തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമർപ്പിച്ചു. കടലാസ് മേശപ്പുറത്ത് വയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എംഎൽഎയായി കെഎൻഎ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം നടന്നത്. അതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി റിപ്പോർട്ട് വച്ചത്. ഇതിനിടെയിൽ പ്രതിപക്ഷം ബഹളം തുടങ്ങി.

അതിനിടെ സോളാർ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണച്ചുമതല . പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ക്രിമിനലും വിജിലൻസും ആയ കേസുകൾ പ്രത്യേക സംഘത്തെ വെച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയരായ ആരുടെയും പേരുകൾ പറയുന്നില്ല. ഇതുൾപ്പെടെയുള്ള നടപടികളുമായാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചത്. റിപ്പോർട്ട് സമർപ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർ അഞ്ചുദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂർത്തിയാക്കിയത്.

പ്രതിപക്ഷം ബഹളം വച്ചതോടെ റൂളിംഗുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എത്തി. പ്രതിപക്ഷ നേതാവിന്റെയും മറ്റും നിർദ്ദേശം കൂടി പാലിച്ചാണ് പ്രത്യേക ഉദ്ദേശത്തോടെ ഈ സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അതു നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിട്ടരുന്നു. ഇത് സ്പീക്കർ അംഗീകരിച്ചില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പ്രതിപക്ഷം ക്രമപ്രശ്‌നം ഉയർത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് അവതരിപ്പിച്ചത്.

മന്ത്രിസഭയിൽ വന്നതോടെ ഇത് പൊതു സ്വത്തായി. അതുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന് ശേഷം നടപടികൾ വിശദീകരിച്ചത്. എന്നാൽ റിപ്പോർട്ടിലെ വിവരമൊന്നും പുറത്തുവന്നില്ല. ഇതിൽ മറ്റൊന്നുമില്ലെന്ന് പിണറായി വിശദീകരിച്ചു.