കൊച്ചി: വിനീത് ശ്രീനിവാസൻ സ്‌കൂളിൽ നിന്നും സിനിമപഠിച്ചിറങ്ങിയത് നിവിൻ പോളിയെ താരനിരയിലേക്ക് ഉയർത്തിയവരിൽ വിനീതിനുള്ള പങ്ക് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നും വിനീതിനൊപ്പം നിന്നിട്ടുള്ള നിവിൻ പോളി ശ്രീനിവാസന്റെ കടുത്ത വിമർശകരുടെ നായകനാകാൻ നിവിൻ തയ്യാറായപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ. ഗീതു മോഹൻദാസിന്റെ മൂത്തോൻ ചിത്രത്തിലാണ് നിവിൻ നായകനാകുന്നത്. വിനീതിന്റെ പിതാവ് ശ്രീനിവാസനെ അതിരൂക്ഷമായി വിമർശിച്ചത് അന്ന് രാജീവ് രവിയും ഗീതുവുമായിരുന്നു.

2014ൽ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി നടത്തിയ പ്രസ്ഥാവനയാണ് ഇതിനു പിന്നിൽ. തിരക്കഥ കത്തിച്ചു കളഞ്ഞിട്ട് വേണം സിനിമ എടുക്കാനെന്ന് രാജീവ് രവി പറഞ്ഞത് വലിയ വിവാദമായിരുന്നു. ശ്രീനിവാസന്റെ സിനിമകളിലെ രാഷ്ട്രീയത്തിനെതിരെയും രാജീവ് രവി വിമർശിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സൗഹൃദവലയത്തിൽ നിവിൻ പോളി അടക്കമുള്ള നടന്മാർ ഇതിനെ ശക്തമായി വിമർശിച്ച് രംഗത്തുണ്ടായിരുന്നു. റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ശ്രീനിവാസൻ എന്ന ടൈറ്റിൽ കാർഡ് ഫേസ്‌ബുക്കിൽ കവർ ചിത്രമാക്കിയാണ് നിവിൻ, ശ്രീനിവാസന് പിന്തുണ പ്രഖ്യാപിച്ചത്.

രണ്ട് വർഷത്തിന് ശേഷം രാജീവ് രവി കൂടി ഭാഗമായ മൂത്തോൻ എന്ന ചിത്രത്തിൽ നിവിൻ നായകനാകുമ്പോൾ അന്നത്തെ വിമർശനം ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ. ഈ സിനിമയുടെ പേരിൽ ഉറ്റ സുഹൃത്തുക്കളായ നിവിനും വിനീതും തമ്മിൽ പിണങ്ങുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ മറ്റൊരു സന്ദേഹം.

രാജീവ് രവി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആവേശത്തോടെയാണ് പ്രതികരിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച. നിവിന് ഒടുവിൽ സ്‌ക്രിപ്റ്റ് കത്തിച്ചു കളയുന്നവരുടെ കളരിയിൽ എത്തേണ്ടി വന്നുവെന്നും വിമർശനം ഉയരുന്നു. നേരത്തെ ഇൻഷാ അള്ളാ എന്ന പേരിൽ ഗീതു മോഹൻദാസ് പ്രഖ്യാപിച്ച ചിത്രമാണ് മൂത്തോൻ എന്ന പേരിൽ എത്തുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങൾ എഴുതുന്നത് അനുരാഗ് കശ്യപാണ്.