തിരുവനന്തപുരം: ചരിത്രമറിയാതെ തെറ്റായ പ്രസ്താവന നടത്തി നേതാക്കൾ വെട്ടിലാകുന്നത് പതിവായിരിക്കേ ഈ ഗണത്തിലേക്ക് ഒന്നു കൂടിചേർത്ത് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായ സി കേശവനാണ്. എന്നാൽ ഇത് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വാക്കുകളാണെന്നാണ് കെ.സുധാകരൻ പ്രസംഗത്തിൽ പരാമർശിച്ചത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിനിടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ഇത് ഇഎംഎസിന്റെ വാക്കുകളല്ല സി.കേശവന്റെയാണെന്ന് ഓർമ്മിപ്പിച്ച് സമൂഹ മാധ്യമത്തിൽ കെ.സുധാകരനെതിരെ കമന്റുകൾ ഉയർന്നിരുന്നു.
ശബരിമല ക്ഷേത്രം ആദ്യമായി കത്തി നശിച്ച സന്ദർഭത്തിലാണ് സി. കേശവൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. പ്രസംഗത്തിൽ തെറ്റ് സമൂഹ മാധ്യമം ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ കെ. സുധാകരൻ തയ്യാറായിട്ടില്ല. നേതാവിന്റെ പ്രസംഗം വിവാദമായതോടെ ഇതുസംബന്ധിച്ച് വി.ടി. ബൽറാം എംഎൽഎ നേരത്തെ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വൈറലായിട്ടുണ്ട്. ഒരമ്പലം കത്തിനശിച്ചാൽ അത്രയം അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കോൺഗ്രസ് നേതാവും തിരു-കൊച്ചി മന്ത്രിയായിരുന്ന സി. കേശവനാണെന്നും, ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന് ആഹ്വാനം ചെയ്തത് സാമൂഹ്യപരിഷ്‌കർത്താവ് വി.ടി. ഭട്ടതിരിപ്പാടാണെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഇക്കാര്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെയാണ് ഇത് ആർഎസ്എസ് നടത്തുന്ന സംഘടതിത കുപ്രചാരണമാണെന്ന് പലരും പോസ്റ്റിട്ടിരിക്കുന്നുത്. ബിജെപി-ആർഎസ്എസ് ബുദ്ധിജീവികളുടെ ചിന്തൻ ബൈഠക്കുകളിലും ഭാരതീയ വിചാർകേന്ദ്രത്തിന്റെ യോഗങ്ങളിലുമൊക്കെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. സി.കേശവൻ പറഞ്ഞ വാക്കുകൾ കമ്യൂണിസ്റ്റ് നേതാക്കാൾ ചാർത്തിക്കൊടുത്ത് യാദൃശ്ചികല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്. ശശികല ടീച്ചൽ ഇതേവാക്കുകൾ ഇ.എം.എസ് പറഞ്ഞുവെന്ന് പറഞ്ഞാണ് പലേടത്തും ഉദ്ധരിക്കുന്നത്. ആർഎസ്എസ് മുൻ സർസംഘചാലക് സുദർശന്റെ ഒരു പ്രസംഗത്തിലും ഇതേകാര്യം കമ്യൂണിസ്റ്റുകാർക്ക് ചാർത്തിക്കൊടുക്കുന്നു.

ടിജിയെ പൊളിച്ചടുക്കി എം സ്വരാജ്

നേരത്തെ ടിജി മോഹൻദാസ് അടക്കമുള്ളവർ ഇക്കാര്യം കമ്യൂണിസ്റ്റുകാരുടെ മേൽ ചാർത്താൻ ശ്രമിച്ചിരുന്നു. കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരനാണ് ഇങ്ങനെ പറഞ്ഞതതെന്നാണ് മോഹൻദാസ് രണ്ടുവർഷം മുമ്പ് റിപ്പോർട്ടർ ചാനലിൽ പറഞ്ഞത്. അഭിലാഷ് മോഹൻ ആങ്കർ ആയ ആ ചർച്ചയിൽ 'ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ നശിക്കും' എന്ന് പറഞ്ഞത് സി. കേശവൻ ആയിരുന്നുവെന്നത് അറിയാതെ, ടി.ജി മോഹൻദാസ് അത് കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരന് ചാർത്തിക്കൊടുക്കയായിരുന്നു. മറുഭാഗത്തുള്ള സിപിഎം നേതാവ് എം. സ്വരാജ് ആവർത്തിച്ചുള്ള ചോദ്യങ്ങൾകൊണ്ട് മോഹൻദാസിനെ ഉത്തരം മുട്ടിച്ചെങ്കിലും അദ്ദേഹം തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കയായിരുന്നു..ഇത്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്നും, ചരിത്രം അറിയാഞ്ഞിട്ടല്ല ടി.ജി മോഹൻദാസിനെ പോലുള്ള ആർ.എസ്സ്.എസ്സുകാർ ഇങ്ങനെ പറയുന്നതെന്നും സ്വരാജ് പറഞ്ഞു. ' ചരിത്രം അറിയില്ലങ്കെിൽ അത് പഠിക്കണം. പ്രായം അതിന് ഒരു തടസ്സമല്ലന്നെും പറഞ്ഞു. പ്രായത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല' സ്വരാജ് പറഞ്ഞു

അപ്പോൾ 'അമ്പലം കത്തിനശിച്ചാൽ അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് കെ. ദാമോദരൻ' ആണെന്നായിരുന്നു ടി.ജി യുടെ കണ്ടെത്തൽ. തുടർന്നുള്ള ചർച്ചയിൽ സി.കേശവനേയും കെ. ദാമോദരേനും വിട്ട് ടി.ജി മറ്റൊരു വിഷയത്തിലേക്ക് കടന്നു. അപ്പോൾ സ്വരാജ് വീണ്ടും ചോദിച്ചു. 'അങ്ങ് ആവർത്തിച്ചു നുണപറയരുത്, ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് ആരാണ്. സി.കേശവനെക്കുറിച്ച് നിങ്ങൾക്കറിയില്ലേ?'അപ്പോഴും മോഹനദാസിന്റെ ഉത്തരം കെ. ദാമോദരൻ എന്ന് തന്നെയായിരുന്നു. മോഹൻദാസിന്റെ വാക്കുകൾകേട്ട് അവതാരകനായ അഭിലാഷിന് പോലും ചിരി അടക്കാൻ കഴിയുന്നുണ്ടായില്ല. സുധാകരന്റെ പ്രസംഗത്തെതുടർന്ന് പഴയ വീഡിയൊ സൈബർ സഖാക്കൾ വീണ്ടും വൈറലാക്കിയിട്ടുണ്ട്. ഒരു കോൺഗ്രസുകാരനായ യുക്തിവാദി നേതാവ് പറഞ്ഞതിനെപ്പറ്റി സംഘടിതമായി ആർഎസ്എസ് നടത്തുന്ന കുപ്രചാരണം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സി.കേശവനെന്ന മൺമറഞ്ഞ നേതാവ് എത്രയോ വർഷങ്ങക്കുശേഷം വീണ്ടും ചർച്ചയാവുകയും ചെയ്തു

ആരാണ് സി. കേശവൻ?

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ആരാണ് സി. കേശവൻ എന്നതാണ്. 1950-52വരെ പഴയ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ (1891-1969) സാതന്ത്ര്യ സമര സേനാനിയും കറകളഞ്ഞ കോൺഗ്രസുകാരനുമായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറി പദവിയും അദ്ദേഹം വഹിച്ചിരുന്നു. സി.കേശവൻ ഒരിക്കലും മാർക്‌സിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നില്ല. കറകളഞ്ഞ നിരീശ്വരവാദികൂടിയായ അദ്ദേഹത്തിന്റെ വിഖ്യാതമായ വാക്കുകളാണ് 'ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്നത്'. കൊല്ലം മയ്യനാട്ടെ ഒരു പാവപ്പെട്ട ഈഴവ കുടംബത്തിൽ ജനിച്ച സി.കേശവൻ, സവർണരുടെ ജാതിവിവേചനത്തിന്റെ ഇരയായിരുന്നു തന്റെ ബാല്യമെന്ന് എഴുതിയിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ജാതിഭ്രാന്തിൽ മടുത്തുകൊണ്ട് ഒരു ഘടത്തിൽ, അംബേദ്ക്കറെ പിന്തുടർന്നുകൊണ്ട് അദ്ദേഹം ഈഴവർ ഹിന്ദുമതം വിടണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി.