തിരുവനന്തപുരം: മണത്തക്കാളി ചെടിയിൽ നിന്ന് വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ് ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു.

കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശവളർച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് ഇന്ത്യ ഗവൺമെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ആർജിസിബിയിലെ ശാസ്ത്രജ്ഞർ പറയുന്നു.

അപൂർവ രോഗങ്ങൾക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓർഫൻ ഡ്രഗ് പദവി.

ആർജിസിബിയിലെ സീനിയർ സയന്റിസ്റ്റ് ഡോ.റൂബി ജോൺ ആന്റോയും വിദ്യാർത്ഥിനിയായ ഡോ.ലക്ഷ്മി ആർ നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കൻ മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ (ഒഎംആർഎഫ്) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. ഡോ.റൂബിയും ഡോ.ലക്ഷ്മിയും ചേർന്ന് മണത്തക്കാളി ചെടിയുടെ ഇലകളിൽ നിന്ന് ഉട്രോസൈഡ്-ബി എന്ന തന്മാത്ര വേർതിരിച്ചെടുക്കുകയായിരുന്നു.

അർബുദം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ ചികിത്സയിൽ ഈ ഗവേഷണം വഴിത്തിരിവാണെന്ന് തെളിയിക്കുമെന്ന് ആർജിസിബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. ചരിത്രനേട്ടത്തിനുള്ള ആദ്യ പ്രതിഫലം ക്യുബയോമെഡിൽ നിന്ന് ഇതിനകം ലഭിച്ചു. ഇപ്പോഴത്തെ ജീവിതശൈലി കാരണം കരളിന് അർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ ആർജിസിബിയുടെ പുതിയ കണ്ടെത്തലിന് പ്രാധാന്യമേറെയാണ്. കരൾ രോഗവുമായി ബന്ധപ്പെട്ട് പ്രതിവർഷം 9 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 8 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മണത്തക്കാളി ഇലകളിൽ നിന്ന് സംയുക്തം വേർതിരിച്ചെടുക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സിഎസ്‌ഐആർ-എൻഐഎസ്ടിയിലെ ഡോ.എൽ.രവിശങ്കറുമായി സഹകരിച്ച് ഡോ റൂബിയും സംഘവും സംയുക്തത്തിന്റെ പ്രവർത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പ് രോഗം, നോൺ-ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരൾ അർബുദം എന്നിവയ്‌ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരുന്നു. കരൾ അർബുദ ചികിത്സയ്ക്ക് എഫ് ഡിഎ അംഗീകാരമുള്ള ഒരു മരുന്ന് മാത്രമേ നിലവിലുള്ളൂവെന്ന് ഡോ.റൂബി പറഞ്ഞു.

ഡോ.റൂബിയുടെ ടീം വികസിപ്പിച്ച സംയുക്തം നിലവിൽ ലഭ്യമായ മരുന്നിനേക്കാൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കരളിലെ കൊഴുപ്പ് രോഗം ചികിത്സിക്കുന്നതിന് ഈ സംയുക്തം ഫലപ്രദമാണെന്ന് ടോക്‌സിസിറ്റി പരിശോധനയിൽ തെളിഞ്ഞു. അമേരിക്ക, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് അനുവദിച്ചിട്ടുണ്ട്.

മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിൻ ഫോസ്‌ഫേറ്റ് ഉട്രോസൈഡ്-ബിയുമായി സംയോജിപ്പിച്ച് ഉപയോഗിച്ചാൽ കരൾ അർബുദത്തിനെതിരെ യുടിടി-ബിയുടെ ചികിത്സാ ഫലപ്രാപ്തി വളരെയധികം മെച്ചപ്പെടുത്താൻ കഴിയുമെന്നും ഡോ.റൂബിയുടെ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. നേച്ചർ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ 'സയന്റിഫിക് റിപ്പോർട്ട്‌സി'ലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്