കൊച്ചി: 150 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകനിലെ ഗാനങ്ങൾ ഓസ്‌കാർ പരിഗണനാ ലിസ്റ്റിൽ ഇടം നേടി വീണ്ടും ഗർജ്ജനം മുഴക്കിയപ്പോൾ ശ്രദ്ധകേന്ദ്രമാകുന്നതുകൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിവുഡ്.

ഇൻഡിവുഡിന്റെ സുപ്രധാന വിഭാഗങ്ങളിൽ ഒന്നായായ ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് മോഹൻലാൽ നായകനായ പുലിമുരുകനെ ഓസ്‌കറിൽ എത്തിക്കുന്നതിന് അണിയറയിൽ പ്രവർത്തിച്ചത്. സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് സ്ഥാപനം. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായ പുലിമുരുകന്റെ ഓസ്‌കാർ പ്രവേശനത്തിൽ നിർണായക പങ്ക് വഹിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. മലയാള സിനിമയുടെ വിപണി അന്തർദേശീയതലത്തിൽ തന്നെ ഉയർത്തിയ ചിത്രമാണ് പുലിമുരുകൻ.മികച്ച സിനിമകൾ അന്താരാഷ്ട്രതലത്തിൽ മാർക്കറ്റ് ചെയ്യാൻ ഇൻഡിവുഡ് ഒരുക്കമാണ് സോഹൻ റോയ് അഭിപ്രായപ്പെട്ടു.

പുലിമുരുകനിലെ ടൈറ്റില് ഗാനമായ 'മാനത്തെ മാരിക്കുറുമ്പേ' എന്ന ഗാനവും 'കാടണിയും കാല്ച്ചിലേമ്പേ' എന്നീ ഗാനങ്ങള്ക്കും പശ്ചാത്തല സംഗീതത്തിനുമാണ് ഓസ്‌കാർ പരിഗണന ലിസ്റ്റിൽ ഇടം ലഭിച്ചത്. ഗാനത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നിര്വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്.

'കാടണിയുംകാല്ചിലമ്പേ കാനന മൈനേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും കെ എസ് ചിത്രയുമാണ്.70 ഒർജിനൽ ഗാനങ്ങളില് നിന്നാണ് ടോമിച്ചൻ മുളകുപാടം നിർമ്മിച്ച പുലിമുരുകനിലെ രണ്ടുഗാനങ്ങള് പരിഗണിക്കപ്പെട്ടത്.