തിരുവനന്തപുരം: പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എഞ്ചിനീയർ അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ യുവാവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.  മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സാനിഫിനെയാണ് യുവതികൾ നൽകിയ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഉയർന്ന സാമ്പത്തികശേഷിയുള്ള പെൺകുട്ടികളെ വളച്ചെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിലപേശി പണം സ്വന്തമാക്കുന്നത് പതിവാക്കിയ യുവാവാണ് അറസ്റ്റിലായത്.

നിരവധി പെൺകുട്ടികലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവ്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന ഇയാൾ നഗ്‌നചിത്രങ്ങൾ കാട്ടിയാണ് ഇവരിൽ നിന്നും പണവും സ്വർണവും തട്ടിയിരുന്നത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാളെ മലപ്പുറത്തു നിന്നും വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെൺകുട്ടികളെ വലയിലാക്കിയത്. പെൺകുട്ടികളെ ആകർഷിക്കുന്ന വിധത്തിലുള്ള പെരുമാറ്റമുള്ള യുവാവ് കമ്പ്യൂട്ടർ അദ്ധ്യാപകനെന്ന ജോലി കൂടി നോക്കിയിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു ഇയാൾ. ഇയാളുടെ പഞ്ചാരവാക്കുകളിലും മറ്റും വീണവരാണ് വെട്ടിലായത്.

പ്ലേ സ്റ്റോറിൽ ലഭ്യമായ സോഫ്‌റ്റ്‌വെയറുകളും ഐപി മേൽവിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇമെയിൽ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്. ഇയാളുടെ അടുത്ത് പഠിക്കാനെത്തുന്ന സാമ്പത്തികമായി ഉയർന്ന പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ പ്രണയം നടിച്ച് പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിച്ചായിരുന്നു പീഡനമെന്നാണ് അറിയുന്നത്. ഇതിനിടയിൽ പെൺകുട്ടികൾ പോലും അറിയാതെ സ്വകാര്യരംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഇന്റർനെറ്റ് ഓൺലൈനിൽ സൂക്ഷിച്ചശേഷം പെൺകുട്ടികളുമായി വഴക്കിട്ടു പിരിയുകയുമാണ് പതിവ്. പിന്നീട് പെൺകുട്ടികൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ നഗ്‌നചിത്രങ്ങളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങും.

തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസ് പ്രകാരം പഠനകാലത്തു പ്രതിയുമായി സ്‌നേഹത്തിലായിരുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിദേശത്തായിരുന്ന പ്രതി ഇന്റർനെറ്റിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ മറ്റൊരു വ്യക്തി ഹാക്ക് ചെയ്ത് എടുത്തുവെന്നു പറഞ്ഞു പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. ആ വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നു പെൺകുട്ടിയെ ധരിപ്പിച്ചു. തുടർന്ന് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിലൂടെ പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടേയും വാട്‌സ് ആപ്പ് നമ്പരിലേക്കു ഭീഷണി സന്ദേശങ്ങളും കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും അയച്ചുകൊടുത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണതട്ടിപ്പിനായി ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പൊക്കിയത്.

രണ്ട് മാസത്തെ ഇയാളുടെ ഇന്റർനെറ്റ് ലോകത്തെ ഇടപെടൽ വിവരങ്ങൽ വിശദമായി പരിശോധിച്ച ശേഷമാണ് സൈബർ ക്രൈം പൊലീസ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്നു നാട്ടിലെത്തിയ പ്രതിയെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈഎസ്‌പി എം.ഇക്‌ബാലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.