കാലിഫോർണിയയിലെ പിട്സർ(Pitzer) സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനാണ്   പ്രൊഫ:ഫിൽ സുക്കർമാൻ(Phil Zuckerman) .അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുംകൂടിയാണ്. സോഷ്യോളജിയിൽ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കർമാന് മതേതരസമൂഹങ്ങളിലെ മനുഷ്യജീവിതങ്ങൾ എന്നും പഠനവിഷയമാണ്;ഈ വിഷയത്തിലുള്ള താല്പര്യവും അധ്വാനവും ട്രിനിറ്റി കോളേജിൽ ആദ്യമായി മതേതരസമൂഹത്തെ ഒരു പ്രത്യേകപാഠ്യവിഷയമാക്കി ഒരു കോര്ഴ്സ് (Institute for the Study of Secularism in Society and Culture)തുടങ്ങുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

അതിനു പ്രചോദനമായതാകട്ടെ ഡന്മാർക്ക്‌ ,സ്വീഡൻ പോലെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മതേതരസമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും. 2005-06 വർഷങ്ങളിൽ സ്വീഡനിലും ഡന്മാർക്കിലും പതിന്നാല് മാസങ്ങൾ താമസിച്ച തന്റെ അനുഭവങ്ങൾ സുക്കർമാൻ വർണ്ണിച്ചപ്പോൾ ലോകം അത് കൗതുകത്തോടെ കേട്ടിരുന്നു . ഏതാണ്ട് നൂറ്റിയമ്പതോളം ഡച്ച്/സ്വീഡൻ പൗരന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിമുഖങ്ങളും  കോർത്തിണക്കിയ ദൈവരഹിതസമൂഹം(Society without God-Published on 2008) എന്ന പുസ്തകം സുക്കർമാനെ വളരെയധികം പ്രശസ്തനാക്കി. Fore Word Magazineന്റെ silver book of the year award നേടിയ ഈ കൃതി  'ബെസ്റ്റ്സെല്ലർ' പട്ടികയിലാണ്;  മതഭീകരതകൾകൊണ്ട് പൊറുതിമുട്ടുന്നലോകത്ത് മതസമൂഹങ്ങളിലെയും മതേതരസമൂഹങ്ങളിലെയും ജീവിതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനങ്ങൾ എത്രയോ പ്രസക്തമാണ്.ഈ പുസ്തകത്തിന്റെ പ്രസക്തിയാകട്ടെ ആ മേഖലയ്ക്കുള്ള മഹത്തായൊരു സംഭാവന എന്ന നിലയ്ക്ക് മാത്രമല്ല,മതേതരസമൂഹങ്ങളിലെ ജനങ്ങളുടെ ഉയർന്നജീവിതനിലവാരവും കുറ്റകൃത്യങ്ങളിലെ തുലോം തുച്ഛമായ കണക്കും ആരുടേയുംകണ്ണുതുറപ്പിക്കേണ്ടതാണ്. മതകഥാപുസ്തകങ്ങളിൽ വീണുകിടന്ന് ജീവിതത്തെ യാന്ത്രികവും നിരർത്ഥകവുമാക്കുന്നവർ തങ്ങളുടെ കണ്ണുകൾക്ക്മുന്നിൽ ഒരു സമൂഹം എങ്ങനെ ആനന്ദത്തോടെ-ആഘോഷത്തോടെ-ആരോഗ്യത്തോടെ ജീവിക്കുന്നു എന്നത് പഠിക്കേണ്ട വിഷയം തന്നെ . ധാർമ്മികതയുടെ മൊത്തവിതരണക്കാരായ മതപൗരോഹിത്യങ്ങൾ അടക്കിഭരിക്കുന്ന സമൂഹങ്ങളാകട്ടെ അത്രമാത്രം അക്രമോത്സുകവും അടിച്ചമർത്തപ്പെട്ടവരുമാണ്.  സ്കാൻഡിനേവിയൻ രാജ്യളിലേക്ക് ഒരു നിമിഷം നോക്കാൻ നാം തയ്യാറാകേണ്ടതുണ്ട്; വിദ്യാലയങ്ങൾ,രാഷ്ട്രീയം,മാദ്ധ്യമങ്ങൾ തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിനിർണ്ണായക കേന്ദ്രങ്ങളിലെല്ലാം ദൈവരഹിതമസ്തിഷ്കങ്ങൾ എത്രമാത്രം പുരോഗമനപരമായും ക്രിയാത്മകമായും പ്രവർത്തിക്കുന്നു എന്നതും മതാതിഷ്ഠിതസമൂഹങ്ങളിലെ അഴുക്കുചാലുകളിൽ മേൽ പറഞ്ഞവ പ്രവർത്തിക്കുന്നതും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്.

പൂർണ്ണഅവിശാസികൾ /അൽപവിശ്വാസികൾ /പൂർണ്ണവിശ്വാസികൾ എന്നിങ്ങനെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും തരംതിരിച്ച് തന്നെ അറിയേണ്ടതുണ്ട് ; സുക്കർമാൻ തന്റെ പഠനത്തിനായി തിരഞ്ഞെടുത്ത ഡച്ച് /സ്വീഡൻ പൗരന്മാരിൽ പലതരം വിദ്യാഭ്യാസയോഗ്യതയുള്ളവരും പലപ്രായക്കാരും ഉണ്ടായിരുന്നു ; മതപാതകളില്ലാതെ ജീവിതയാത്രചെയ്യുന്ന അവരുടെ ഹൃദയം തുറന്നുകാണുവാൻ അദ്ദേഹം ഉത്സുകനായി.അന്തസ്സായി ജീവിക്കുന്നതിൽ ,കുട്ടികളെ വളർത്തുന്നതിൽ പഠിക്കുന്നതിൽ ജോലിനേടുന്നതിൽ ജീവിതം നൽകുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ദൈവാനുഗ്രഹങ്ങൾ പ്രതീക്ഷിക്കാത്ത അനേകംപേരുടെ സമൂഹം അദ്ദേഹത്തിൽ ആവേശമുണ്ടാക്കി;സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു നല്ല സമൂഹം !അതായിരുന്നു ഡെന്മാർക്ക്‌;അതിന്റെ സാമൂഹികഘടന,ലിംഗസമത്വം, രോഗ്യം,ശുചിത്വം,ജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ പ്രത്യാശകൾ ,കുറ്റകൃത്യങ്ങളുടെ അഭാവം, സാമൂഹികസുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ ;അതിന്റെ സൗന്ദര്യം അത്രമാത്രം പ്രചോദനാത്മ കവുമാണ്;  കണ്ടുമുട്ടിയവരോട്, ഫിൽ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു;മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു ;അവരുടെ ഉത്തരങ്ങൾ അത്രമേൽ ലളിതവും അകൃത്രിമവുമായിരുന്നു;നമ്മെ അസൂയപ്പെടുത്തിക്കൊണ്ട് ജീവിക്കുമ്പോഴും ജീവിതത്തിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്നു അവർ ചിരിച്ചു കൊണ്ട് പറയും ;മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും!മരണാനന്തരമെന്നതോ അവർക്ക് നിരർത്ഥകമായ ഒരു ചോദ്യം മാത്രം!മതം ദൈവം ജീവിതലക്‌ഷ്യം മരണാനന്തരം പാപം പുണ്യം നരകം സ്വർഗ്ഗം തുടങ്ങിയ പദങ്ങൾക്ക് അവരുടെ ജീവിതത്തിൽ അത്ര പ്രധാന്യമില്ല;

ഇത്തരം വാക്കുകൾ ആരും പറയാറോ ശ്രദ്ധിക്കാറോ ഇല്ല ;ഒരു ഡേ-കേയർ സ്കൂളിലെ 24കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോൾ സുക്കർമാൻ ചോദിച്ചു ,എന്തുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം മതവിമുഖതയുള്ളവർ ആയിരിക്കുന്നത് ;അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു :"I don't know, because…we just don't care." .ഇതായിരുന്നു താൻ കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട് ;മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മകത  അത്രമേൽ സ്വാഭാവികമായിരുന്നു ;വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി അവരാകട്ടെ വിശ്വാസത്തെ കേവലസ്വകാര്യതയായി കൊണ്ട്നടക്കുന്നവരാണ് ;അവർ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല!രസകരമായവിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികൾ നാഷണൽ ചർച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ് .പള്ളിയോടുള്ള ഈ ബന്ധം ഇന്ഷുറന്സ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കർമാൻ ഇതിനെ ക്കുറിച്ച് പറയുന്നത്; പള്ളിയിലെ അംഗത്വത്തിനു 'ദൈവിക'കാരണങ്ങൾ ഒന്നും തന്നെ അവർക്കില്ല!

സ്കാൻഡിനേവിയ മതേതരമായിരിക്കുന്നതിലേക്കുള്ള മൂന്നു വഴികളെക്കുറിച്ച് ഫിൽ പറയുന്നു ,ഒന്ന്,മതത്തോടുള്ള വിമുഖതയും (reluctance) മിതഭാഷിത്വവും(reticence),രണ്ട് ,ആരോഗ്യകരമായ നിഷ്പക്ഷത(benign indifference),മൂന്ന് ,പൂർണ്ണമായ വിസ്മരണത്വം (utter obliviousness);താൻ കണ്ടുമുട്ടിയ ആളുകൾ ഈ മൂന്നുവിഭാഗങ്ങളിൽ പെട്ടവരാണ് .ആദ്യകൂട്ടർ മതത്തെക്കുറിച്ച് സംസാരിക്കാൻ അത്രത്തോളം തയ്യാറാവാറില്ല;സംസാരിച്ചാൽ തന്നെ അത് നീണ്ടുപോകാറുമില്ല! ബഹുഭൂരിപക്ഷം വരുന്ന രണ്ടാമത്തെ നിഷ്പക്ഷഗ്രൂപ്പുകളാകട്ടെ ,വ്യക്തിപരമായി മതാത്മകതയില്ലാത്തവരെങ്കിലും മതപുസ്തകങ്ങളിലെ കഥകളെക്കുറിച്ചൊക്കെ പോസിറ്റീവായി പറയുന്നതിൽ അത്രബുദ്ധിമുട്ടുകളില്ലാത്തവരാണ് ;മൂന്നാമത്തെ ചെറിയ ഗ്രൂപ്പാകട്ടെ ,ഇത്തരം കാര്യങ്ങൾ കേൾക്കാനും പറയാനും യാതൊരു താൽപര്യവും കാണിക്കാത്തവരും തങ്ങൾ അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നവരുമാണ് .

ആളുകൾ മതങ്ങൾക്കായി ഹാർഡ്‌വെയർ ചെയ്യപ്പെട്ടവരാണ് എന്ന അമേരിക്കൻ അക്കാഡമിക് നിരീക്ഷണങ്ങളെ നിരൂപാധികം നിഷേധിക്കുന്ന നിഗമനങ്ങളിലേക്കാണ് ഇത്തരം സംഭാഷണങ്ങൾ സുക്കർമാനെ കൊണ്ടെത്തിച്ചത് ;ജീവശാസ്ത്രപരമായ സ്വാഭാവികതയല്ല ,മറിച്ച് സാംസ്കാരികം ,സാമൂഹികം മനഃശാസ്ത്രപരം സാമ്പത്തികം താത്വികം രാഷ്ട്രീയം തുടങ്ങി പലതുമാവാം മതവിശ്വാസങ്ങളുടെ കാരണം എന്ന് അദ്ദേഹം അടിവരയിട്ട്‌ കുറിക്കുന്നു !

'ദൈവരഹിതസമൂഹം' എന്ന പുസ്തകം ഒരു എഴുത്തുകാരന്റെ ഭാവനയല്ല;ഒരു ഗവേഷകന്റെ സിദ്ധാന്തങ്ങളല്ല;ഒരു യുക്തിവാദിയുടെ സ്വപ്നങ്ങളുമല്ല; കണ്ണുകൾകൊണ്ട് ,ഹൃദയംകൊണ്ട് ഒരാൾ തൊട്ടറിഞ്ഞതിന്റെ പ്രതിബിംബമാണ് അതിലെ വാക്കുകൾ ;ഭൗതികയാഥാർത്ഥ്യങ്ങളാണ് അതിലെ ചിത്രങ്ങൾ !;ആ സമൂഹം നമ്മിൽ അസൂയയുണര്ത്തും;മതവിശ്വാസങ്ങളാകുന്ന പാരമ്പര്യരോഗങ്ങളാൽ ദുർബലമാക്കപ്പെട്ട നമ്മുടെ സ്വന്തം സമൂഹങ്ങളെക്കുറിച്ച് അസ്വസ്ഥമായ ഓർമ്മകൾ ഉണ്ടാക്കും;വെട്ടിനുറുക്കപ്പെട്ട പച്ചമാംസങ്ങൾക്കും കെട്ടിക്കിടക്കുന്ന ചോരക്കളങ്ങൾക്കുമരികിൽ അരയും തലയും മുറുക്കി വിശ്വാസങ്ങൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഇരുകാലികളെ എങ്ങനെ മാറ്റിയെടുക്കും എന്ന വിഷമവൃത്തത്തിലേക്ക് നാം വീണുരുകും!സ്കാൻഡിനേവിയിലേക്കുള്ള നമ്മുടെ ദൂരം അത്രമേൽ അപാരവും സങ്കീർണ്ണവുമാണെന്നാവും നാം തിരിച്ചറിയുക !!