തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മലയാള പത്രങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യും. തലക്കെട്ടുകളിൽ അടക്കം കെട്ടിലും മട്ടിലും വ്യത്യാസം വരുത്താൻ എല്ലാത്തവണയും പത്രങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ സജീവമായതോടെ കടുത്ത ട്രോളിംഗാണ് നടക്കുന്നത്. മനോരമ തന്നെയാണ് പ്രധാനമായും ട്രോളിംഗിന് ഇരയാകുന്ന പത്രം. അതിന് പല കാരണങ്ങളുണ്ട്. എന്തായാലും നാളെ ട്രംപോ ഹിലരിയോ ജയിച്ചാൽ തയ്യാറാക്കേണ്ട പത്രം ഇന്നു തന്നെ തയ്യാറാക്കി കഴിഞ്ഞു

മനോരമ തന്നെയാണ് പ്രധാനമായും ട്രോളന്മാരുടെ ഉന്നം എന്നതു കൊണ്ട് തന്നെ ഒരു പത്രം തന്നെ ട്രോളന്മാർ തയ്യാറാക്കി കഴിഞ്ഞു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ പലരും പല തലക്കെട്ടുകളാണ് പ്രവചിക്കുന്നത്. ഹിലരിയാണ് വിജയിക്കുന്നതെങ്കിൽ വൈറ്റ് ഹൗസിൽ ഇനി വളകിലുക്കം എന്നാകും തലക്കെട്ടെന്നാണ് ട്രോളന്മാരുടെ പ്രവചനം. മറിച്ചാണെങ്കിൽ അത് നയിക്കാൻ ആണൊരുത്തൻ എന്നായി മാറും. ഇതോടൊപ്പം സൈഡായി വരാൻ ഇടയുള്ള സ്റ്റോറികളും തയ്യാറാക്കി കഴിഞ്ഞു.

താജ്മഹൽ കണ്ട ഹിലരി (പണ്ട് ക്ലിന്റനോപ്പം വന്നപ്പോൾ ഹിലരി ഇന്ത്യയിൽ വന്നപ്പോൾ എടുത്ത പടങ്ങൾ), ഹിലരിയുടെ കരിമീൻ വറുത്തത്/ കുടമ്പുളിയിട്ട മത്തി അനുസ്മരണം. ഈ രണ്ട് സൈഡ് സ്‌റ്റോറികൾ എന്തായാലും ഉണ്ടാകും. ഇനി കുറച്ച് മസാലയാവാം വിവാദങ്ങളിലും തളരാത്ത ഉരുക്കു വനിത (ബിൽ ക്ലിന്റണും ലെവിൻസ്‌കി വിഷയത്തിലുള്ള അഭിമുഖം, ഇവിടെ അല്പം മസാല സ്‌കോപ് ഉണ്ട്). എന്തായാലും സോഷ്യൽ മീഡിയ ശരിക്കും ട്രോൾ തുടങ്ങി കഴിഞ്ഞു. ഇതിനിടെ മിനേഷ് രാമനുണ്ണി വനിതയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായിരിക്കുന്നത്.

ആ ട്രോൾ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

വൈറ്റ് ഹൗസിലെ വള കിലുക്കം
വാഷിങ്ടൺ ഡി സി യിലെ പെൻസിൽവാനിയ അവന്യുവിലെ ആ വലിയ വീട്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടക്കുകയാണ്. പക്ഷെ അതിലൊന്നും പെടാതെ ഒരു സാധാരണ വീട്ടമ്മയെപ്പോലെ അതിഥികളെ സൽക്കരിച്ചും സുഹൃത്തുക്കളെ സ്വീകരിച്ചും പതിനെട്ടുകാരിയുടെ ചുറുചുറുക്കോടെ ഓടി നടക്കുകയാണ് ആ വനിത , അതെ, അമേരിക്കയെന്ന ലോക പൊലീസിന്റെ അമരത്തിരിക്കുന്ന പ്രഥമ സ്ത്രീ രത്‌നം ഹിലരി കേരളത്തിൽ നിന്നും വനിതാലക്ഷ്മിക്കു വേണ്ടി ഇന്റർവ്യൂവിനു വന്നതാണ് എന്ന് പറഞ്ഞതും 'കോട്ടയം മലയാളരമ ഓഫീസിലെ മാത്തച്ചായന് സുഖമല്ലേ' എന്നൊരു ചോദ്യം ഞങ്ങളെ വിസ്മയിപ്പിച്ചു കളഞ്ഞു.

തിരക്കുകൾ തളർത്താത്ത മിടുക്ക്
തിരക്കുകൾ വലിയ പ്രശ്‌നമല്ല. തിരഞ്ഞെടുപ്പ് തന്നെ വലിയ തിരക്കായിരുന്നല്ലോ. ഇനി അങ്ങോട്ട് സ്റ്റേറ്റിന്റെ കാര്യം നോക്കണം. രാജ്യ സേവനത്തിനു മുന്ഗണന നൽകണം, ഒപ്പം കുടുംബത്തിന്റെ കാര്യവും. അതൊക്കെ ഒരുമിച്ചു കൊണ്ട് പോകാൻ കഴിയും
അമേരിക്കയിലും മോദിയാണ് താരം. മോദിയെക്കുറിച്ചു പറയുമ്പോൾ ഹിലാരിക്ക് നൂറു നാവ് . എങ്ങനെ ഭരണം മുന്നോട്ടു കൊണ്ട് പോകണം എന്നതിന് മോദി പല ടിപ്പുകളും കൊടുത്തിട്ടുണ്ടത്രെ , ഹിലാരിയുടെ വാക്കുകളിലേക്ക് .

'മോദിജി ആദ്യമേ വിളിച്ചു ഭാവിയിലേക്ക് പല ഉപദേശങ്ങളും നൽകി. ഉദാഹരണത്തിന് പല വിദേശ രാജ്യങ്ങളും സന്ദർശിക്കണം. . നല്ലആംഗിളിൽ സെൽഫി എടുക്കണം . എങ്ങനെ നല്ല സെൽഫികൾ എടുക്കാം എന്ന് പഠിപ്പിക്കാൻ ഇന്ത്യയുമായി കരാറിൽ ഏർപ്പെടാൻ അദ്ദേഹത്തിന് താല്പര്യമുണ്ട് . വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കണം എന്റെ പേര് തുന്നിയ ജാക്കറ്റ് നാലെണ്ണം കക്ഷി അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് . ഒപ്പം തിരഞ്ഞെടുപ്പിന് മുൻപുള്ള ട്വിറ്റര് അകൗണ്ട് ഡിലീറ്റ് ചെയ്തു പുതിയത് തുടങ്ങണം എന്നും പറഞ്ഞു . മാത്രമല്ല എപ്പോഴും ജാഗ്രതയോടെ ഇരിക്കണം. കാരണം അയൽ രാജ്യങ്ങളിലെ വെള്ളപ്പൊക്കം, ഭൂമികുലുക്കം എന്നിവ അതതു രാജ്യ തലവന്മാരെ അറിയിക്കേണ്ടതുണ്ട്, ബർത്ത് ഡേ ആശംസകൾ അയക്കണം. അങ്ങനെ ഭാരിച്ച ജോലികൾ ഉണ്ടെന്നാണ് മോദി പറഞ്ഞത് '

അടുക്കളയിലെ പ്രസിഡന്റ് ഭരണം
മോളുടെ കാര്യമൊക്കെ ഇപ്പോഴും ഞാൻ തന്നെയാണ് നോക്കുന്നത്. ഭക്ഷണമൊക്കെ പാകം ചെയ്യുന്നതും ഞാൻ തന്നെ. ബ്രെക്ക് ഫാസ്‌റ് മിക്ക ദിവസവും പുട്ടും കടലയുമാന്. നല്ല ഇഡ്ഡലി മാവ് ഇവിടെ കിട്ടാനില്ല. അതുകൊണ്ടു ഇഡലിയും ദോശയും പതിവില്ല. ആദ്യം സെനറ്റ് കൂടുമ്പോൾ ഇഡലി മാവിനുള്ള നികുതി എടുത്ത് കളയാൻ പദ്ധതിയുണ്ട്. ചേട്ടന് പുളിങ്കറിയും മൊളകൂഷ്യവുമാണ് ഇഷ്ടം. മോൾക്ക് പാലപ്പവും മുട്ടക്കറിയും. ഞാൻ അഞ്ചുമണിക്ക് അലാറം വച്ച് എണീറ്റ് എല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വെക്കും. ഞായറാഴ്ചകളിൽ ആറുമണിയാവും. അടുക്കള പണി കഴിഞ്ഞാൽ ധാത്രി തേച്ച് കുളിച്ച പിന്നെ പ്രസിഡന്റ് ഭരണത്തിന് ഇറങ്ങും.

മലയാളികളെ പ്പോലെ മുണ്ടും നേര്യേതും ഉടുക്കാനാണ് ആഗ്രഹം. പക്ഷെ ഇവിടെ പറ്റില്ലല്ലോ. മുടിയിൽ തുളസിക്കതിർ കൂടി ചൂടിയാൽ കാണാൻ നല്ല ഭംഗിയാണ് എന്ന് കിളിന്റേട്ടൻ പറയാറുണ്ട്. പക്ഷെ നല്ലയിനം തുളസി ഇവിടെ കിട്ടുന്നില്ല. അതിന്റെ ഇറക്കുമതി ചുങ്കവും എടുത്തുകളയാൻ പ്ലാനുണ്ട് , സബീന കണ്ണൻ ഡിസൈൻ ചെയ്ത സാരിയുടെ പടമുള്ള വനിതാ ലക്ഷ്മിയുടെ പ്രത്യേക പതിപ്പ് ഇപ്പോൾ വൈറ്റ് ഹൗസിന്റെ അലമാരിയിൽ ഭദ്രമായുണ്ട്. ഇത് പറയുമ്പോൾ പ്രസിഡന്റിന്റെ മുഖത്ത് ഒരു ചിരി വിടർന്നു

ചെൽസി മോളുടെ പൊന്നമ്മ
മുതിർന്നു സ്വന്തമായി ജീവിക്കാൻ പഠിച്ചെങ്കിലും ചെൽസിക്കു ഇപ്പോഴും അമ്മ തന്നെയാണ് കൺ കണ്ട ദൈവം. മുൻപ് അച്ഛൻ പ്രസിഡന്റ് ആയ കാലത്ത് തന്നെ മോളുടെ കാര്യങ്ങൾക്കു അമ്മ തന്നെയാണ് മുന്നിട്ടിറങ്ങാറ്. പണ്ട് സ്‌കൂൾ കാലത്ത് മോളുടെ സ്‌കൂളിലെ പി ടി എ പ്രസിഡന്റ് നിക്കോളാസ് കൈമൾ എപ്പോഴും മോളുടെ വികൃതികളെക്കുറിച്ചു പാർവതി പറഞ്ഞിരുന്നതും അമ്മയോട് തന്നെ. ഇപ്പോഴും കുളി കഴിഞ്ഞു രാസ്‌നാദി തേക്കാത്തതിന് അമ്മ വഴക്കു പറയുമെന്നു ചെൽസിയ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾക്കും അത്ഭുതം.

ഇന്ത്യയെക്കുറിച്ചുള്ള ഓർമ്മകൾ
ഇന്ത്യയെക്കുറിച്ചു ഇപ്പോഴും നല്ല ഓർമകളെ ഉള്ളൂ. ക്‌ളിന്റട്ടനൊപ്പം താജ് സന്ദർശിച്ചത്, കരിമ്പിൻകാല ഷാപ്പിലെ മീൻ കറി കൊച്ചി എം പി വഴി സോണിയ വരുത്തി തന്നത്, അങ്ങനെ പലതും. 'അമേരിക്കയെ വല്ലാണ്ട് മിസ് ചെയ്യുന്നു' എന്ന് പറഞ്ഞു മോദി ഡെയിലി വിളിക്കുന്നുണ്ട് അതുകൊണ്ടു ഇന്ത്യയെ ഡെയിലി ഓർക്കേണ്ടി വരാറുണ്ട്. 'ഒരു വട്ടം കൂടിയായ മാഡിസൺ സ്‌ക്വയറിൽ വന്നു ബ്രെക് ഡാൻസ് കളിക്കുവാൻ മോഹം ' എന്നൊരു പാട്ടും കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വഴി അയച്ചു തന്നിരുന്നു . തിരഞ്ഞെടുപ്പ് നേരിടാൻ ശരിക്കും ധൈര്യം നൽകിയത് ഉമ്മൻ ചാണ്ടിയാണ് . ട്രംപിന്റെ പല ആരോപണങ്ങളെയും 'തെളിവില്ല' എന്ന് പറഞ്ഞാണ് ഞാൻ നേരിട്ടത് .'ട്രംപാകട്ടെ ധാര്മികതയെക്കാൾ വലുതാണ് മനസാക്ഷി' എന്നും പറഞ്ഞാണ് പിടിച്ചു നിന്നതു.

കേരളത്തിലെ കമ്യൂണിസ്‌റ് ഭരണത്തെക്കുറിച്ചു
കേരളത്തിലെ നേതാക്കളെ ഇഷ്ടമാണ്. മുഹമ്മദലിയെ പോലുള്ള വിദേശികളെ വരെ സ്വന്തം നാട്ടുകാരെ പോലെയാണ് അവർ കാണുന്നത് എന്ന് അറിഞ്ഞു.അതിൽ സന്തോഷം. പിണറായിയുടെ മാതൃകയിൽ കുടുംബത്തോടൊപ്പം പുലിമുരുകൻ കണ്ടാലോ എന്ന് വരെ ആലോചിക്കുന്നുണ്ട്.
ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മിലിട്ടറി തലവൻ സിറിയയിലേക്ക് മിസൈൽ അയക്കട്ടെ എന്ന് അനുവാദം ചോദിക്കാൻ വന്നു , ഒപ്പം നിർത്താതെ അടിക്കുന്ന ഫോണുകൾ,ആ ദിവസത്തെ തിരക്കുകളിലേക്ക് ഇറങ്ങുകയാണ്. പോകുന്നതിനു മുൻപ് താനുണ്ടാക്കിയ പാലപ്പവും മുട്ടക്കറിയും കഴിച്ചേ ഇറങ്ങാവൂ എന്ന് സ്‌നേഹപൂർവ്വം നിര്ബന്ധിക്കാനും ഹിലരി മറന്നില്ല

(ബിപിന്റെ Bipin C Prasad ആവശ്യപ്രകാരം അടുത്ത മാസം വനിതാ ലക്ഷിയിലേക്കു വേണ്ടി തയ്യാറാക്കിയത് )
പ്രത്യേക നന്ദി : ശ്രീഹരി ശ്രീധരൻ