തിരുവനന്തപുരം: സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ കാട്ടി പണം തട്ടിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പൊലീസ് പിടിയിൽ. ആധുനിക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വാട്‌സാപ് അക്കൗണ്ട് തയാറാക്കി പെൺകുട്ടികളുടെ നഗ്‌നഫോട്ടോകൾ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തയാളാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാളെ മലപ്പുറത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സാനിഫിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെൺകുട്ടികളെ വലയിലാക്കിയത്. കമ്പ്യൂട്ടർ വിദഗ്ധനും മൊബൈൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പ്രാവീണ്യമുള്ള ഇയാൾ ഒരു സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനരീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെൺകുട്ടികളാണ് ഇരകളായത്. പ്ലേ സ്റ്റോറിൽ ലഭ്യമായ സോഫ്റ്റ്‌വെയറുകളും ഐപി മേൽവിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇമെയിൽ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്.

ഇയാളുടെ അടുത്ത് പഠിക്കാനെത്തുന്ന സാമ്പത്തികമായി ഉയർന്ന പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ഇതിനിടയിൽ പെൺകുട്ടികൾ പോലും അറിയാതെ സ്വകാര്യരംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഇന്റർനെറ്റ് ഓൺലൈനിൽ സൂക്ഷിച്ചശേഷം പെൺകുട്ടികളുമായി വഴക്കിട്ടു പിരിയുകയുമാണ് പതിവ്. തുടർന്നു പെൺകുട്ടികൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതോടെ ചിത്രങ്ങളുടെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമാണു ചെയ്യുന്നത്.

തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസ് പ്രകാരം പഠനകാലത്തു പ്രതിയുമായി സ്‌നേഹത്തിലായിരുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിദേശത്തായിരുന്ന പ്രതി ഇന്റർനെറ്റിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ മറ്റൊരു വ്യക്തി ഹാക്ക് ചെയ്ത് എടുത്തുവെന്നു പറഞ്ഞു പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. ആ വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നു പെൺകുട്ടിയെ ധരിപ്പിച്ചു.

തുടർന്നു വ്യാജ വാട്‌സാപ് അക്കൗണ്ട് മുഖേന പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടേയും വാട്‌സാപ് നമ്പരിലേക്കു ഭീഷണി സന്ദേശങ്ങളും കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും അയച്ചുകൊടുത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു. രണ്ടുമാസത്തെ ഇന്റർനെറ്റ് ഉപയോഗവിവരങ്ങൾ അപഗ്രഥിച്ചാണ് സൈബർ ക്രൈം പൊലീസ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്നു നാട്ടിലെത്തിയ പ്രതിയെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈഎസ്‌പി എം.ഇക്‌ബാലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.