തിരുവനന്തപുരം: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ സാക്ഷി വിസ്താരത്തിന് വിധേയനാക്കും. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ജനവരി 25ന് തിരുവനന്തപുരത്തുവച്ചായിരിക്കും വിസ്താരം. ഇതു സംബന്ധിച്ച് കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് സെക്ഷൻ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെല്ലാം മറുപടി പറയാൻ ഇതുവഴി മുഖ്യമന്ത്രിക്ക് അവസരം ലഭിക്കും. കമ്മീഷന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് അന്തിമ തെളിവെടുപ്പിലേക്ക് കാര്യങ്ങൾ എത്തുന്നത്.

മുഖ്യമന്ത്രിയെ വിസ്തരിക്കുന്ന കാര്യം കൊച്ചിയിലെ സിറ്റിങിനിടെ സോളാർ കമ്മിഷൻ ജഡ്ജി എസ്. ശിവരാജനാണ് വ്യക്തമാക്കിയത്. ഹാജരാകാൻ തയാറാണെന്നു മുഖ്യമന്ത്രി സോളാർ കമ്മിഷനെ അറിയിച്ചു. കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിശദീകരണം നേരത്തെ കമ്മിഷൻ തേടിയിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രിയോടു ഹാജരാകാൻ താത്പര്യമുണ്ടോയെന്നു കമ്മിഷൻ ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ ഹാജരാകാനുള്ള സമ്മതം മുഖ്യമന്ത്രിയുടെ ഓഫിസ് കമ്മിഷനെ അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി കമ്മിഷൻ പരിശോധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

സോളാർ കേസിൽ വിസ്തരിക്കേണ്ടവരുടെ സാക്ഷിപ്പട്ടിക ജുഡിഷ്യൽ കമ്മിഷൻ നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ മുഖ്യമന്ത്രിയേയും ഉൾപ്പെടുത്തിയിരുന്നു. സോളാർ കേസിലെ മുഖ്യപ്രതികളായ സരിതാ എസ്.നായർ, ബിജു രാധാകൃഷ്ണൻ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട എംഎ‍ൽഎമാർ, എംപിമാർ എന്നിവരിൽ നിന്നും കമ്മിഷൻ നേരത്തെ തെളിവെടുത്തു. സോളാർ കേസിലെ പ്രതികൾ പലതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളാവും മുഖ്യമന്ത്രിയിൽ നിന്ന് കമ്മിഷൻ തേടുക.

അതിനിടെ കേസിൽ തെളിവുകൾ നൽകാതിരിക്കാൻ ഗൂഡ ശ്രമം നടക്കുന്നുവെന്ന സൂചനയും കമ്മീഷൻ പങ്കുവച്ചു. സോളാർ കേസിൽ കമ്മീഷന് മുമ്പാകെ ചൊവ്വാഴ്‌ച്ച ഹാജരാവാൻ സരിത എസ്. നായരോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നു ഹാജരാവില്ലെന്ന് സരിത രാവിലെ വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ച സരിത തന്നെ വിവാദമാക്കിയ കത്ത് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് നിഷ്‌ക്കർഷിച്ചിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നാണ് സരിതയുടെ നിലപാട്. കത്തിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഹാജരാക്കാൻ കഴിയില്ലെന്നും സരിത പറയുന്നു. ആലപ്പുഴ രാമങ്കരിയിൽ മറ്റൊരു കേസുള്ളതിനാലാണ് ഹാജരാകാത്തതെന്നാണ് ഇന്ന് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പുതിയ നിരീക്ഷണം. സരിതയെ സത്യം പറയുന്നതിൽ നിന്ന് ആരോ തടയുന്നതായി സംശയമുണ്ട്. ഈ സാഹചര്യത്തിൽ സരിതയെ മൊഴി എടുക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും കമ്മീഷന്റെ ഇന്നത്തെ ഉത്തരവിലുണ്ട്.