തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ എസ് നായർക്കെതിരെ വീണ്ടും കേസ്. ബവ്‌റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയ കേസാണ് വീണ്ടും സോളാർ കേസിലെ പ്രതിക്ക് കുടുക്കാകുന്നത്. സരിത എസ്.നായർക്കെതിരെ ജാമ്യമില്ലാ കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ് എടുത്തത്. പിണറായി സർക്കാരിന് ഭാവിയിൽ വെല്ലുവിളിയാകാവുന്ന ആരോപണമാണ് ഇതും.

കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർത്ഥി ടി. രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി 2 പേരാണു നെയ്യാറ്റിൻകര പൊലീസിനു പരാതി നൽകിയത്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം. ഇടതു സർക്കാരിന്റെ കാലത്താണ് ഈ തട്ടിപ്പെന്നതാണ് നിർണ്ണായകം. സോളാറിന് സമാനമായ ഇടപെടലുകൾ പിണറായി സർക്കാരിന്റെ കാലത്തും സരിത നടത്തിയെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്. സ്വർണ്ണ കടത്ത് കേസ് ചർച്ചയാകുമ്പോൾ തന്നെയാണ് സരിതയ്‌ക്കെതിരായ പരാതിയും എത്തുന്നത്.

രതീഷും ഷാജുവും ചേർന്നാണു പണപ്പിരിവു നടത്തിയത്. 2018 ഡിസംബറിൽ ഇവർ പണപ്പിരിവു നടത്തിയെങ്കിലും ജോലി നൽകാനായില്ല. തുക തിരികെ ലഭിക്കാൻ പ്രതികൾക്കുമേൽ സമ്മർദം ചെലുത്തിയപ്പോഴാണു സരിത വിളിക്കുന്നതെന്നു പരാതിക്കാർ ഇന്നലെ പൊലീസിനു മൊഴി നൽകി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തിയാണു സരിത സംസാരിച്ചത്. പിന്നീട് ഇവർ തന്റെ യഥാർഥ വിലാസം വെളിപ്പെടുത്തി. ബവ്‌റിജസ് കോർപറേഷനിൽ ജോലിക്കു 10 ലക്ഷം കൊടുത്തെന്നു പറഞ്ഞപ്പോൾ ഒരു ലക്ഷം രൂപ വേണമെന്നു സരിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ഇതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണെന്നതും കേസിന് പുതിയ മാനം നൽകുന്നു. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരൻ. ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതി. ഇതിൽ രണ്ടാം പ്രതിയായിട്ടാണ് സരിതയുടെ പേർ ചേർത്തിരിക്കുന്നത്. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്കോയിൽ ജോലി നൽകാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നൽകിയത്.

പണം നൽകിയതിനുശേഷം വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.ക്ക് പരാതി നൽകിയത്. അരുണിൽ നിന്നും പണം വാങ്ങിയത് ഒന്നാം പ്രതിയായ രതീഷാണ്. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയത്. സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. തിരുനെൽവേലിയിലെ അക്കൗണ്ട് നമ്പർ പരിശോധിച്ചതിൽ സരിതയുടേതാണെന്ന് ഉറപ്പായതായി സിഐ. ശ്രീകുമാരൻനായർ വ്യക്തമാക്കി. എന്നാൽ, ശബ്ദരേഖയിലുള്ള ശബ്ദം സരിതാ എസ്. നായരുടെതാണോയെന്ന് പരിശോധിക്കും. ഇതും ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാനാണ് പൊലീസ് നീക്കം.