തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ഏറ്റവും അധികം പണി കിട്ടുന്നത് വ്യാജ സ്വാമിമാർക്കും പാസ്റ്റർമാർക്കും മൊല്ലാക്കമാർക്കും ആണെന്ന് കൃത്യമായി നിരീക്ഷിക്കുന്ന എല്ലാവർക്കും വ്യക്തമാകുന്ന കാര്യമാണ്. ആൾക്കാരെ പറ്റിക്കുന്ന കപടവാചകങ്ങളും അത്ഭുതപ്രവർത്തികളെയുമെല്ലാം സോഷ്യൽ മീഡിയ കൈയോടെ പൊളിച്ചടുക്കുകയായിരുന്നു. പെന്തക്കോസ്ത അനുഭാവിയായ ഷാരോൺ സ്വർഗ്ഗത്തിൽ കണ്ട് യേശുവിനെ കണ്ട് മടങ്ങിയ കഥപറഞ്ഞ വീഡിയോയും സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിംഗിന് ഇരയായിരുന്നു. രോഗശാന്തി ശുശ്രൂഷ എന്ന പേരിൽ നടക്കുന്ന കോപ്രായങ്ങളെയും പലതവണ പൊളിച്ചടുക്കിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ പൊളിച്ചടുക്കുന്നത് ഒരു മൗലവിയുടെ പ്രസംഗമാണ്.

മഴ പെയ്യുന്നത് അല്ലാഹുലിന്റെ കാരുണ്യമാണെന്നും പറയാൻ ശാസ്ത്രത്തെ കൂട്ടുപിടിച്ച മൗലവിക്കാണ് സോഷ്യൽ മീഡിയയിൽ പണി കിട്ടിയത്. മൗലവിയുടെ പ്രസംഗം ഫേസ്‌ബുക്കിൽ എത്തിയതോടെ ട്രോളുകളുടെ ബഹളമാണ്. ഭൂമിയിൽ നിന്നും അടുത്തുകാണുന്ന മേഘപാളിയുടെ ദൂരവും മഴത്തുള്ളി വീണ് എന്തുകൊണ്ടാണ് ആരുടെയും തലയ്ക്ക്‌കേടുപാടു ഉണ്ടാകാത്തതെന്നും വിശദീകരിച്ച് കത്തിക്കയറുന്ന മൗലവിയുടെ പ്രസംഗം ഫേസ്‌ബുക്കിൽ എത്തിയതോടെ വലിച്ചുകീറി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.

മഴയെക്കുറിച്ച് പറഞ്ഞാണ് മൗലവി കത്തിക്കയറിയത്. പതിനായിരം കോടി കിലോമീറ്റർ മുകളിൽ നിന്നും മിനിറ്റിൽ 980 കി.മീ സ്പീഡിൽ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാൻ കാരണം അല്ലാഹുവാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പതിനായിരം കോടി കിലോമീറ്റർ മുകളിലാണ് നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളിയെന്നാണ് മൗലവി തട്ടിവിട്ടത്. ഇതുകേട്ട് ശാസ്ത്രബോധമുള്ള കുട്ടികൾ ബോധം കെട്ടുവീഴാൻ പോലും സാധ്യതയുണ്ട്.

ഇത്രയേറെ ദൂരത്തു നിന്നും ഉത്ഭവിക്കുന്ന മഴത്തുള്ളി ഭൂമിയിലേക്ക് കുതിക്കുന്നത് 980 കിലോമീറ്റർ വേഗതയിലാണ്. ഇത്രയും വേഗത്തിൽ വരുന്ന മഴത്തുള്ളി നമ്മുടെ തലയിൽ വീണാൽ തലയോട് പൊട്ടിത്തെറിച്ചുപോകുമെന്നാണ് ശാസ്ത്രം പറയുന്നതെന്നാണ് കക്ഷിയുടെ വിശദീകരണം. പിന്നെയാണ് അള്ളാഹുവിന്റെ ഇടപെടൽ നടക്കുന്നത്. അള്ളാഹുവിന്റെ അടിമകൾ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റർ മുകളിലെത്തുമ്പോൾ ഈ മഴത്തുള്ളിയുടെ വേഗത മിനിറ്റിൽ 980ൽനിന്ന് 7 കിലോമീറ്ററായി കുറയ്ക്കുന്നു. അതോടെ മഴ ഇപ്പോൾ കാണുന്നതുപോലെ നമ്മുടെയൊക്കെ തലയിൽ വീഴുന്നു. അള്ളാഹു മഴയുടെ വേഗതയിൽ പെട്ടെന്ന് 973 കിലോമീറ്ററിന്റെ കുറവ് വരുത്തുന്നതുകൊണ്ടാണ് ലോകത്ത് ആരും മഴ തലയിൽവീണ് തല പൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന 'ശാസ്ത്രീയ' അറിവാണ് മൗലവി അനുയായികൾക്കായി പങ്കുവെക്കുന്നത്.

എന്തായാലും മൗലവിയെ വെറുതേ വിടാൻ സോഷ്യൽ മീഡിയ തയ്യാറല്ല. കൈയോടെ തന്നെ ഏറ്റെടുത്ത് വീഡിയോ വ്യാപകമായി ട്രോളന്മാർ പ്രചരിപ്പിച്ചു. കളിയാക്കലുകളുടെ കുത്തൊഴുക്ക് തന്നെയാണ് സോഷ്യൽ മീഡിയയിൽ. ട്രോളുകന്മാരുടെ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.