തിരുവനന്തപുരം: വാക്‌സിനേഷനുകളോട് മുഖംതിരിഞ്ഞു നിൽക്കുന്നവർ ഏറെയുള്ള നാടാണ് മലബാർ. മതപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും കുപ്രചാരകർ വാക്‌സിനേഷനുകൾക്കെതിരാക്കി മാറ്റുന്നത്. മലപ്പുറത്ത് ഡിഫ്ത്തീരിയ പടർന്നു പിടിക്കാൻ ഇടയാക്കിയതും അമിതമായ മതബോധം തന്നെയാണ്. എന്നാൽ, സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ചെറുക്കാൻ പ്രത്യേകം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇതിനായി മുൻകെയെടുത്ത് ഇറങ്ങുന്ന ഉദ്യോഗസ്ഥർ നേരിടുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ്. അത്തരമൊരു പ്രതിസന്ധിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷനെ കുറിച്ച് മുസ്ലിം സ്ത്രീകൾക്കിടയിൽ ബോധവൽക്കരണം നടത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സൗദി അറേബ്യയാണോ അതോ കേരളമാണോ എന്ന് ഒരുനിമിഷം ഈചിത്രം കണ്ട് നമുക്ക് സംശയം തോന്നിയേക്കാം. പരസ്പരം കാണാനാകാത്ത രീതിയിൽ മറകെട്ടിയ ശേഷം പർദ്ദയിട്ട സ്ത്രീകൾക്കായി ഡോക്ടർ ബോധവൽക്കരണം നടത്തുന്നതാണ് ചിത്രം

നീലേശ്വരം കരുവാച്ചേരിയിലാണ്, മുസ്ലിം വനിതകൾക്കായി നടത്തിയ പൾസ് പോളിയോ ബോധവത്കരണ ക്ലാസ് മറകെട്ടി നടത്തിയത്. സദസ്സിലിരുന്ന വനിതകൾക്കും വേദിക്കും ഇടയിലാണ്, പരസ്പരം കാണാൻ കഴിയാത്ത രീതിയിൽ മറകെട്ടി തിരിച്ചത്. നൂറോളം വനിതകൾ പങ്കെടുത്ത ബോധവത്കരണ ക്ലാസിന്, നിലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദാണ് നേതൃത്വം നൽകിയത്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ പോളിയോ വാക്‌സിനേഷനോട് വിമുഖത നിലനിൽക്കുന്നതിനാലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ചിത്രം സോഷ്യൽ മീഡിയിൽ എത്തിയതോടെ ഇത് ഇന്ത്യയിൽ തന്നെയാണോ എന്ന പരിഹാസങ്ങൾ വന്നു ചേർന്നു. പർദ്ദയിട്ട സ്ത്രീകൾക്ക് മുമ്പിൽ പുരുഷൻ ക്ലാസെടുക്കാമ്പോൾ തുണിമറ എന്തിനാണ് എന്നതായി സോഷ്യൽ മീഡിയയുടെ ചോദ്യം. പർദ്ദയെ വെറുതേ വിടുന്നവർ തന്നെ എന്തിനാണ് ഇങ്ങനെയൊരു തുണിമറയെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. പുരുഷനെ സ്ത്രീ കണ്ടാൽ എന്താണ് കുഴപ്പമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

സാക്ഷര കേരളത്തിന്റെ വികൃതമായ മുഖമാണ ഈ ചിത്രം പ്രതിഫലിപ്പിക്കുന്നതെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്. എന്തായാലും തുണികെട്ടി മറച്ചിട്ടായാലും പൾസ് പോളിയോയെ കുറിച്ച് ബോധവൽക്കരണ നടത്ുന്ന ഡോക്ടർക്ക് സോഷ്യൽ മീഡിയ കൈയടി നൽകുന്നുണ്ട്. ഡോ. ജമാൽ അഹമ്മദിന്റെ ആത്മാർത്ഥതയെ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്യുന്നത്.

2017 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി, ഞായറാഴ്ചയാണ് സംസ്ഥാനത്ത് കുട്ടികൾക്കുള്ള തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.