി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തെരെഞ്ഞെടുപ്പ് സമയത്ത് പള്ളിയിൽ പോയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'അതേസമയം മറ്റൊരു പിക്‌നിക് സ്‌പോട്ടിൽ എത്തിപ്പെട്ട പ്രമുഖനേതാവിന്റെ ചിത്രം നാസ പുറത്തുവിട്ടു' എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം പ്രചരിക്കുന്നത്.

ചിത്രം ഫോട്ടോ ഷോപ്പ് ആണ് എന്നാണ് ചിലർ വാദിക്കുന്നത്. ജീവിതമാണ് നാററിക്കരുത് ബ്ലീസ്........ ഒരബദ്ധം പറ്റിയതാണ് എന്ന് ഒരാൾ കമന്റ് ചെയ്യുമ്പോൾ മാഷാ അള്ളാ.. ഉപദ്രവിക്കരുത് ഉപജീവനമാണ്... എന്ന് റിപ്ലെ നൽകുന്നു... എന്തൊരു വിനയം കണ്ണ് നിറഞ്ഞു പോവുന്നു എന്നും വിമർഷകർ പറയുന്നു. ഫേസ്‌ബുക്കിലെ ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്ര്ൂപ്പിൽ ഉൾപെടെ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുരളീധരന് മറുപടിയുമായി ജലീൽ തന്നെ രംഗത്ത് എത്തിയിരുന്നു.ശബരിമലയിൽ എല്ലാവർക്കും പോകാമെന്നത് ലോകമറിയുന്നത് എന്തിനാണ് ചിലർ ഭയപ്പെടുന്നത്. മതങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിക്കുന്നതിൽ ആശങ്കയുള്ളവരാണ് ഇതിനെതിരായ പരാമർശങ്ങൾ നടത്തുന്നതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.

ശബരിമലയിൽ എത്തിയപ്പോൾ മതസൗഹാർദ്ദത്തിന്റെ അനുഭൂതിയാണ് താൻ അനുഭവിച്ചറിഞ്ഞത്. ഇതിന് മുമ്പ് സുവർണ്ണക്ഷേത്രം സന്ദർശിച്ചപ്പോഴാണ് സമാനമായ അനുഭൂതി അനുഭവിക്കാനായത്. അവിടെ ഒരു സിഖ് വംശജന് എവിടെവരെ പോകമോ അത്രയും ദൂരം ഇതര മതസ്ഥർക്കും പോകാം. അതേ പോലെ തന്നെയാണ് ശബരിമലയിലും. എല്ലാവർക്കും ശബരിമലയിൽ പോകാം. മതസൗഹാർദ്ദത്തിന്റെ ഉത്സവമാണ് അവിടെ നടക്കുന്നത്. എന്നും ജലീൽ അഭിപ്രായപ്പെട്ടിരുന്നു.