തിരുവനന്തപുരം: 'ശ്രീലകത്ത് നെയ് വിളക്ക് 4500 രൂപ കൊടുത്ത് ശീട്ടാക്കിയാൽ അഞ്ച് പേർക്ക് നേരിട്ട് ഭഗവത് ദർശന സൗകര്യം ലഭ്യമാണ്' - ഗുരുവായൂർ അഡ്‌മിനിസ്‌ട്രേറ്റർ ക്ഷേത്രത്തിൽ വച്ച ബോർഡ് എന്ന വിധത്തിൽ അതിവേഗം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇങ്ങനെയൊരു ബോഡ് കണ്ടാൽ എത്രവലിയ ഭക്തനായാലും ഉള്ളിൽ അൽപ്പം അമർഷം തോന്നും. കാരണം, പണം കൊടുക്കുന്നവർക്ക് മൂർത്തിയെ അടുത്തു നിന്ന് തൊഴാൻ സാധിക്കുമെന്ന കാര്യം പലപ്പോഴും വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ക്ഷേത്രങ്ങളെ ഇങ്ങനെ കച്ചവടവൽക്കരിക്കണോ എന്നാനും ഏതൊരു ഭക്തർക്കും തോന്നുക. ഇതേ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഗുരുവായൂർ അഡ്‌മിനിസ്‌ട്രേറ്ററുടെ പേരിൽ പ്രത്യക്ഷപ്പെട്ട ബോർഡ് കണ്ട് ഉയർത്തുന്നത്.

മനു എറണാകുളം എന്നയാളാണ് ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രം എന്നുള്ള ' പേര് ' മാറ്റി ഗുരുവായൂർ ദേവസ്വ വ്യാപാര സമുച്ചയം എന്നാക്കുന്നതാവും ഉചിതം ... എന്ന് കുറിച്ചു കൊണ്ടാണ് മനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. 4500 രൂപ കൊടുത്താൽ അഞ്ച് പേർക്ക് ഭഗവാനെ നേരിൽ കാണാമെന്ന അറിയിപ്പ് തന്നെയാണ് ട്രോളിംഗിന് ഇരയാക്കാനും ഇടയായത്. ഇതോടെ സോഷ്യൽ മീഡിയയിൽ വിഷയം കൂടുതൽ ചർച്ചയായി.

കമന്റായി തന്നെ നിരവധി പേർ ട്രോൾഇട്ടു. 500 രൂപ കൂടി അധികം നൽകിയാൽ വൈകുണ്ഠത്തിൽ വിഷ്ണുവിന്റെ അടുത്തിരുന്ന് സെൽഫിയെടുക്കാൻ അവസരമുണ്ടാകുമോ എന്നായി പലരുടെയും ചോദ്യം. രസകരമായി പല കമന്റുകളും പോസ്റ്റിന് താഴെ എത്തി. കൂടാതെ നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്യുകയുമുണ്ടായി. രസകരമായ ചില കമന്റുകൾ ചുവടേ കൊടുക്കുന്നു:

  • നേരിട്ട് എന്ന് പറഞ്ഞാൽ ഗുരുവായൂരപ്പൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് കാശടച്ച് ചീട്ടെടുത്ത 5 പേരെ കാണും. വേണമെങ്കിൽ കൂടെ ഇരുന്ന് ഓരോ ചായയും ചെറുകടിയും കഴിക്കും.....അതിന് ഈ തുക ചെറുതല്ലേ....
  • പതിനായിരം കൊടുത്താൽ ശ്രീകോവിലിൽ കേറി സെൽഫി എടുക്കാനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നതാണ്.
  • 5,00,000 തന്ന് ശ്രീലകത്തു ശീട്ടാക്കിയാൽ ഒരു ദിവസത്തേക്ക് വിഗ്രഹം വീട്ടിൽ കൊണ്ടുപോയി തിരികെ കൊണ്ട് തരുന്ന ഒരു ഓപ്ഷൻ ഒണ്ടേൽ കുറച്ചൂടെ സൗകര്യപ്പെട്ടേനെ...

  • ''ദൈവത്തെ വിൽക്കാനുണ്ട്.'' നിങ്ങൾക്കിഷ്ടമുള്ള നേരങ്ങളിൽ ഇഷ്ടമുള്ള രീതിയിൽ പ്രസാദിക്കുന്നതിനും മറ്റുമായി വീട്ടിൽ സൂക്ഷിക്കാവുന്ന ദൈവങ്ങളെ വിൽനുണ്ട്. ഇങ്ങനേയും ചിലപ്പോൾ നാളെ കണ്ടേയ്ക്കാം...
  • ഇതുപോലൊരു ഓഫർ ബിവറേജസിൽ നടപ്പിലാക്കിയിരുന്നെങ്കിൽ എരിവെയിലത്തു ക്യു നിൽക്കുന്ന കഠിനവ്രതം ഒഴിവാക്കാമായിരുന്നു

അതേസമയം ഈ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാൻ കാരണം അൽപ്പം രാഷ്ട്രീയവുമുണ്ട്. ശബരിമല ക്ഷേത്രത്തിൽ പണം അടക്കുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കണമെന്ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ ഓർത്തെടുത്തു കൊണ്ട് കൂടിയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാന മാർഗ്ഗത്തിന്റെ കാര്യം പോസ്റ്റായത്.

പ്രവാസികൾക്ക് 25 ഡോളർ അടച്ചാൽ പ്രത്യേക ദർശനത്തിന് സൗകര്യം നൽകുന്ന വിധത്തിലാണ് പരിഷ്‌ക്കരണം കൊണ്ടുവരാൻ അവസരം ഒരുക്കാൻ ഉദ്ദേശിക്കുന്നത്. 25 ഡോളർ അടച്ച് എൻ.ആർ.ഐ. ഫെസിലിറ്റി കൂപ്പൺ ഡൗൺലോഡ് ചെയ്‌തെടുത്ത് വന്നാൽ പമ്പയിൽ നിന്ന് സന്നിധാനം വരെ ക്യൂ ഇല്ലാതെ കയറിവരാം. പതിനെട്ടാംപടി കയറിയാൽ വലതുവശത്തുകൂടി വടക്കേവശത്തെ ഫുട് ഓവർബ്രിഡ്ജ് വഴി വടക്കേ സോപാനത്ത് എത്തി ബാരിക്കേഡ് മാറ്റി ദർശനം നടത്താം. ബോർഡിന്റെ സൈറ്റ് വഴി കൂപ്പണിനുള്ള സൗകര്യം കിട്ടും. കുറുക്കുവഴിയിലൂടെ സോപാനത്ത് കയറി ദർശനം നടത്തിക്കുന്നതിലൂടെ വരുമാന നഷ്ടം ഉണ്ടാകുന്നതായി ബോർഡ് വിലയിരുത്തി. ഈ മണ്ഡലമകരവിളക്കുകാലത്ത് തന്നെ പരിഷ്‌കാരം വരാനാണ് പദ്ധതിയിടുന്നത്. ഇക്കാര്യം കൂടി പരാമർശിച്ചാണ് സോഷ്യൽ മീഡിയ ഗുരുവായൂരിൽ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാപിച്ച ബോർഡിനെ ശരിക്കും ട്രോൾ ചെയ്തത്.