- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവസമയത്തെ വസ്ത്രങ്ങൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയില്ല; അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണം മുമ്പോട്ട് പോകാത്തിന് കാരണം തെളിവ് നൽകാത്തത്; ഹൈബിയുടെ 'സാരി' ഫോറൻസിക് പരിശോധനയിൽ; കെസിക്കും എപിക്കും എതിരെയും ഒന്നും കിട്ടിയില്ല; അന്വേഷണം തുടരും; സോളാർ പീഡനത്തിൽ ക്ലീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം
തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ള നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകാതെ ക്രൈം ബ്രാഞ്ച്. ഇരയുടെ നിലപാടുകളിൽ പരോക്ഷ സംശയം ഉയർത്തുന്നതാണ് റിപ്പോർട്ട്. കെ.സി വേണുഗോപാൽ, അടൂർപ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ, എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള അന്വേഷണം തുടരു. പരാതിക്കാരി തെളിവുകൾ നൽകുന്നില്ലെന്നും ക്രൈം ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാർ കമ്പനിയിലെ ജീവനക്കാരനുമായ മോഹൻദാസ് പരാതിയിൽ പറയുന്ന കാര്യങ്ങൾ നിഷേധിച്ചു. സാക്ഷികളിൽ ചിലർ മരിച്ചു. നേതാക്കൾക്കെതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടെങ്കിലും ആവർത്തിച്ച് നോട്ടീസ് നൽകിയെങ്കിലും അത് ഹാജരാക്കിയില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവം നടന്നുവെന്ന പറയുന്ന സമയത്തെ അടൂർ പ്രകാശിന്റെ ടൂർ രേഖകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും അന്വേഷണം നടന്നുവരികയാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഹോട്ടൽ രേഖകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണ്. ഹോട്ടൽജീവനക്കാരെ ചോദ്യം ചെയ്യുകയും ഹോട്ടൽ രജിസ്റ്റർ പരിശോധിക്കുകയും ചെയ്തു. സംഭവസമയത്തെ വസ്ത്രങ്ങൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയില്ല.
ഹൈബി ഈഡനെതിരായ കേസിലെ അന്വേഷണം കുറച്ചുകൂടി മുന്നോട്ടുപോയതായാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംഭവസമയത്ത് ധരിച്ചിരുന്ന സാരി പരാതിക്കാരി ഹാജരാക്കുകയും അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും ക്രൈം ബ്രാഞ്ച് പറയുന്നു. സംഭവം നടന്ന സമയത്ത് എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു.
കെസി വേണുഗോപാലിനെതിരേയും എപി അനിൽ കുമാറിനെതിരെയുള്ള കേസിലും പീഡനം നടന്നതിനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയിട്ടില്ല. ഏഴ് വർഷം കഴിഞ്ഞതിനാൽ മൊബൈൽ ഫോൺ രേഖകളും കിട്ടിയിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
സാങ്കേതിക തെളിവുകളും അഭാവം, കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചതിനു ശേഷമാവും കേസ് ഏറ്റെടുക്കണോ എന്ന് സിബിഐ തീരുമാനിക്കുക.
മറുനാടന് മലയാളി ബ്യൂറോ