തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ ഭാഗമായി ഉയർന്നുവന്ന നാമജപഘോഷയാത്രകളിൽ സ്ത്രീകളടക്കം പതിനായിരങ്ങൾ അണിനിരന്ന സ്ഥലങ്ങളാണ് പന്തളവും പത്തനംതിട്ടയും. പക്ഷേ ഇതൊക്കെ തങ്ങൾക്ക് വോട്ടാകുമെന്ന് കരുതിയ ബിജെപിക്ക് കനത്ത തരിച്ചടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. പന്തളം കൊട്ടാരവും ശബരിമലയുമൊക്കെയുള്ള പത്തനംതിട്ട ജില്ലയിൽ രണ്ടിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ബിജെപി വോട്ടുകൾ ഒലിച്ചുപോവുകയാണ് ഉണ്ടായത്.

പന്തളം നഗരസഭയിലെ പത്താംവാർഡിൽ വെറും പന്ത്രണ്ടുവോട്ടാണ് ബിജെപിക്ക് കിട്ടിയത്.പത്തനംതിട്ട 13ാം വാർഡിൽ ബിജെപിക്ക് നേടാനായത് 7 വോട്ടുകൾ മാത്രമാണ്. ശബരിമല സമരം ജനം ഏറ്റെടുത്തിട്ടില്ല എന്നതിന് തെളിവായാണ് സിപിഎം നേതാക്കൾ ഇത് ഉന്നയിക്കുന്നത്.അതേസമയം ഇത രണ്ടും സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്നു. ഈ രണ്ട് സീറ്റുകളും സിപിഎമ്മിനും നഷ്ടമായി. പക്ഷേ തങ്ങളുടെ വോട്ടുകൾ ബിജെപിയെപ്പോലെ ഒലിച്ചുപോയില്ല എന്ന ആശ്വാസത്തിലാണ് സിപിഎം.

പത്തനംതിട്ട നഗരസഭ 13-ാം വാർഡിൽ കോൺഗ്രസ് വിമതനും കെഎസ്‌യു ജില്ലാ പ്രസിഡന്റുമായ അൻസർ മുഹമ്മദ് 251 വോട്ടിന് വിജയിച്ചു. ഇവിടെ സിപിഎമ്മിലെ അൻസാരി എസ്ഡിപിഐക്കും പിന്നിലായി നാലാമതാണ് ഫിനിഷ് ചെയ്തത്. ഇവിടെ സിപിഎമ്മിലെ വിഎ ഷാജഹാൻ ആയിരുന്നു സിറ്റിങ് കൗൺസിലർ. അദ്ദേഹം അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് ഇപ്പോൾ വിമതനായി വിജയിച്ച അൻസർ മുഹമ്മദ്. പിതാവ് വിജയിച്ച സീറ്റ് തനിക്ക് മൽസരിക്കാൻ നൽകണമെന്ന് കോൺഗ്രസ് നേതാവായ അൻസർ ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് മുസ്ലിം ലീഗിന്റെ സീറ്റ് ആണെന്നും അവർ വിട്ടു തന്നാൽ നൽകാമെന്നായിരുന്നു ഡിസിസി നിലപാട്. ഡിസിസി പ്രസിഡന്റ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അവർ വിട്ടു കൊടുത്തില്ല. ഇതോടെ അൻസർ സ്വതന്ത്രനായി പത്രിക നൽകി.

ലീഗിന്റെ സമ്മർദത്തെ തുടർന്ന് ഡിസിസി നേതൃത്വം അൻസറിനെ കോൺഗ്രസിൽ നിന്ന് ആറു മാസത്തേക്ക് പുറത്താക്കി. എന്നാൽ, കെഎസ്്യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് അൻസർ തുടരുകയും ചെയ്തു. കോൺഗ്രസ് എ വിഭാഗമാണ് അൻസറിന് വേണ്ടി വോട്ടു തേടിയത്. ഡിസിസി പ്രസിഡന്റിന്റെ മൗനാനുവാദവും ഇതിന് പിന്നിലുണ്ടായിരുന്നു. 443 വോട്ട് അൻസറിന് ലഭിച്ചു. ലീഗിലെ കരിമാണ് രണ്ടാം സ്ഥാനത്ത് വന്നത്. 192 വോട്ടാണ് ലീഗിലെ അബ്ദുൾ കരിമിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 207 വോട്ട് ഇവിടെ ലീഗിന് കിട്ടിയിരുന്നു. എസ്ഡിപിഐയിലെ ബുഹാരി സലിം 163 വോട്ടോടെ മൂന്നാമതെത്തി. സിപിഎമ്മിലെ അൻസാരിക്ക് 142 വോട്ടാണ് കിട്ടിയത്. എന്നാൽ നോട്ടയോട് മൽസരിച്ച് വെറും എഴുവോട്ടിൽ ഒതുങ്ങാനിയിരുന്നു ബിജെപിയുടെ വിധി.സിപിഎം പ്രവർത്തകരുടെ വോട്ട് കോൺഗ്രസ് വിതമനായ അൻസർ മുഹമ്മിദിനാണ് പോയതെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

പന്തളം നഗരസഭ 10-ാം വാർഡിൽ എസ്ഡിപിഐയിലെ എംആർ ഹസീന അട്ടിമറി വിജയം നേടി. ഇവിടെയും സിപിഎമ്മിന്റെ സ്ഥാനാർത്ഥി റോസ്ന ബീഗം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.പന്തളം നഗരസഭയിലെ പത്താം വാർഡിൽ കൗൺസിലറായിരുന്ന സിപിഎമ്മിലെ ആൻസി ബീഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 85 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആൻസി ബീഗം അന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിൽ എസ്ഡിപിഐയിലെ ഹസീന ഒമ്പത് വോട്ടിനാണ് ജയിച്ചത്. ശക്തമായ ത്രികോണ മൽസരം നടന്ന ഇവിടെ റസീന(യുഡിഎഫ്) രണ്ടാം സ്ഥാനത്തുമെത്തി. എന്നാൽ സ്ഥാനാർത്ഥിയായ രജനിക്ക് വെറും 12 വോട്ടുകൾ മാത്രമാണ് കിട്ടിയത്. എന്നാൽ പരമ്പരാഗതമായി മുസ്ലിം ന്യനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മേഖലയാണിതെന്നാണ് ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്. പക്ഷേ ഈ രീതിയിലുള്ള വോട്ട് ഒലിച്ചുപോക്ക് അവർക്കും വിശദീകരിക്കാൻ കഴിയുന്നില്ല.