തിരുവനന്തപുരം: സോളാർ കേസിൽ ഇനി പൊലീസ് തുടരന്വേഷണം നടത്തില്ല. മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആറ് മാസമായിട്ടും ഒരു കേസുപോലും രജിസ്റ്റർ ചെയ്യാനായിട്ടില്ല. കേസ് ചെയ്താൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. അന്വേഷണ സംഘത്തലവനായ ഡി.ജി.പി രാജേഷ് ദിവാൻ വിരമിച്ചതോടെ സോളാറിലെ അന്വേഷണവും അവസാനിക്കും.

തെളിവില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ദിവാൻ. ദിവാന്റെ സംഘത്തിലുണ്ടായിരുന്ന ഐ.ജി ദിനേന്ദ്ര കശ്യപിന് അന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുണ്ടെങ്കിലും കേസ് എടുക്കില്ല. ജുഡിഷ്യൽ കമ്മിഷൻ അധികാര പരിധി വിട്ടതിനെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി വരാനുള്ള സാധ്യത ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് അന്വേഷണം മരവിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് സോളാർ കേസായിരുന്നു. ജ്യൂഡീഷ്യൽ അന്വേഷണ കമ്മീഷനും ഉമ്മൻ ചാണ്ടിക്കെതിരെ കണ്ടെത്തലുകളുമായെത്തി. എന്നാൽ ഇതിൽ കൂടുതലൊന്നും ചെയ്യാനാകില്ലെന്നാണ് പൊലീസ് നിലപാട്.

സരിതാ നായരുടെ കത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്ന ജുഡിഷ്യൽ കമ്മിഷൻ ശുപാർശ പ്രകാരമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മാനഭംഗത്തിന് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും ലൈംഗികസംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതിനിരോധന നിയമം അനുസരിച്ചും കേസെടുക്കാനും കമ്മീഷൻ ശുപാർശ ചെയ്തു. അന്വേഷണസംഘം സരിതയുടെ മൊഴിയെടുത്തെങ്കിലും തുടർനടപടികളുണ്ടായില്ല. സരിതയുടെ കത്തിന്റെ ആധികാരികത സംശയത്തിലാണെന്നാണ് അന്വേഷണ സംഘം നിലപാടെടുത്തത്. കത്തിനെ കുറിച്ചുള്ള ദുരൂഹത മാറ്റാൻ ഒരു പദ്ധതിയും സർക്കാരിന് മുമ്പിൽ ഇല്ല.

ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ട് അഞ്ചരമാസം കഴിഞ്ഞു. സോളാറിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാതെയാണ് ദിവാൻ പടിയിറങ്ങിയത്. ഒക്ടോബർ 11-നുചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്. രാജേഷ് ദിവാന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായി പൊലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിനെയും നിയോഗിച്ചു. കത്ത് നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് അന്വേഷണസംഘത്തിന് ലഭിക്കുന്നത്.

സരിതയുടെ പരാതിയിൽ പേരുള്ളവർക്കെതിരേയെല്ലാം കേസെടുക്കാനായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം. അതിനിടെ, തുടരന്വേഷണം സംബന്ധിച്ച് സർക്കാർ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്തിൽനിന്ന് നിയമോപദേശവും തേടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രമേ തുടരന്വേഷണം പാടുള്ളൂ എന്നാണ് ജസ്റ്റിസ് പസായത്ത് നിയമോപദേശം നൽകിയത്. സോളർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള രാഷ്ട്രീയക്കാർക്കും ഐപിഎസ് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി, ബലാൽസംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

മുൻപ് ഇതേ ആരോപണം ഉന്നയിച്ചു സരിത പൊലീസിനു നേരിട്ടു പരാതി നൽകിയിരുന്നു. എന്നാൽ ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും പലകുറി ആവശ്യപ്പെട്ടിട്ടും സരിത മൊഴി നൽകാൻ ഹാജരായില്ല. പലവട്ടം ആരോപണങ്ങൾ പരസ്യമായി മാറ്റിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കമ്മിഷൻ പറയുന്ന ഏതെങ്കിലും കത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിവാൻ. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന സരിതാ നായർ എഴുതിയതായി പറയുന്ന ഒരു കത്ത് സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിരുന്നു.