- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദീപ് കുമാർ ജയിലിൽ വന്നത് യുഡിഎഫ് നേതാക്കളുടെ പേരിൽ പരാതി വരരുതെന്ന് പറയാൻ; അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല; സജി ചെറിയാനെ ചെറുപ്പം മുതലേ അറിയാം; കോളേജിലെ സീനിയർ; ശരണ്യാ മനോജുമായുള്ള ബന്ധം പറയണമെങ്കിൽ പുസ്തകം തന്നെ എഴുതേണ്ടി വരും; എല്ലാം നിഷേധിച്ച് സോളാറിലെ പീഡന പരാതിക്കാരി; ഗണേശ് വിവാദം കത്തുമ്പോൾ
കൊല്ലം: സോളാർ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.ബാലകൃഷ്ണപിള്ളയുടെ ബന്ധുവും കേരള കോൺരഗസ് (ബി) മുൻ നേതാവുമായ ശരണ്യ മനോജ് എത്തുമ്പോൾ ചർച്ച കൊഴുക്കുകയാണ്. സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേശ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് പലതും പറയിച്ചു. പല തവണ കത്ത് തിരുത്തി എഴുതിച്ചതിന് പിന്നിൽ ഗണേശ് കുമാർ ആണ്. പല തവണ മൊഴി തിരുത്തിപ്പറയിപ്പിച്ചത് ഗണേശ്‌കുമാറും പ്രദീപ് കോട്ടാത്തലയും ചേർന്നാണ്. തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേശ് ശ്രമിച്ചത്. പ്രദീപ് വെറും ആജ്ഞാനുവർത്തിയാണ്. ഗണേശ് അറിയാതെ ഒന്നും ചെയ്യില്ലെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പരാതിക്കാരി നിഷേധിക്കുകയാണ്.
യു.ഡി.എഫ് നേതാക്കൾക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത് 2013 ജൂലായ് 20ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചാണ്. എന്നാൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ പരാതി വരരുതെന്ന് പറഞ്ഞ് പ്രദീപ് കുമാർ ജയിലിൽ വന്നത്. അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല. യു.ഡി.എഫ് നേതാക്കൾക്കെതിരെ പറയരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടത്-പീഡന പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജിനെ അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധം പറയണമെങ്കിൽ അതിനു ഒരു പുസ്തകം തന്നെ എഴുതണം. പറഞ്ഞതൊക്കെ സത്യമാണോയെന്ന് മനോജ് സ്വന്തം മനഃസാക്ഷിയോട് തന്നെ ചോദിക്കട്ടെ. സജി ചെറിയാൻ തന്റെ നാട്ടുകാരനാണ്. ചെറുപ്പത്തിലെ മുതൽ അറിയാം. കോളജിൽ തന്റെ സീനിയർ ആയിരുന്നു. അല്ലാതെ രാഷ്ട്രീയമായി ഒരു ബന്ധവുമില്ല. താൻ വാടകയ്ക്ക് താമസിച്ച വീട് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ആയിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ല. വാടകയ്ക്ക് വീട് എടുത്തുതന്ന ആളെ മാത്രമേ അറിയൂ. നെടുമങ്ങാട് ഉള്ള ഒരാളാണ് ഉടമയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പേരിലാണ് വൈദ്യൂതി ബിൽ അടച്ചിരുന്നതെന്നും പീഡന പരാതിക്കാരി വെളിപ്പെടുത്തി.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മനോജിന്റെ വിവാദ വെളിപ്പെടുത്തൽ. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മനോജ് നടത്തിയത്. പരാതിക്കാരിക്ക് വീട് വാടകയ്ക്ക് എടുത്തു നൽകിയത് താനാണ്. രക്ഷിക്കണമെന്ന് ഗണേശ് പറഞ്ഞതുകൊണ്ടാണ് താൻ അന്ന് ഒന്നും പുറത്തുപറയാതിരുന്നത്. സോളാർ കേസിലെ ഇരയ്ക്ക് നീതി കിട്ടണം. അവർ ഒട്ടേറെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും മനോജ് പറഞ്ഞിരുന്നു. ഇത് സരിത നിഷേധിക്കുമ്പോഴും മൊഴി മാറ്റാൻ ഗണേശ് ശ്രമിച്ചുവെന്നത് കുരുക്കായി മാറും. ഇക്കാര്യത്തിൽ വേണമെങ്കിൽ കേസും എടുക്കും. നടി ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസ് ചർച്ചയാകുമ്പോഴാണ് സോളാറിലെ വിവാദവും കത്തി പടരുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി വിപൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പ്രദീപ് ജയിലിലാണ്. ഇത് പ്രദീപ് മൊഴി മാറ്റാൻ തന്നെ ജയിലിൽ വന്നു കണ്ടുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് ഏറെ നിർണ്ണായകമാണ്. ഇതിനെതിരെ വേണമെങ്കിൽ പൊലീസിന് കേസ് ചാർജ്ജ് ചെയ്യാവുന്നതാണ്. എന്നാൽ ഇടത് എംഎൽഎയായ ഗണേശിനെ കുടുക്കാൻ സർക്കാർ ശ്രമിക്കില്ല. ഏതായാലും സോളാറിൽ ഗണേശിനെ കടന്നാക്രമിക്കാനാണ് കോൺഗ്രസ് എ വിഭാഗത്തിന്റേയും ശ്രമം. നേരത്തെ കാർപാലസ് ഉടമയുടെ വീട്ടിലാണ് പീഡന ഇര വാടകയ്ക്ക് താമസിച്ചതെന്ന റിപ്പോർട്ട് മനോരമ ചർച്ചയാക്കിയിരുന്നു. ഗണേശിന്റേയും അടുത്ത സുഹൃത്താണ് കാർ പാലസ് ഉടമയായ അബ്ദുൾ ലത്തീഫ്.
പരാതിക്കാരിയുടെ കത്ത് തിരുത്തി ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തത് ഗണേശ് പറഞ്ഞിട്ടാണെന്നായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ഗണേശിന്റെ വൈരാഗ്യമാണ് ഇതിനു പിന്നിൽ. ഗണേശിനെ ഏറ്റവും കൂടുതൽ സംരക്ഷിച്ചത് ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അവസാന നിമിഷം രാജിവച്ചതോടെയാണ് ഉമ്മൻ ചാണ്ടിയോട് വൈരാഗ്യമുണ്ടായത്. കല്ലേറ് കിട്ടിയിട്ടു പോലും ഉമ്മൻ ചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട രഹസ്യം പുറത്തുവിട്ടില്ല. യു.ഡി.എഫ് നേതാക്കളുടെ പേര് കത്തിൽ ഉൾപ്പെടുത്തിയതിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും പങ്കുണ്ടെന്നും ശരണ്യ മനോജ് പറഞ്ഞു. പരാതിക്കാരിയെ സജി ചെറിയാൻ മാവേലിക്കര കോടതിയിൽ വന്ന് കണ്ടിട്ടുണ്ട്. സജി ചെറിയാൻ ആവശ്യപ്പെട്ടിട്ട് ചെങ്ങന്നൂരിൽ പോയിരുന്നു. അവർ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ശരണ്യ മനോജ് പറയുന്നു.
മാവേലിക്കര കോടതിയിൽ പരാതിക്കാരിയെയെ ഹാജരാക്കിയപ്പോൾ ചെങ്ങന്നൂർ എംഎൽഎസജി ചെറിയാൻ അവരെ വന്ന് കണ്ടിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു സജി ചെറിയാനെന്നും ശരണ്യ മനോജ് പറഞ്ഞു. അതേസമയം, ശരണ്യ മനോജ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ശിവരാജൻ കമ്മീഷനു മുന്നിൽ പറഞ്ഞിരുന്നെങ്കിൽ റിപ്പോർട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പുറത്തുവന്നത് ഒരു ഭാഗം മാത്രമാണ്. ഇനിയും പുറത്തുവരാനുണ്ട്. ഏഴ് വർഷത്തിനു ശേഷം സത്യം പുറത്തുവരുന്നതിൽ സന്തോഷമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് ഈ ചർച്ചകൾ. ഗണേശ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്. പിള്ളയുടെ സഹോദരീ പുത്രനാണ് ശരണ്യാ മനോജ്. ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മനോജ്. ബാർ കോഴയിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ കേസെടുക്കാൻ തീരുമാനമുണ്ട്. സമാനമായി ശരണ്യാ മനോജിന്റെ പരാതിയിൽ കേസ് വരുമോ എന്നതാണ് ഇനി നിർണ്ണായകം.
സോളാറിൽ അബ്ദുൾ ലത്തീഫിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് ഇഡിക്ക് കിട്ടിയത്. ഈ പരാതിക്കാരിയുടെ മൊഴി വീണ്ടും പുറത്തു വരാനിരിക്കെയാണ് അണിയറക്കഥകൾ വെളിപ്പെട്ടത്. ഇഡിയുടെ അന്വേഷണങ്ങളിൽ ഇക്കാര്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിർണ്ണായക വിവരം കിട്ടിയതെന്നാണ് സൂചന. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്ന് മനോരമ വാർത്ത പറയുന്നു.
കാർ പാലസ് ഉടമ ലത്തീഫും പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ലത്തീഫിന്റെ പല സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്തതും ഗണേശായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത പേരും ഗണേശിന്റേതായിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴാണ് സോളാർ ഇരയുടെ അഞ്ചു കൊല്ലം മുമ്പത്തെ താമസ സ്ഥലത്തിൽ മനോരമ വാർത്ത പുറത്തു വിടുന്നത്. ഇതിൽ ഗണേശിനെ കുറിച്ചൊന്നും പറയുന്നതുമില്ല. എന്നാൽ ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും എന്ന് വ്യക്തമാക്കുന്നുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ